|    Jan 20 Fri, 2017 9:45 pm
FLASH NEWS

ഭൂമിക്കു പച്ച ഉടയാട നെയ്ത് എങ്ങും പരിസ്ഥിതി ദിനാചരണം

Published : 6th June 2016 | Posted By: SMR

കോഴിക്കോട്: പരിസ്ഥിതി ദിനത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയും രോഗ പ്രതിരോധത്തിനും ദുരന്തനിവാരണത്തിനും വിപുലമായ കര്‍മപദ്ധതികളിലും മുഴുകി നഗരം. ഇന്നലെ പരിസ്ഥിതി ദിനത്തില്‍ മാലിന്യ നിര്‍മാര്‍ജ്ജനവും ശുചീകരണ പ്രവര്‍ത്തനങ്ങളും കൊണ്ട് മറ്റൊരു കൂട്ടരും സജീവമായി. വിദ്യാര്‍ഥികളും ജീവനക്കാരും റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളും നാടും വീടും നന്നാക്കാന്‍ പുറത്തിറങ്ങി. നഷ്ടമായ പച്ചപ്പ് വീണ്ടെടുക്കാനുള്ള ശ്രമത്തിന് മുന്‍ തൂക്കം നല്‍കിയായിരുന്നു വനം വകുപ്പ്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മൂന്നര ലക്ഷം തൈകള്‍ നടാനുള്ള മഹായജ്ഞത്തിന് തുടക്കമായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യവോട്ട് ചെയ്തവര്‍ക്കുള്ള ഓര്‍മമരം പദ്ധതി കൂടിയായപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഭൂമിയെ നില നിര്‍ത്താനുള്ള ബദ്ധപ്പാടിലായിരുന്നു ജനം. മഴക്കാലത്തെ പ്രളയക്കെടുതികളും രോഗം പകരുന്നത് തടയാനുമുള്ള ശുചീകരണയജ്ഞളും നടന്നു. ഇന്നും തുടരും. കോഴിക്കോട് റീജ്യനല്‍ സയന്‍സ് സെന്ററില്‍ സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് എന്‍വയോണ്‍മെന്റ് കേരള (സ്‌പെക്) യുടെ നേതൃത്വത്തില്‍ വേള്‍ഡ് എന്‍വയോണ്‍മെന്റ് ഡെ ആചരിച്ചു. സിപിഡബ്ല്യുഡി സൂപ്രണ്ടിങ് എന്‍ജിനീയര്‍ രാംനാഥ് റാം ഉദ്ഘാടനം ചെയ്തു. സ്‌പെക് പ്രസിഡന്റ് ഡോ. കെ കെ വിജയന്‍ ചെടികള്‍ വിതരണം ചെയ്തു. പ്രസംഗ മല്‍സരവും നടന്നു. ‘ജീവനുള്ള ഭൂമിക്ക്’ യുവതയുടെ കാവല്‍’ എന്ന മുദ്രാവാക്യവുമായാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പരിസ്ഥിതി ദിനാചരണം.
ജില്ലയില്‍ 50000 വൃക്ഷത്തൈകള്‍ നട്ടു. സാഹിത്യ കലാ സാംസ്‌കാരിക, കായിക രംഗത്തെ പ്രമുഖരായ 150 വ്യക്തികള്‍ സ്വന്തം ഭവനത്തില്‍ തൈകള്‍ നട്ട് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. ജില്ലാ തല ഉദ്ഘാടനം യു എ ഖാദര്‍ നിര്‍വഹിച്ചു. ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കൈതപ്രം, കുട്ടേടത്തി വിലാസിനി, ഇന്ദുമേനോന്‍, വി ടി മുരളി, ടി റസാഖ് തുടങ്ങിയവര്‍ ഇതിന്റെ ഭാഗമായി തൈകള്‍ നട്ടു. ഇതിനു പുറമെ ഡിവൈഎഫ്‌ഐ 10,000 മഴക്കുഴികള്‍ നിര്‍മ്മിക്കും. പരിസ്ഥിതി ദിനത്തില്‍ സിപിഎം ഏരിയ, ലോക്കല്‍ തലങ്ങളില്‍ യുവജനങ്ങള്‍, റെഡ് വളണ്ടിയര്‍മാര്‍, മഹിളകള്‍, തൊഴിലാളികള്‍ എന്നിവരുടെ സഹകരണത്തോടെ പരിസര പ്രദേശങ്ങളില്‍ ശുചീകരണം നടത്തി. ‘പച്ചപ്പുള്ള ഭൂമിക്ക് കാവലാളായ് കുഞ്ഞുകൈകള്‍’ എന്നു മുദ്രാവാക്യമുയര്‍ത്തി ബാലസംഘം പരിസ്ഥിതി ദിനം ആചരിച്ചു. ഫ്രീ ബോര്‍ഡ് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഡെ. മേയര്‍ മീരാദര്‍ശക്, പി വി സച്ചിന്‍, എം കെ ബിബിന്‍രാജ്, വി രവീന്ദ്രന്‍, ഫ്രീ ബേര്‍ഡ് കോര്‍ഡിനേറ്റര്‍ വി അനീഷ്, സരോദ്, പി ശ്രീദേവ് സംസാരിച്ചു. തലക്കുളത്തൂര്‍ സാക്ഷരതാ മിഷന്‍, സിഎംഎംഎച്ച്എസ് സ്‌കൂള്‍ തുല്യതാ പഠന കേന്ദ്രം, എടക്കര തുടര്‍ വിദ്യാകേന്ദ്രം എന്നിവര്‍ സംയുക്തമായി പരിസ്ഥിതിദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി പ്രകാശന്‍ ഉദഘാടനം ചെയ്തു. ഗിരീഷ് ആമ്പ്ര അധ്യക്ഷത വഹച്ചു. പ്രിന്‍സിപ്പല്‍ ഫാത്തിമ ഹന്ന ഹഗര്‍, ബിന്ദുമലയില്‍ വി കെ സുജിത, പി ടി വിമല, യു പ്രദീപ്കുമാര്‍, ടി രജിത, അഭിലാഷ്, ഗിരീഷ്‌കുമാര്‍ സംസാരിച്ചു. ശ്രീവിദ്യാനികേതന്‍ കോളജ് (പാളയം) പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. യൂനിയന്‍ ചെയര്‍മാന്‍ അജ്മല്‍, വൈസ് പ്രിന്‍സിപ്പല്‍ സുനിത, അപര്‍ണ, മോഹന്‍ദാസ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക