|    Jan 22 Sun, 2017 5:11 am
FLASH NEWS

ഭൂതാവിഷ്ടരായവരുടെ ഛായാചിത്രം പൂര്‍ത്തിയാക്കി വിജയകുമാര്‍ കുനിശ്ശേരി മടങ്ങി

Published : 31st August 2016 | Posted By: SMR

ശ്രീകുമാര്‍ നിയതി

കോഴിക്കോട്: 80കളില്‍ കോഴിക്കോടിന്റെ സാംസ്‌കാരിക സായാഹ്‌നങ്ങളില്‍ വന്നു വീഴാറുള്ള ചില അതിഥികളുണ്ടായിരുന്നു. ഓര്‍ക്കാപ്പുറത്ത് അറ്റുവീഴുക’എന്നായിരുന്നു അവരുടെ വരവിനെ സുഹൃത്തുക്കള്‍ വിശേഷിപ്പിച്ചിരുന്നത്.
ആ ഗണത്തില്‍പ്പെട്ട ഒരു സുഹൃത്തായിരുന്നു കോഴിക്കോട്ടുകാരന്‍ വിജയകുമാര്‍ കുനിശ്ശേരി. അന്നു തമിഴ്‌നാട് വിശേഷാല്‍ പതിപ്പ്’ഇറക്കാന്‍ മാത്രമുള്ള കോവൈ’വിശേഷങ്ങള്‍ കുനിശ്ശേരി മൊഴിഞ്ഞുകൊണ്ടിരിക്കും. മലയാളത്തിലാണു വര്‍ത്തമാനമെങ്കിലും ഇടയ്ക്കിടെയുള്ള പഴഞ്ചൊല്ലുകളും കവിതാശകലങ്ങളുമെല്ലാം അസ്സല്‍ തമിഴ് വായ്‌മൊഴികളിലാവും. അക്കാലത്തെ ക്ഷുഭിത യൗവ്വന കൂട്ടായ്മകളില്‍ ജയചന്ദ്രന്‍, ആര്‍ മോഹന്‍, രവീന്ദ്രന്‍ തുടങ്ങിയവരുടെ വാചാലതയെ മറികടക്കാന്‍ വിജയകുമാര്‍ പുറത്തെടുക്കുന്ന ഉദ്ധരണികള്‍ എപ്പോഴും തമിഴിലെ പ്രശസ്തങ്ങളായ മൊഴിമുത്തുകളായിരുന്നു. തിരുവള്ളുവരെക്കുറിച്ചും തിരുക്കുറലിനെക്കുറിച്ചും പറയുമ്പോള്‍ വിജയകുമാര്‍ അടിമുടി തമിഴനായി മാറുന്നതു കാണാന്‍ രസമായിരുന്നു. പിന്നെ വരുന്ന സംഭാഷണ ശകലങ്ങളത്രയും വീര പാണ്ഡ്യ കട്ടബൊമ്മന്‍ തുടങ്ങി എംജിആര്‍ വരെയായിരിക്കും.
മലയാളി വായനക്കാര്‍ക്ക് ഏറെ ഈടുറ്റ തമിഴ് കൃതികളെ പരിഭാഷപ്പെടുത്തി പരിചയപ്പെടുത്തുക എന്ന ദൗത്യവും കൃത്യമായി വിജയകുമാര്‍ നിര്‍വഹിച്ചിട്ടുണ്ട്.
ദലിത് സ്ത്രീപക്ഷ കഥപറയുന്ന പാമയുടെ സംഗതി’മലയാളത്തിലാക്കിയതു വിജയകുമാറാണ്. വിജയകുമാര്‍ ഒരു മഹര്‍ഷിയുടെയോ ആചാര്യന്റെയോ ഒക്കെ പരിവേഷം ആഗ്രഹിച്ചിരുന്നുവോ?
ഡോ. ടി ഭാസ്‌കരന്റെ ശ്രീനാരായണഗുരുദേവരുടെ സന്ദേശം പറയുന്ന ബ്രഹ്മശ്രീ നാരായണ ഗുരു-തുറവിവേന്ദ ര്‍ എന്ന പേരില്‍ തമിഴരുടെ വായനയ്ക്കായി വിവര്‍ത്തനം ചെയ്തു സമര്‍പ്പിച്ചിട്ടുണ്ട്.
കേന്ദ്രസാഹിത്യ അക്കാദമിയില്‍ വിജയകുമാര്‍ അംഗമായപ്പോഴാണ് അവര്‍ക്കായി ചില കൃതികള്‍ പരിഭാഷപ്പെടുത്തിയിരുന്നത്. സു. വേണുഗോപാലിന്റെ കുന്തപ്പനൈ മലയാളീകരിച്ചതും കുനിശ്ശേരിയായിരുന്നു. താന്‍ വികടകവിയാണ് എന്നു സ്വയം പ്രഖ്യാപിച്ച കവികൂടിയാണ് വിജയന്‍.
ഭൂതാവിഷ്ടരായവരുടെ ഛായാചിത്രങ്ങള്‍’ഒറ്റക്കണ്ണോക്ക്, കണ്‍വെട്ടത്തിരുട്ട്, കുനിശ്ശേരി കവിതകള്‍ തുടങ്ങിയ കവിതാ സമാഹാരങ്ങള്‍ കവിതയില്‍ വേറിട്ട രചനകളായിരുന്നു. തന്റെ കവിതകള്‍ തന്റേതായ ശൈലിയിലും ശബ്ദത്തിലും ആലപിക്കണമെന്ന ശാഠ്യക്കാരനായിരുന്നുവെങ്കിലും ഈ ലേഖകനെക്കൊണ്ട് കോയമ്പത്തൂരിലെ ചില തെരുവു സംഘക്കാരോടൊപ്പം പാടിപ്പിച്ചിട്ടുണ്ട്.
കോയമ്പത്തൂരിലെത്തിയാല്‍ റെയില്‍വേ സ്റ്റേഷനിലോ ബസ് സ്റ്റാന്‍ഡിലോ കാത്തുനില്‍ക്കാനും രണ്ടുദിവസം പോറ്റാനും ഒരാളുണ്ടായിരുന്നതും ഇപ്പോഴില്ലാതായി. മാതൃഭൂമി ലേഖകനായിരിക്കെ ഹെഡ് ഓഫിസില്‍ സന്ദര്‍ശനത്തിനെത്തുന്ന ദിവസങ്ങളില്‍ ജയചന്ദ്രനെയും പി ടി ജോണിനെയുമൊക്കെ തേടി വയനാട് ചുരം കയറുന്ന ശീലവും ഇടയ്ക്ക് എപ്പോഴോ അവസാനിപ്പിച്ചു. കേരളത്തില്‍ പിറന്നെങ്കിലും ജീവിതം ജീവിച്ചു തീര്‍ത്തത് തമിഴ് ജീവിതങ്ങള്‍ക്കിടയിലാക്കി അതില്‍ സുഖം കണ്ടെത്തുകയായിരുന്നു; ഈ വികടകവി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക