|    Jul 19 Thu, 2018 11:14 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭീഷണി : വനിതാ കമ്മീഷന്‍ അധ്യക്ഷ കത്തുകള്‍ ഡിജിപിക്ക് കൈമാറി

Published : 16th September 2017 | Posted By: fsq

 

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരേ മോശം പരാമര്‍ശങ്ങളും ഭീഷണിയും നിറഞ്ഞ വാചകങ്ങളോടെ അയച്ച കത്തുകള്‍ ഡിജിപിക്ക് കൈമാറി. ആക്രമണത്തിനിരയായ നടിക്കെതിരായ പരാമര്‍ശങ്ങളും കത്തിലുണ്ട്. നടിക്ക് അപമാനകരമായ പ്രസ്താവനകള്‍ നടത്തിയ സംഭവത്തില്‍ പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേ സ്വമേധയാ കേസെടുത്തതിനെ തുടര്‍ന്നാണു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പേരില്‍ കത്തുകളും മനുഷ്യവിസര്‍ജ്യവും തപാലില്‍ വന്നത്. വ്യാജ പേരുകളിലുള്ളതാണു കത്തുകള്‍. അതേസമയം ഏതെങ്കിലും പ്രകോപനത്തിനോ, ഭീഷണിക്കോ വഴങ്ങുന്ന സാഹചര്യം ഒരിക്കലുമില്ലെന്ന് എം സി ജോസഫൈന്‍ പറഞ്ഞു. വനിതകള്‍ക്കു വേണ്ടി സ്ഥാപിതമായ സ്ഥാപനം അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കില്ല. പി സി ജോര്‍ജിനെതിരേ കേസെടുത്ത വിവരം യഥാസമയം സ്പീക്കറെ അറിയിച്ചുവെങ്കിലും നിയമസഭാ സമ്മേളനവും തുടര്‍ന്ന് എംഎല്‍എ വിദേശത്തായിരുന്നതും കാരണം അദ്ദേഹത്തിന്റെ വിശദീകരണം തേടാനായില്ല. എംഎല്‍എ തിരിച്ചെത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിന് പറയാനുള്ളത് എത്രയും വേഗം രേഖപ്പെടുത്തും. അദ്ദേഹത്തിനെതിരേ സ്വമേധയാ കേസെടുക്കാമെന്ന നിയമോപദേശം കമ്മീഷന്റെ ലോ ഓഫിസറില്‍ നിന്നും സ്റ്റാന്‍ഡിങ് കോണ്‍സലില്‍ നിന്നും ലഭിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തിനായി ഡയറക്ടര്‍ വി യു കുര്യാക്കോസിനെ ചുമതലപ്പെടുത്തിയത്. എംഎല്‍എയുടെ പ്രസ്താവനകള്‍ വേദനിപ്പിച്ചുവെന്ന് അക്രമത്തിനിരയായ നടി പറഞ്ഞിരുന്നുവെന്ന് എം സി ജോസഫൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.അതെസമയം, സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരേയുള്ള വധഭീഷണി പ്രാകൃതവും അപലപനീയവുമാണെന്ന് ആരോഗ്യ സാമൂഹികനീതി വകുപ്പു മന്ത്രി കെ കെ ശൈലജ അഭിപ്രായപ്പെട്ടു. കുറ്റവാളികളെ അടിയന്തരമായി പുറത്തേക്ക് കൊണ്ടുവരാന്‍ സാധിക്കും. അതിനാവശ്യമായ എല്ലാവിധ അന്വേഷണവും നടത്തുവാന്‍ ആഭ്യന്തര വകുപ്പിനോട്  ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss