|    May 27 Sat, 2017 2:35 am
FLASH NEWS

ഭീതിവിതച്ച കടുവ വനംവകുപ്പിന്റെ കെണിയിലായി

Published : 10th October 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: ജനവാസകേന്ദ്രത്തിലിറങ്ങി കഴിഞ്ഞ 12 ദിവസമായി ഭീതിവിതച്ച കടുവ ഒടുവില്‍ വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ അകപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഒന്നാംമൈല്‍ ആര്‍മാട് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. ആറു വയസ്സ് പ്രായമുള്ള പെണ്‍കടുവയാണിത്. പരിക്കേറ്റ് ഇരതേടാന്‍ സാധിക്കാത്തതിനാലാവാം കടുവ ജനവാസകേന്ദ്രത്തിലിറങ്ങിയതെന്ന് അധികൃതര്‍ പറഞ്ഞു. ഒരു പല്ല് പൊട്ടുകയും മുന്‍കാലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പിന്‍കാലിന് മുടന്തുമുണ്ടെന്നാണ് അറിയുന്നത്. നല്ല ക്ഷീണമുള്ളതിനാല്‍ ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റിരിക്കാമെന്നാണ് അനുമാനം.
കഴിഞ്ഞ മാസം 28 മുതലാണ് കടുവയെ ജനവാസകേന്ദ്രങ്ങളില്‍ കാണാന്‍ തുടങ്ങിയത്. രണ്ട് ആടുകളെ കടുവ കൊന്നു. കടുവയെ പിടിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് കൂടുവയ്ക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ കൂട്ടില്‍ കയറിയ കടുവ ഇരയെയുമെടുത്ത് കൂട്ടില്‍നിന്നു രക്ഷപ്പെട്ടു. പിന്നീട് വനംവകുപ്പ് അധികൃതര്‍ കൂടിന്റെ അപാകത പരിഹരിച്ച് വീണ്ടും സ്ഥാപിക്കുകയായിരുന്നു. വീണ്ടും കൂട്ടില്‍ കയറിയ കടുവ കെണിയിലകപ്പെടുകയായിരുന്നു. കെണിയിലകപ്പെട്ട കടുവയെ പിന്നീട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസില്‍ എത്തിച്ചു. വൈദ്യപരിശോധനയ്ക്കുശേഷം തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയി. വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയ, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ കൃഷ്ണദാസ്, അജിത് കെ രാമന്‍, ഹീരലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കടുവയെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day