|    Dec 15 Sat, 2018 6:59 pm
FLASH NEWS
Home   >  News now   >  

ഭീമാ കൊറേഗാവ് കേസില്‍ മലയാളി ഉള്‍പ്പടെയുളളവരെ മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തു: വന്‍ പ്രതിഷേധം

Published : 8th June 2018 | Posted By: Jasmi JMI

ന്യൂഡല്‍ഹി:ഭീമാ കൊറേഗാവ് കേസില്‍ മലയാളി ഉള്‍പ്പടെയുളളവരെ മാവോവാദി് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തു. പുണെ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് പേരില്‍ പത്രാധിപര്‍, അഭിഭാഷകന്‍, പ്രൊഫസര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മാവോവാദി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ ആരോപണം. ‘അര്‍ബന്‍ മാവോയിസ്റ്റ് ഓപ്പറേറ്റീവ്‌സ്’ എന്നാണ് പൊലീസ് ഇവരെ കുറിച്ച് ആരോപിക്കുന്നത്.കൊറോഗാവ് യുദ്ധത്തിന്റെ ഇരുന്നാറാം വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന കലാപങ്ങളുടെ  പേരിലാണ്  ഇവരെ മുംബൈ, ഡല്‍ഹി, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്തത്. റോണാ വില്‍സണ്‍, സുധീര്‍ ധാവ്‌ലെ, സുരേന്ദ്ര ഗാഡ്‌ലിങ്, ഷോമാ സെന്‍, മഹേഷ് റൗട്ട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
റോണാ വില്‍സണ്‍  :  ഡല്‍ഹി ജെ എന്‍ യു വില്‍ ഗവേഷകനായിരുന്ന നടത്തന്ന റോണാ വില്‍സണ്‍ മലയാളിയാണ്. കൊല്ലം സ്വദേശിയായ റോണ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായും നിയമങ്ങളിലെ ജനാധിപത്യവിരുദ്ധതയ്‌ക്കെതിരെയും പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് (സി ആര്‍ പി പി)യുടെ പബ്ലിക്ക് റിലേഷന്‍സ് സെക്രട്ടറിയാണ് റോണ. യു എ പി എ, അഫ്‌സ്പാ തുടങ്ങിയ നിയമങ്ങളുടെ ഭീകരത ഉയര്‍ത്തിക്കാട്ടി അതിനെതിരെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.
മാവോവാദി ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ജി എന്‍ സായിബാബയുമായി അടുപ്പമുളളയാള്‍ എന്ന നിലയിലാണ് പൊലീസ് റോണയെ കുറിച്ച പറയുന്നത്. സായിബാബയെ ശിക്ഷിച്ചതിനെ തുടര്‍ന്ന് വനത്തിലും നഗരത്തിലുമുളള ഇടതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ഏകികരണം നടത്തുന്നത് റോണയാണെന്നും പൊലീസ് ആരോപിക്കുന്നു.
സുധീര്‍ ധാവ്‌ലെ: മറാത്തി മാസികയായ ‘വിരോധി’യുടെ എഡിറ്ററും ദലിത് ആക്ടിവിസ്റ്റുമാണ്. ദലിതര്‍ക്കായി പൊതു രാഷ്ട്രീയ പ്ലാറ്റ്‌ഫോം രൂപീകരിച്ച വ്യക്തിയാണ്. റാഡിക്കല്‍ അംബേദ്കര്‍ മൂവ്‌മെന്റ് രൂപികരിച്ചു. 2011 ജനുവരിയില്‍ മാവോവാദി ബന്ധമാരോപിച്ച് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ, 2014 മെയില്‍ സുധീര്‍ ധാവ്‌ലെയെ ഗോണ്ടിയ കോടതി വെറുതെ വിട്ടു.
സുരേന്ദ്ര ഗാഡ്‌ലിങ്: നാഗ്പൂര്‍ ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീപ്പിള്‍സ് ലായേഴ്‌സ് ജനറല്‍ സെക്രട്ടറിയാണ്. ദലിത്, ആദിവാസി ആക്ടിവിസ്റ്റാണ്. സായിബാബ, ധാവ്‌ലെ തുടങ്ങിയവര്‍ക്ക് നിയമസഹായം നല്‍കിയതും ഇദ്ദേഹമാണ്.  കബീര്‍ കലാ മഞ്ചിലെ കലാപ്രവര്‍ത്തകരെ, അവരുടെ കൈവശമുളള പ്രസിദ്ധീകരണങ്ങളുടെ പേരില്‍ 2013 സെപ്തംബറില്‍ പൊലീസ് ചോദ്യം ചെയ്തപ്പോഴും നിയമസഹായം നല്‍കിയത്  ഇദ്ദേഹമായിരുന്നു.
ഷോമാ സെന്‍:നാഗ്പൂര്‍ സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറാണ്. ഷോമയുടെ ഭര്‍ത്താവ് തുഷാര്‍കാന്തി ഭട്ടാചാര്യയെ 2010ല്‍ മാവോവാദി ബന്ധം ആരോപിച്ച് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.
മഹേഷ് റൗട്ട്: പ്രധാനമന്ത്രിയുടെ റൂറല്‍ ഡെവലപ്‌മെന്റ് ഫെല്ലോയായിരുന്നു.  വനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളും അവരുടെ നഗരത്തിലെ ഗ്രൂപ്പുകളുമായി ബന്ധമുളളയാളാണെന്നാണ് പൊലീസിന്റെ ആരോപണം.
നടപടിക്കെതിരെ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം നടന്നു. വിവിധ പൗരാവകാശ, കര്‍ഷക, വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുക്കണക്കിന് പേര് പങ്കെടുത്തു. അറസ്റ്റ് ചെയ്ത അഞ്ചു പേരേയും ഉപാധികള്‍ കൂടാതെ വിട്ടയക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ജാമ്യം ലഭ്യമാക്കാതെ നീണ്ട കാലം ജയിലിലടക്കുക എന്ന ഉദ്ദേശത്തോടെയാണ് പൂനെ പോലീസ് ഇവര്‍ക്കെതിരെ അനാവശ്യമായി യുഎപിഎ ചാര്‍ത്തിയിരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. രാജ്യത്തെ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരാണെന്നതിനാലാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കുമെതിരെ സര്‍ക്കാര്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്ന് രാഷ്ട്രീയ തടവുകാരുടെ മോചനത്തിുള്ള സമിതി നേതാവ് എസ് എ ആര്‍ ഗീലാനി പറഞ്ഞു.
ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍, എഐഎസ്എഫ്, ഭാരതീയ കിസാന്‍ യൂനിയന്‍, എന്‍സിഎച്ച്ആര്‍ഒ, പിയുഡിആര്‍, പിയുസിആര്‍, എസ്‌ഐഒ,സിആര്‍പിപി, ഡിഎസ്‌യു തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss