|    Jan 17 Tue, 2017 10:15 am
FLASH NEWS

ഭീകരവിരുദ്ധ നിയമം ശക്തമാക്കും: ആഭ്യന്തരമന്ത്രി

Published : 13th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭീകരവിരുദ്ധ നിയമങ്ങള്‍ ശക്തിപ്പെടുത്തുകയും സുരക്ഷാ ഏജന്‍സികളുടെ നടപടികള്‍ക്ക് നിയമപരിരക്ഷ ലഭ്യമാക്കുകയും ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളിലാണ് എന്‍ഡിഎ സര്‍ക്കാരെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. തീവ്രവാദികള്‍ അവരുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നത് പുതിയ ഭീഷണിയായി ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദികളെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (യുഎപിഎ) നിയമവും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നിയമവും കൂടുതല്‍ കര്‍ക്കശമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അന്വേഷണ ഏജന്‍സികളുടെ ആദ്യ ദേശീയ സമ്മേളനം ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ്‌നാഥ് സിങ്. രഹസ്യ പ്രവര്‍ത്തനങ്ങളിലൂടെ തെളിവു ശേഖരിക്കുന്നതിനും സംശയങ്ങള്‍ ദുരീകരിക്കുന്നതിനും നിയമപരിരക്ഷ നല്‍കും.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് തടയാന്‍ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം(സിഇആര്‍ടി-ഐഎന്‍), സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി-ഡാക്) പോലുള്ള സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദലിതുകളുടേയും പട്ടികജാതി-വര്‍ഗങ്ങളുടേയും, സ്ത്രീകളുടെയും ശാക്തീകരണത്തിനും വികസനത്തിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
ദലിതുകള്‍ക്ക് അവഹേളനമേല്‍ക്കാതെ പോലിസില്‍ പരാതി നല്‍കുന്നതിനുള്ള സാഹചര്യം ഒരുക്കും. പുതിയ തരം കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തി പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരേയുള്ള അതിക്രമം തടയല്‍ നിയമം ഭേദഗതി ചെയ്യും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും സ്ത്രീകളുടെ പരാതികള്‍ അന്വേഷിക്കുന്നതിന് രാജ്യത്തെ 564 ജില്ലകളില്‍ സമര്‍പ്പണബുദ്ധിയുള്ള അന്വേഷണ ഏജന്‍സികളെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു.
ബ്യൂറോ ഓഫ് പോലിസ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റും ദേശീയ അന്വേഷണ ഏജന്‍സിയും സംയുക്തമായാണ് രണ്ടു ദിവസം നീളുന്ന സമ്മേളനം സംഘടിപ്പിക്കുന്നത്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കേന്ദ്ര പോലിസ് സംഘടനകളുടെയും ഡയറക്ടര്‍ ജനറല്‍മാര്‍, ക്രൈം ബ്രാഞ്ചുകളുടെയും ആന്റി ടെററിസം സ്‌ക്വാഡ്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തുടങ്ങിയവയുടെ മേധാവികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക