|    Jan 21 Sat, 2017 4:20 pm
FLASH NEWS

ഭൂകമ്പബാധിതരെ അപഹസിച്ച് ഷാര്‍ലി ഹെബ്ദോ

Published : 4th September 2016 | Posted By: SMR

റോം: ഇറ്റലിയിലെ ഭൂകമ്പ ദുരിതബാധിതരെ അപഹസിച്ചു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ആക്ഷേപഹാസ്യ വാരിക ഷാര്‍ലി ഹെബ്ദോക്കെതിരേ പ്രതിഷേധം ശക്തമാവുന്നു. 300ഓളം പേര്‍ കൊല്ലപ്പെട്ട ദുരന്തത്തിനെത്തുടര്‍ന്ന് ഇറ്റലിയില്‍ ദുഃഖാചരണം തുടരുന്നതിനിടെയാണു ഫ്രഞ്ച് മാസികയില്‍ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്. ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൂട്ടിവച്ചതിനെ ഭക്ഷണവസ്തുവായ ലസാങ്കയോട് ഉപമിച്ചുകൊണ്ടുള്ളതാണു കാര്‍ട്ടൂണ്‍. കാര്‍ട്ടൂണ്‍ സഹിക്കാന്‍ പറ്റാവുന്നതിലും അപ്പുറമാണെന്ന് ഇറ്റലി നിയമമന്ത്രി ആന്‍ഡ്രിയ ഓര്‍ലാന്‍ഡോ പറഞ്ഞു. കാര്‍ട്ടൂണിനെക്കുറിച്ച് കൂടുതല്‍ അഭിപ്രായം പറയുന്നത് ഇപ്പോള്‍ ഗുണകരമാവില്ല. വെറുതേ വിവാദങ്ങളുണ്ടാക്കാനേ അതു കാരണമാവൂവെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ട്ടൂണിനെതിരേ സാമൂഹിക മാധ്യമങ്ങളിലും പ്രതികരണങ്ങള്‍ വ്യാപകമാണ്. കാര്‍ട്ടൂണില്‍ മൃതദേഹങ്ങള്‍ കൂട്ടിവച്ചതിന്റെ ചിത്രത്തിനു പുറമേ അപകടത്തില്‍ പരിക്കേറ്റ സ്ത്രീയുടെയും പുരുഷന്റെയും ചിത്രങ്ങളെയും ഭക്ഷ്യവസ്തുക്കളോടുപമിക്കുന്നുണ്ട്. മുറിവേറ്റ് രക്തമൊഴുകുന്ന ഒരു പുരുഷന്റെയും ദേഹം മുഴുവന്‍ പൊള്ളലേറ്റ ഒരു സ്ത്രീയുടെയും ചിത്രങ്ങളെ പാസ്തകൊണ്ടുണ്ടാക്കിയ വിഭവങ്ങളോടാണ് ഭൂകമ്പം ഇറ്റാലിയന്‍ ശൈലിയില്‍ എന്ന അടിക്കുറിപ്പോടെ പ്രത്യക്ഷപ്പെട്ട കാര്‍ട്ടൂണ്‍ ഉപമിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ ഇത് അരോചകമാണെന്നു പറയാന്‍ തനിക്കൊരു മടിയുമില്ലെന്നുമാണ് ഇറ്റാലിയന്‍ സെനറ്റര്‍ പിയേത്രോ ഗ്രാസോ കാര്‍ട്ടൂണിനെക്കുറിച്ച് പ്രതികരിച്ചത്. ഷാര്‍ലി ഹെബ്ദോ കാര്‍ട്ടൂണ്‍ പ്രതിനിധീകരിക്കുന്നത് ഫ്രാന്‍സിന്റെ നിലപാടല്ലെന്ന് റോമിലെ ഫ്രഞ്ച് എംബസി പ്രതികരിച്ചു.
പാരിസിലുള്ള വാരികയുടെ ആസ്ഥാനത്തിനു നേര്‍ക്കു കഴിഞ്ഞവര്‍ഷം ജനുവരിയിലുണ്ടായ ആക്രമണത്തെത്തുടര്‍ന്നായിരുന്നു ഷാര്‍ലി ഹെബ്ദോ ആഗോള തലത്തില്‍ പ്രശസ്തമായത്. ആക്രമണത്തില്‍ സ്ഥാപനത്തിലെ എട്ടു ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു. വാരികയില്‍ പ്രവാചകനെ അപമാനിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നായിരുന്നു ആക്രമണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക