|    Oct 18 Wed, 2017 9:31 am
FLASH NEWS

ഭീഷണിയായ മരങ്ങള്‍ മുറിച്ചുനീക്കല്‍ ; സന്നദ്ധസംഘടനാ പ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ ആശങ്ക

Published : 2nd August 2017 | Posted By: fsq

 

വെള്ളമുണ്ട: റോഡരികില്‍ ഭീഷണിയായി നിലകൊള്ളുന്ന മരങ്ങള്‍ മുറിച്ചുനീക്കുന്നതിനായി പുതുതായി രൂപീകരിക്കുന്ന കമ്മിറ്റികളില്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ ആശങ്ക. നിരത്തുകളിലും പൊതുസ്ഥലങ്ങളിലും നില്‍ക്കുന്ന വൃക്ഷങ്ങള്‍ സംരക്ഷിക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും ഭീഷണിയാവുന്ന മരങ്ങള്‍ മുറിക്കുന്നതിനും അനുമതി നല്‍കാനായി പ്രാദേശിക തലത്തില്‍ കമ്മിറ്റി രൂപീകരിക്കണമെന്നു കഴിഞ്ഞ ദിവസമാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയത്. മരങ്ങള്‍ മുറിക്കുന്നതിനായി മുമ്പ് വനംവകുപ്പ് ജില്ലാ തലത്തില്‍ രൂപീകരിച്ച ട്രീ കമ്മിറ്റികളില്‍ നഗരസഭാ അധ്യക്ഷന്‍ ചെയര്‍മാനും സാമൂഹിക വനവല്‍ക്കരണ വിഭാഗം എസിഎഫ് കണ്‍വീനറും ടൗണ്‍പ്ലാനര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ അംഗങ്ങളുമായിരുന്നു. എന്നാല്‍, ജില്ലാതല കമ്മിറ്റിയുടെ അനുമതി ലഭിക്കുന്നതിലുള്ള കാലതാമസത്തിന് പരിഹാരമായി പുതുതായി രൂപീകരിക്കുന്ന പ്രാദേശിക കമ്മിറ്റികളില്‍ നിന്നാണ് സന്നദ്ധസംഘടനാ പ്രവര്‍ത്തകരെ ഒഴിവാക്കിയത്. പുതിയ കമ്മിറ്റിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറും റേഞ്ച് ഓഫിസര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ അംഗങ്ങളുമാണ്. മൂന്ന് അംഗങ്ങള്‍ തികഞ്ഞാല്‍ ക്വാറം തികയുമെന്നും ഇവര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ തന്നെ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന് ആശങ്കയുണ്ട്. ജില്ലാതല ട്രീ കമ്മിറ്റികളില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ അംഗങ്ങളായതിനാല്‍ തന്നെ അപകടഭീഷണി എന്ന വ്യാജേന റോഡരികിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നത് ഒരുപരിധി വരെ തടയാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, ഇവരെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള മരംമുറി വര്‍ധിക്കുമെന്നും ഇതു വനനശീകരണത്തിന് കളമൊരുക്കുമെന്നും പറയപ്പെടുന്നു. റോഡരികില്‍ പുതുതായി കെട്ടിടമോ വീടോ നിര്‍മിക്കുമ്പോള്‍ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള ശ്രമങ്ങള്‍ പലപ്പോഴും തടയാന്‍ കഴിഞ്ഞത്, ട്രീ കമ്മിറ്റികളില്‍ അംഗങ്ങളായ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ കൊണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ഉത്തരവ് പുനപ്പരിശോധിക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക