|    Oct 22 Mon, 2018 11:36 am
FLASH NEWS

ഭീതി വിട്ടൊഴിയാതെ പത്തപ്പിരിയം നിവാസികള്‍; ക്ഷേത്രത്തിലും പോലിസ് കയറിയതായി പരാതി

Published : 11th December 2015 | Posted By: SMR

മഞ്ചേരി: എടവണ്ണ ഗ്രാമപ്പഞ്ചായത്തിലെ പത്തപ്പിരിയം ബേക്കലക്കണ്ടി, നെല്ലാണി നിവാസികളുടെ ഭീതി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. പുതുതായി തുടങ്ങാന്‍ പദ്ധതിയിട്ട ടാര്‍ മിക്‌സിങ് യുനിറ്റിനെതിരേ സമരം നടത്തിയതിന് നാട്ടുകാര്‍ക്ക് പോലിസിനെതിരെയും ക്രഷര്‍ ഉടമയുടെ ഗുണ്ടകള്‍ക്കെതിരെയും വിവരിക്കാന്‍ നൂറു നാവുകള്‍. സമരസമിതിയില്‍ പെട്ടവരുടെ വീട് കാണിച്ചു കൊടുക്കാനാണ് ഗുണ്ടകളെ ഉടമ രംഗത്തിറക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്ച പോലിസും ഗുണ്ടകളും നടത്തിയ തേര്‍വാഴ്ചയില്‍ വിറങ്ങലിച്ചിരിക്കുകയാണ് ഗ്രാമം മുഴുവനും. രാത്രി ഏഴുമണിയോടയാരംഭിച്ച നായാട്ട് പുലര്‍ച്ചെ വരെ നീണ്ടതായും പരാതിയുണ്ട്. അയ്യപ്പന്‍(47)കിണറ്റില്‍ വിണ് മരിച്ച സംഭവത്തിനു പിന്നില്‍ ഇതേ സംഘങ്ങളാണെന്നാണ് നാട്ടുകാരുടെ പക്ഷം. അടികൊണ്ട് ബോധം നിലച്ച അയ്യപ്പനെ കിണറ്റിലേക്ക് എടുത്തെറിഞ്ഞതാണോയെന്ന സംശയവും നാട്ടുകാര്‍ ഉന്നയിക്കുന്നു.
കിണറിന് ആള്‍മറയുമുണ്ട് എന്നത് അബദ്ധത്തില്‍ വീഴാനുള്ള സാധ്യതയെ തള്ളിക്കളയുന്നു. മാത്രമല്ല, അയ്യപ്പന്‍ രാത്രിയില്‍ ടോര്‍ച്ച് കൊണ്ടു നടക്കാറുമുണ്ട്. വീടിന് ചുറ്റും ഓടിച്ചിട്ടടിക്കുന്ന ശബ്ദം കേട്ടതായും നാട്ടുകാര്‍ പറഞ്ഞു. നിരപരാധിയായ അയ്യപ്പന്റെ മരണത്തിനുത്തരവാദികളെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വഴി കാണിച്ചു കൊടുത്തയാള്‍ക്കും 10ാംക്ലാസ് വിദ്യാര്‍ഥിക്കും പോലിസിന്റെ ലാത്തിയടി വീണിട്ടുണ്ട്. ലോറികള്‍ക്ക് തീയിട്ടതോടെ വഴിയടഞ്ഞതിനാല്‍ റോഡിലെത്താന്‍ പോലിസുകാര്‍ക്ക് പ്രയാസം നേരിട്ടു. കുറുക്കു വഴി കാണിച്ചുകൊടുത്ത ബി ഹരിദാസിന്റെയാണ് തലയടിച്ചു പൊട്ടിച്ചത്. ഇയാളുടെ കണ്ണട ചവിട്ടിപ്പൊട്ടിച്ചു. അതുവഴി നടന്നുപോയ എന്‍ ടി അശോകനെ ഓടിച്ചിട്ട് തല്ലി. കുഴിയില്‍ വീണ് ഇദ്ദേഹത്തിന്റെ കാലൊടിഞ്ഞു.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് പഠിക്കാനായി ഉമ്മയുടെ വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ച് സ്വന്തം വീട്ടിലെത്തിയ മങ്ങാട്ടുതൊടിക സിദ്ധീഖിന്റെ മകന്‍ സാലിഖ്(16)നെ വീട്ടില്‍ കയറിയാണ് മര്‍ദ്ദിച്ചത്. ശരീരമാസകലം മര്‍ദ്ദനമേറ്റ സാലിഖിനെ പിതാവാണ് ഇന്നലെ പ്രയാസപ്പെട്ട് പരീക്ഷ ഹാളിലെത്തിച്ചത്. പനനിലത്ത് മുസ്തഫയെ വീട്ടിലെ ബാത്ത്‌റൂമില്‍ കയറിയാണ് പോലിസ് മര്‍ദ്ദിച്ചത്. വീട്ടിലെ ചൂടുകാരണം ശരീരം വിയര്‍ത്തതിനാണത്രെ എം ഇല്യാസിനെ ലാത്തി കൊണ്ടടിച്ചത്. നീ..വിയര്‍ത്തിട്ടുണ്ടല്ലോ…നീയും സമരത്തിലില്ലേയെന്നാക്രോശിച്ച് ഇല്യാസിന്റെ വീടിന്റെ വാതില്‍ പോലിസ് ചവിട്ടിത്തുറന്നു. കല്‍പാലം മുന്‍ വാര്‍ഡംഗം സെനുദ്ദീന് പോല്ിസിന്റെ പിടിവലിക്കിടെ തോളെല്ലിന് പരിക്കേറ്റു. ഒരാഴ്ച മുമ്പ് സൈനുദ്ദീനെ ക്രഷര്‍ ഉടമയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ച കേസില്‍ പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല. കല്‍പാലം വാര്‍ഡംഗം രഞ്ജിഷയുടെതടക്കമുള്ള നിരവധി വീടുകളുടെ ാതിലുകൡ മുട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.
സ്വന്തം ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തിലെ ലൈറ്റ് ഓഫ് ചെയ്യാനെത്തിയ കാര്‍പന്റര്‍ ഉണ്ണിയുടെ മുഖത്ത് ലാത്തി കൊണ്ടടിച്ചു പരിക്കേല്‍പിച്ചു. പത്തപ്പിരിയം ശ്രീഭക്ത പ്രിയം ക്ഷേത്രത്തിലും പോലീസ് കയറിയിട്ടുണ്ടെന്ന് സമീപ വാസികള്‍ പറഞ്ഞു.
പോലിസിന്റെ നടപടിയെ ചോദ്യംചെയ്ത പ്രസിഡന്റ് ഹരീഷ് കോട്ടൂരിനെ പിടിച്ചു തള്ളി. അയ്യപ്പഭക്തര്‍ പ്രതിഷേധിച്ചതോടെ ക്ഷമ ചോദിച്ച് പോലിസ് തടി തപ്പുകയായിരുന്നു. നാട്ടുകാര്‍ പുറത്തിറങ്ങാന്‍ പേടിക്കുകയാണ്. എന്നാല്‍, ഗുണ്ടകള്‍ മുഖം മുടിക്കെട്ടി വിലസുകയാണെന്ന് നാട്ടുകാര്‍ ഭീതിയോടെ പറയുന്നു. ഗുണ്ടകള്‍ ഈ പ്രദേശത്തുണ്ടെന്ന് നാട്ടുകാര്‍ കലക്ടറോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.
പണം കൊടുത്തൊതുക്കിയതിനാല്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും ടാര്‍മിക്‌സിങ് യുനിറ്റിനെതിരില്‍ പരാതിപ്പെടുന്നില്ല. സിപിഎമ്മും ബിജെപിയും എസ്ഡിപിഐയും ഒഴികെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും സമരത്തില്‍ പങ്കെടുക്കുന്നില്ലെന്ന് സമരസമിതിക്കാര്‍ പറയുന്നു. സ്ഥലം എംഎല്‍എ, ക്രഷര്‍ ഉടമയുടെ ബന്ധുവും പത്തപ്പിരിയം വാര്‍ഡംഗവുമായ എ അഹമ്മദ് കുട്ടി എന്നിവര്‍ പ്രശ്‌നത്തിന്റെ ഗൗരവം പഠിക്കാന്‍ പോലും തയ്യാറാവാതെ മുഖം തിരിച്ചിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss