|    Jan 22 Sun, 2017 3:49 pm
FLASH NEWS

ഭൂഗര്‍ഭ ജലവിതാനം മൂന്നടി വരെ താഴ്ന്നു: ഉഷ്ണതരംഗം ഇന്നുകൂടി; വെള്ളിയാഴ്ച മുതല്‍ മഴ

Published : 4th May 2016 | Posted By: SMR

തിരുവനന്തപുരം: അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി വര്‍ധിക്കുന്ന ഉഷ്ണതരംഗ പ്രതിഭാസം സംസ്ഥാനത്ത് ഇന്നുകൂടി തുടരും. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണതരംഗത്തിനു സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് പരക്കെ മഴയുണ്ടാവുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചു. തെക്കന്‍ ജില്ലകളിലാവും ആദ്യം മഴ ലഭിക്കുക. ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണു പ്രതീക്ഷിക്കുന്നത്.
വരുംദിവസങ്ങളില്‍ സംസ്ഥാനവ്യാപകമായി മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ. കെ സന്തോഷ് പറഞ്ഞു. ഇപ്പോള്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും അന്തരീക്ഷത്തിലെ താപനിലയില്‍ കുറവു വന്നിട്ടില്ല. ഇന്നലെ വയനാട് ജില്ലയിലെ കുപ്പാടിയില്‍ രണ്ട് സെ.മീറ്റര്‍ മഴ ലഭിച്ചു. മറ്റു സ്ഥലങ്ങളില്‍ നാമമാത്രമായാണ് മഴ കിട്ടിയത്. പാലക്കാട് ജില്ലയിലെ ഊഷ്മാവ് കഴിഞ്ഞ ആറുദിവസമായി 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ്.
രാവിലെ 11 മുതല്‍ 3 മണി വരെ പുറത്തിറങ്ങുന്നവര്‍ സൂര്യതാപം ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഭൂഗര്‍ഭ ജലവിതാനം മൂന്നടി വരെ താഴ്ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. പാലക്കാട്, വയനാട്, കാസര്‍കോട് എന്നിവിടങ്ങളിലാണ് ജലവിതാനം മൂന്നടിയോളം താഴ്ന്നത്.
ഈ വര്‍ഷം മണ്‍സൂണ്‍ മഴ ദീര്‍ഘകാല ശരാശരിപ്രകാരം 106 ശതമാനം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. മെയ് 15നു ശേഷം മണ്‍സൂണ്‍ ആഗമനം സംബന്ധിച്ചു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനമുണ്ടാവും. മണ്‍സൂണ്‍ കാലത്ത് ദുരന്തനിവാരണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മഴവെള്ള സംഭരണത്തിനും പ്രാമുഖ്യം നല്‍കാന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കും. പകര്‍ച്ചവ്യാധി ഉണ്ടാവുന്നതു തടയാന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാംപുകള്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
റവന്യൂ സെക്രട്ടറി ബിശ്വാസ് മെഹ്ത, ദുരന്തനിവാരണ അതോറിറ്റി, കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, ആര്‍മി, ജിയോളജി, കൃഷി, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 179 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക