|    Oct 20 Sat, 2018 3:20 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഭീഷണിക്കു മുന്നില്‍നിന്ന് എഴുതുമ്പോഴാണ് നല്ല സാഹിത്യം പിറക്കുന്നത് : ബെന്യാമിന്‍

Published : 24th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: അപകട ഭീഷണിക്കു മുന്നില്‍നിന്ന് എഴുതുമ്പോഴാണ് നല്ല സാഹിത്യം പിറക്കുന്നതെന്ന് നോവലിസ്റ്റ് ബെന്യാമിന്‍. നെഹ്‌റു കോളജ് സാഹിത്യവേദി പുതിയ കഥ, പുതിയ കാലം’ എന്ന പേരില്‍ സംഘടിപ്പിച്ച  ദേശീയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തൊരിടത്തും സാഹിത്യകാരന്‍മാര്‍ക്ക് പച്ചപ്പരവതാനി വിരിച്ച സാഹചര്യത്തില്‍ മികച്ച സൃഷ്ടികളുണ്ടായിട്ടില്ല. ഏതു പ്രതിസന്ധിയെയും തരണംചെയ്യാനുള്ള മനക്കരുത്ത് എഴുത്തുകാരനുണ്ടാവണം. പട്ടാളത്തിനു മേധാവിത്വമുള്ള പാകിസ്താനില്‍പോലും ഭരണകൂടത്തെ എതിര്‍ത്തുകൊണ്ട് സാഹിത്യസൃഷ്ടി നടക്കുന്നുണ്ട്. പാകിസ്താന്‍ സര്‍ക്കാര്‍ വളമിട്ട് വളര്‍ത്തിയ തീവ്രവാദികളെ ഇനി നമ്മള്‍ എന്ത് ചെയ്യുമെന്ന് ചോദിച്ച എഴുത്തുകാരനെ തടവിലാക്കിയിട്ടുണ്ട്. ഏതു മനുഷ്യനും എപ്പോള്‍ വേണമെങ്കിലും മരിക്കാം. എന്നാല്‍, ഒരു എഴുത്തുകാരന്‍ ധൈര്യസമേതം ചെറുത്തുനിന്ന് മരിക്കുന്നതില്‍ ഒരു അന്തസ്സുണ്ട്. തേങ്ങ വീണു മരിക്കുന്നതിനെക്കാള്‍ വെടിയുണ്ട ഏറ്റു മരിക്കുന്നതാണ് നല്ലത്. പുതിയ കാലത്ത് എഴുത്തുകാര്‍ നേരിടുന്ന വെല്ലുവിളി കാലത്തിനൊത്ത് സഞ്ചരിക്കുക എന്നതാണ്. നവ മാധ്യമങ്ങള്‍ വായനക്കാരെ സ്വാധീനിക്കുന്ന ഈ കാലത്ത് സാഹിത്യകാരന്‍മാര്‍ പുതിയ ഭാഷകള്‍ കണ്ടെത്തണം. ‘ഇമോജി’കളിലൂടെ സംസാരിക്കുന്ന കാലത്ത് ഇമോജികളെ തിരിച്ച് വാക്കുകള്‍ ആക്കുക എന്നതാണ് പുതിയ എഴുത്തുകാരുടെ വെല്ലുവിളി. എഴുത്തിന്റെ മാധ്യമം ബ്ലോഗാവുന്നത് എഴുത്തുകാരനെ ബാധിക്കുന്നില്ല. ഓലയില്‍ എഴുതിത്തുടങ്ങിയ കാലത്തും എഴുത്ത് നിന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യം ആരും ദാനമായി നല്‍കുന്നതല്ലെന്നും പൊരുതി നേടുന്നതാണെന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു. ഡോ. അംബികാസൂതന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് നെറോണ മുഖ്യാതിഥിയായിരുന്നു. വി വിജയകുമാര്‍, പി ഹരിത സംസാരിച്ചു. ഉച്ചയ്ക്കുശേഷം സെമിനാര്‍ സുബൈദ നീലേശ്വരം ഉദ്ഘാടനം ചെയ്തു. സുറാബ്, എന്‍ കെ പ്രശാന്ത്, ത്യാഗരാജന്‍ ചാളക്കടവ്, ഉപേന്ദ്രന്‍ മടിക്കൈ, ദിനേശന്‍ പൂച്ചക്കാട്, സുധീഷ് ചട്ടഞ്ചാല്‍, വി എം മൃദുല്‍, പി കൃഷ്ണദാസ്, ശില്‍പചന്ദ്രന്‍, ദിനേശന്‍ പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss