|    Aug 21 Mon, 2017 10:19 am
Home   >  Todays Paper  >  page 9  >  

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം : ഉത്തര കൊറിയയുടെ അവകാശവാദം ശരിവച്ച് യുഎസ് ഉദ്യോഗസ്ഥര്‍

Published : 2nd August 2017 | Posted By: fsq

 

വാഷിങ്ടണ്‍: ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന് (ഐസിബിഎം) രാജ്യത്തെ പ്രധാന കരഭാഗങ്ങളെ ലക്ഷ്യംവയ്ക്കാന്‍ സാധിക്കുമെന്ന്്് യുഎസ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഉത്തര കൊറിയയുടെ ഐസിബിഎം പരീക്ഷണം. ഹ്വാസോങ് 14 എന്ന മിസൈലിന്റെ പരിധിയില്‍ യുഎസ് പൂര്‍ണമായും ഉള്‍പ്പെടുന്നതായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അവകാശപ്പെട്ടിരുന്നു. ഉന്നിന്റെ അവകാശവാദം ശരിവയ്ക്കുന്നതായി യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പേര് വെളിപ്പെടുത്താതെ റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. ഉത്തര കൊറിയയുടെ മിസൈല്‍, ആണവ പരീക്ഷണങ്ങള്‍ യുഎസിന് വലിയ ഭീഷണി ഉയര്‍ത്തുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ യുഎസിനെതിരേ ഉത്തര കൊറിയ ആക്രമണത്തിനൊരുങ്ങുമെന്ന് കരുതുന്നില്ല. അത്തരമൊരു നീക്കം ആത്മഹത്യാപരമാവുമെന്ന്് കിം ജോങ് ഉന്നിനു ബോധ്യമുണ്ടെന്നാണ് കരുതുന്നത്. രാജ്യത്തിനെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ മാത്രമാവും ഉത്തര കൊറിയ ആയുധശേഷി ഉപയോഗിക്കുകയെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം സംബന്ധിച്ച് പ്രതികരിക്കാന്‍ യുഎസ് പ്രതിരോധ ഏജന്‍സിയായ പെന്റഗണ്‍ വിസമ്മതിച്ചു. മിസൈലിന് ചുരുങ്ങിയത് 5,500 കീലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാവുമെന്ന് പെന്റഗണ്‍ വക്താവ് ജെഫ് ഡേവിസ് നേരത്തേ പറഞ്ഞിരുന്നു. അതേസമയം, ഉത്തര കൊറിയ അസാധാരണമായ സമുദ്രാന്തരിക സൈനിക പരീക്ഷണങ്ങള്‍ നടത്തുന്നതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. അന്തര്‍വാഹിനിയുടെ സഹായത്താല്‍ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദക്ഷിണ കൊറിയയാണ് ഇതുസംബന്ധിച്ച് വിവരം നല്‍കിയത്.ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ജാപനീസ് പ്രധാനമന്ത്രി ഷിന്‍സെ അബേയും കഴിഞ്ഞ ദിവസം ടെലിഫോണ്‍ മാര്‍ഗം ചര്‍ച്ച നടത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക