|    Jan 17 Tue, 2017 12:48 am
FLASH NEWS

ഭീമന്‍ കനാല്‍ നിര്‍മാണത്തിനെതിരേ പ്രദേശവാസികള്‍ പ്രക്ഷോഭത്തിന്

Published : 17th August 2016 | Posted By: SMR

തലശ്ശേരി: വ്യാപക എതിര്‍പ്പുകളെ തുടര്‍ന്ന് ഏതാണ്ട് മന്ദീഭവിച്ച ഭീമന്‍ കനാല്‍ നിര്‍മാണം വീണ്ടും സജീവമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയിരിക്കെ, കുടിയിറക്കപ്പെടുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ സമരം ശക്തമാക്കാന്‍ രംഗത്ത്. കോവളം-നീലേശ്വരം ജലപാത നിര്‍മാണം സര്‍ക്കാര്‍ പരിഗണനയിലുള്ളതാണെങ്കിലും മലബാര്‍ മേഖലയില്‍ വ്യാപക കുടിയിറക്കലുകള്‍ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.
മൂന്നു വര്‍ഷം മുമ്പ് മലബാറിലൂടെ ജലപാത കടന്നു പോവുന്നതിന് സര്‍വേ നടത്താന്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പ് കാരണം പലയിടത്തും തടസ്സപ്പെട്ടിരുന്നു. തലശ്ശേരിയില്‍ ഭീമന്‍ കനാല്‍ കടന്നു പോവുന്ന കൊളശ്ശേരി,ഇല്ലിക്കുന്ന്, മമ്മാക്കുന്ന് ഭാഗങ്ങളില്‍ നിരവധി കുടുംബങ്ങളാണ് കുടിയിറക്കപ്പെടുന്നത്. ഇല്ലിക്കുന്ന് പ്രദേശത്ത് മാത്രം 40 വീടുകള്‍, 32 കിണുകള്‍, ശുദ്ധജല വിതരണ പ്ലാന്റുകള്‍, കുളങ്ങള്‍ എന്നിവ പൂര്‍ണമായും ഇല്ലാതാവും. ഇല്ലിക്കുന്ന് മുതല്‍ പിണറായി കാളി മമ്മാക്കുന്ന് വഴിയാണ് ജലപാത വളപട്ടണം പുഴയിലെത്തുന്നത്.
മട്ടന്നൂര്‍ വിമാനത്താവളത്തിലേക്ക് തലശ്ശേരിയില്‍ നിന്നു ഏറ്റവും ദൂരം കുറഞ്ഞ റോഡായ മമ്പറം-തലശ്ശേരി റോഡിനു കുറുകെ വലിയ പാലം പണിയേണ്ടി വരും. ഇതിനു പുറമെ തലശ്ശേരി-ഇല്ലിക്കുന്ന് മിനി ബൈപാസ് റോഡിലും വലിയ പാലം പുതുതായി നിര്‍മിക്കേണ്ടി വരും. പാലങ്ങള്‍ നിര്‍മിക്കപ്പെടുന്നതോടെ നേരത്തേ കണക്കുകൂട്ടിയതിനേക്കാള്‍ കൂടുതല്‍ വീടുകള്‍ പൊളിക്കേണ്ടി വരും.
നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കനാലിന്റെ അടിഭാഗത്ത് മാത്രം 32 മീറ്റര്‍ വീതിയുണ്ടാവും. മുകള്‍ ഭാഗത്തിന് 70 മുതല്‍ 80 മീറ്റര്‍ വരെയും. വേലിയിറക്ക സയത്ത് കനാലില്‍ 2.20 മീറ്റര്‍ ഉയരത്തില്‍ വെള്ളം കനാലിലുണ്ടായിരിക്കണം. കനാലിലൂടെ കടന്നുപോവുന്ന ബാര്‍ജിന് 90 മീറ്റര്‍ നീളവും 50 മീറ്റര്‍ വീതിയും ഉണ്ടാവും. പദ്ധതി വിഭാവനം ചെയ്യുന്ന ഭീമന്‍ കനാല്‍ ഇങ്ങനെയായിരിക്കെ വളപട്ടണം പുഴയ്ക്കു
കുറുകെയുള്ള റോഡ് പാലങ്ങള്‍ക്ക് അടിയിലൂടെ ഇത്തരം ബാര്‍ജുകള്‍ക്ക് കടക്കാനാവില്ലെന്ന് ഉള്‍നാടന്‍ ജലപാത പ്രതിരോധ കമ്മിറ്റി കണ്‍വീനര്‍ എം പി രതീശന് ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും മറുപടി നല്‍കിയിട്ടുണ്ട്. ധര്‍മടം, എരഞ്ഞോളി പുഴകളെ ബന്ധിപ്പിക്കുന്നതിനാണ് കൃത്രിമ ജലപാത നിര്‍മിക്കുന്നതെന്നാണ് ഉള്‍നാടന്‍ ജലഗതാഗത അധികൃതരുടെ വിശദീകരണം. എന്നാല്‍ നിലവില്‍ രണ്ടു പുഴകളും ഒന്നായി ചേര്‍ന്നാണ് കൊടുവള്ളി പുഴ ഒഴുകുന്നതെന്ന വസ്തുത പ്രതിരോധ സമിതി പ്രവര്‍ത്തകര്‍ അതികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. 2013 നവംബര്‍ 7നു നല്‍കിയ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തില്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് അധികൃതര്‍ മറുപടി നല്‍കിയിരുന്നു.
കൊടുവള്ളി പുഴയിലൂടെ സ്വാഭാവികമായി വളപട്ടണം പുഴയിലെത്തി ചേരാനുള്ള വഴി ഉണ്ടെന്നിരിക്കെ നിരവധി കുടുംബങ്ങെളയും പ്രകൃതിയെയും ശുദ്ധജല സ്രോതസ്സുകളെയും നൂറുകണക്കിനു
കണ്ടല്‍ക്കാടുകളും നശിപ്പിച്ചുള്ള കൃത്രിമ ജലപാത നിര്‍മാണം തലശ്ശേരി നഗരസഭയില്‍ ഇല്ലിക്കുന്ന് ഗ്രാമത്തെയാണ് ശിഥിലമാക്കുക. കനാല്‍ നിര്‍മാണത്തിനു മുന്നോടിയായി 2013ല്‍ പിണറായി ചേക്കുപുഴയില്‍ ജലപാത വകുപ്പ് ഡ്രഡ്ജിങ് നടത്തിയിരുന്ന 24 ലക്ഷം രൂപയാണ് പുഴയിലെ ചെളി കോരാന്‍ മാത്രം ചെലവഴിച്ചത്.
വേലിയിറക്ക സമയത്ത് ചെളിനീക്കിയ സ്ഥലത്ത് 22 മീറ്റര്‍ ആഴം ഉണ്ടാവണമെന്ന നിബന്ധന നിലവിലിരിക്കെ ചേക്കുപുഴയില്‍ വേലിയിറക്ക സമയത്ത് നിലവില്‍ ഒരു മീറ്റര്‍ പോലും ആഴമില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അശാസ്ത്രീയമായ ബാര്‍ജിങ് വഴി പുഴയിലെ വിവിധ മല്‍സ്യങ്ങളുടെ പ്രജനനവും ഇല്ലാതായിട്ടുണ്ട്. ഇല്ലിക്കുന്നിലെ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ടു വലിയ പാലങ്ങള്‍, കൊടുവള്ളിയില്‍ പുതുതായി പ്രഖ്യാപിച്ച ഫ്‌ളൈ ഓവര്‍, അതിവേഗ റെയില്‍ പാത, മുംബൈ-കന്യാകുമാരി ദേശീയപാതയ്ക്കള്ള സ്ഥലവും എല്ലാ ചേര്‍ന്നാല്‍ ഇല്ലിക്കുന്ന് ആര്‍ക്കും എത്തിപ്പെടാനാവാത്ത വിധത്തിലേതക്കു മാറും. അതുകൊണ്ടു തന്നെ ഭീമന്‍ കനാലിനെതിരേ വന്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക