|    Jan 18 Wed, 2017 9:47 am
FLASH NEWS

ഭീഷണിപ്പെടുത്തി പണം വാങ്ങിയ എക്‌സൈസ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Published : 2nd October 2016 | Posted By: SMR

മാനന്തവാടി: കഞ്ചാവ് കേസില്‍ ഉള്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് പണം വാങ്ങിയ സംഭവത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. മാനന്തവാടി റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി എ ജോസഫിനെയാണ് എക്‌സൈസ് കമ്മീഷണര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
രണ്ടു മാസം മുമ്പ് ദ്വാരകയില്‍ വച്ച് കഞ്ചാവ് വലിക്കുമ്പോള്‍ മൂന്നു വിദ്യാര്‍ഥികളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റ് രണ്ടു വിദ്യാര്‍ഥികളുടെ വീട്ടില്‍ ചെന്ന് എസ്‌ഐ അന്യായമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ രക്ഷിതാക്കളോട് കുട്ടികളെ കഞ്ചാവ് കേസില്‍പെടുത്തുമെന്നു ഭീഷണിപ്പെടുത്തി 25,000 രൂപ വാങ്ങി വിട്ടയക്കുകയാണുണ്ടായത്.
പിന്നീട് സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് പണം തിരികെ വാങ്ങി നല്‍കി. എന്നാല്‍, ഇതുസംബന്ധിച്ച് വിദ്യാര്‍ഥിയുടെ ബന്ധു എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് എക്‌സൈസ് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തി.
പരാതിയില്‍ കഴമ്പുണ്ടെന്നു റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി.
ഭീഷണിപ്പെടുത്തി പണം വാങ്ങിയ സംഭവം മുമ്പ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇയാള്‍ക്കെതിരേ നടപടി വേണമെന്ന് ഡെപ്യൂട്ടി കമ്മീഷണറും ശുപാര്‍ശ നല്‍കിയിരുന്നു. മുമ്പും നിരവധി പരാതികള്‍ ജോസഫിനെതിരേ ഉയര്‍ന്നിരുന്നു.
ജില്ലാ ആശുപത്രിയില്‍ വച്ച് ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയും വയനാട്ടിലേക്ക് നിയമിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. മഫ്ടിയില്‍ സ്വന്തം വാഹനത്തില്‍ കറങ്ങി അബ്കാരി കേസുകള്‍ പിടികൂടുകയും പിന്നീട് പണം വാങ്ങി വിട്ടയക്കുകയും ചെയ്യുന്നതായുള്ള നിരവധി പരാതികളും ഉയര്‍ന്നിരുന്നു. ഏറ്റവും ഒടുവില്‍ ഭര്‍തൃമതിയായ യുവതിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയില്‍ മാനന്തവാടി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇത്തരത്തില്‍ നിരവധി പരാതികളാണ് ഇയാള്‍ക്കെതിരേ ഉയര്‍ന്നിട്ടുള്ളത്. ഭീഷണിപ്പെടുത്തി പണം വാങ്ങിയ സംഭവത്തില്‍ സിപിഎം അനുകൂല സംഘടനാ നേതാവ് കൂടിയായ ജോസഫിനെതിരേ നടപടി വേണമെന്ന് സിപിഎം നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക