|    May 29 Mon, 2017 10:32 pm
FLASH NEWS

ഭൂമിക്കടിയില്‍ അറകളില്‍ സൂക്ഷിച്ച 660 ലിറ്റര്‍ വ്യാജ ചാരായം പിടിച്ചെടുത്തു

Published : 23rd August 2016 | Posted By: SMR

റാന്നി: കണമല ഭാഗത്തെ വനത്തിനുള്ളില്‍ വന്‍ ചാരായ വേട്ട. രഹസ്യവിവരത്തെ തുടര്‍ന്ന് ഭൂമിക്കടിയില്‍ അറകളില്‍ സൂക്ഷിച്ച 660 ലിറ്റര്‍ വ്യാജചാരായം എക്‌സ്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തു.
ഓണസീസണ് മുന്നോടിയായുള്ള പരിശോധനകളുടെ ഭാഗമായി റാന്നി റെയ്ഞ്ചിന്റെ പരിധിയില്‍ വരുന്ന കണമല ഭാഗത്ത് നടത്തിയ റെയ്ഡിലാണ് വ്യാജചാരായം പിടിച്ചെടുത്തത്. മലയിടുക്കുകളിലെ വെള്ളച്ചാട്ടത്തില്‍ നിന്ന് പ്രത്യേക പൈപ്പുകള്‍ വഴി വാറ്റുകളത്തിലേക്ക് വെള്ളം എത്തിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാക്കിയിരുന്നു.
മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ വാഷ് സൂക്ഷിക്കാനായി ഉണ്ടാക്കിയ 2,500 ലിറ്ററിന്റെ രണ്ട് സിന്റെക്‌സ് വാട്ടര്‍ ടാങ്കുകളും കൂടാതെ വാറ്റാനുപയോഗിച്ച അടുപ്പ് സെറ്റുകളും കണ്ടെടുത്തു. കണമല ഭാഗത്ത് വനാന്തരങ്ങളില്‍ വ്യാജവാറ്റ് നടക്കുന്നുണ്ടെന്ന വിവരം മനസ്സിലാക്കി കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഭാഗത്ത് രഹസ്യ നിരീക്ഷണം നടത്തി വരുകയായിരുന്നു.
സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫിസര്‍ ഫിറോസ് ഇസ്മായിലിന്റെ നേതൃത്വത്തിലാണ് വ്യാജചാരായം പിടിച്ചെടുത്തത്.
എക്‌സൈസ് വകുപ്പ് സംയുക്തമായി നടത്തിയ റെയ്ഡില്‍ പത്തനംതിട്ട സ്‌പെഷ്യല്‍ സ്‌ക്വാഡ്, അടൂര്‍ സര്‍ക്കിള്‍, പത്തനംതിട്ട സര്‍ക്കിള്‍, റാന്നി സര്‍ക്കിള്‍, അടൂര്‍, പത്തനംതിട്ട, റാന്നി, ചിറ്റാര്‍, തിരുവല്ല, മല്ലപ്പള്ളി റെയ്ഞ്ചുകളിലെ എക്‌സൈസ് ഉദ്ദ്യോഗസ്ഥരും പങ്കെടുത്തു.  പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, പി കെ മനോഹരന്‍, പത്തനംതിട്ട അസി. എസ്‌സൈസ് കമ്മീഷണര്‍ ജി മുരളീധരന്‍ നായര്‍ റെയ്ഡിന് നേതൃത്വം നല്‍കി.
പ്രതികളെ പറ്റി വ്യക്തമായ സൂചന ലഭിച്ചിട്ടുള്ളതായും ഉടന്‍ അറസ്റ്റ് ഉണ്ടാവുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day