|    Dec 11 Tue, 2018 2:26 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഭീമ കൊരേഗാവ് സംഘര്‍ഷം: സാമൂഹിക പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 29th August 2018 | Posted By: kasim kzm

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ജനുവരിയില്‍ മഹാരാഷ്ട്രയില്‍ നടന്ന ഭീമ കൊരേഗാവ് അനുസ്മരണ ചടങ്ങിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റെയ്ഡ്. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും അടക്കം നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്തു.
പ്രമുഖ മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗൗതം നവ്‌ലാഖ, വിപ്ലവ കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവര റാവു, പ്രമുഖ അഭിഭാഷകയും പിയുസിഎല്‍ ദേശീയ സെക്രട്ടറിയുമായ സുധ ഭരദ്വാജ്, രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരന്‍ വെര്‍നണ്‍ ഗോണ്‍സാല്‍വസ് എന്നിവരെ ഇന്നലെ പൂനെ പോലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി, മഹാരാഷ്ട്ര, തെലങ്കാന, ഹരിയാന, ഗോവ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഒരേസമയം നടന്ന റെയ്ഡുകളിലാണ് ഇവര്‍ അറസ്റ്റിലായത്. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് വൈകുന്നേരം വരെ തുടര്‍ന്നു. കംപ്യൂട്ടറുകള്‍, പെന്‍ഡ്രൈവുകള്‍, മൊബൈല്‍ ഫോണുകള്‍, പുസ്തകങ്ങള്‍ എന്നിവയാണ് ഇവരുടെ വീടുകളില്‍ നിന്ന് പോലിസ് കൊണ്ടുപോയിരിക്കുന്നത്.
ഗൗതം നവ്‌ലാഖയെ അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ നെഹ്‌റു എന്‍ക്ലേവിലുള്ള വസതിയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. നവ്‌ലാഖയെ റിമാന്‍ഡില്‍ ആവശ്യപ്പെട്ടുള്ള ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്ലിന്റെ അഭ്യര്‍ഥന ഡല്‍ഹിയിലെ കോടതി തള്ളി. വരവര റാവുവിനെ ഹൈദരാബാദിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് ഇന്നലെ ഉച്ചയ്ക്കുശേഷമാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്ത പോലിസ് അവിടം കൊള്ളയടിച്ചെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. വരവര റാവുവിനെ ഹൈദരാബാദിലെ നാമ്പള്ളി കോടതിയില്‍ ഹാജരാക്കി.
ഹരിയാനയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത സുധ ഭരദ്വാജിനെ ഫരീദാബാദിലെ സിവില്‍ ജഡ്ജി സാക്ഷി സൈനി മുമ്പാകെ ഹാജരാക്കി. ഇവരുടെ വീട്ടില്‍ നിന്ന് രണ്ടു ലാപ്‌ടോപ്പുകളും രണ്ടു മൊബൈല്‍ ഫോണുകളും ഒരു പെന്‍ഡ്രൈവും പോലിസ് എടുത്തുകൊണ്ടുപോയതായി ജെഎന്‍യു പ്രഫസര്‍ ജയതി ഘോഷ് പറഞ്ഞു. സുധ ഭരദ്വാജിന്റെ ഇ-മെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ പോലിസ് നിര്‍ബന്ധിച്ചു കൈക്കലാക്കി. ഒഴിഞ്ഞ പേജുകളുള്ള ഡയറിയും പോലിസ് എടുത്തുകൊണ്ടുപോയിട്ടുണ്ടെന്നും ഇത് തന്നെ കുടുക്കാനായി ഉപയോഗിക്കുമെന്ന് ഭരദ്വാജ് ഭയപ്പെടുന്നതായും ജയതി ഘോഷ് പറഞ്ഞു. യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് സുധ ഭരദ്വാജിനെതിരേ ചുമത്തിയിരിക്കുന്നത്. ഹൈദരാബാദില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും വരവര റാവുവിന്റെ മരുമകനുമായ കെ വി കുര്‍മനാഥ്, ഫോട്ടോഗ്രാഫര്‍ ടി ക്രാന്തി എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു.
മുംബൈയില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും വെര്‍നണ്‍ ഗോണ്‍സാല്‍വസിന്റെ ഭാര്യയുമായ അഡ്വ. സൂസന്‍ എബ്രഹാമിന്റെ വീട്ടിലും ദലിത് ബുദ്ധിജീവിയും എഴുത്തുകാരനുമായ ആനന്ദ് തേല്‍തുംബ്ദേയുടെ വീട്ടിലും പോലിസ് പരിശോധന നടത്തി. നോര്‍ത്ത് ഗോവയിലുള്ള അദ്ദേഹം പ്രഫസറായി ജോലി ചെയ്യുന്ന ഗോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, ജാര്‍ഖണ്ഡില്‍ ആദിവാസിക്കുട്ടികള്‍ക്കായി റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നടത്തുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ സ്ഥാപനം, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അരുണ്‍ ഫെരേറ, കാസിം, സത്യനാരായണ തുടങ്ങിയവരുടെ വീടുകള്‍ എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss