|    Apr 23 Mon, 2018 3:48 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഭീകരവാദം അവസാനിപ്പിക്കാനുള്ള മറുമരുന്നല്ല വ്യാജ ഏറ്റുമുട്ടല്‍: മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി

Published : 6th November 2016 | Posted By: SMR

തിരുവനന്തപുരം: ഭീകരവാദം അവസാനിപ്പിക്കാനുള്ള മറുമരുന്നല്ല വ്യാജ ഏറ്റുമുട്ടലെന്ന് തിരുവനന്തപുരം മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് കായിക്കര ബാബു. ഭോപാലില്‍ വിചാരണത്തടവുകാരായ എട്ടു മുസ്‌ലിംകളെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ പോലിസ് നടപടിയില്‍ സുപ്രിംകോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യാജ ഏറ്റുമുട്ടലുകള്‍ രാജ്യത്ത് വര്‍ധിച്ചുവരുകയാണ്. ആരെയും എപ്പോള്‍ വേണമെങ്കിലും കൊല്ലാമെന്ന സാഹചര്യമാണ് രാജ്യത്ത് ഇന്നു നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭോപാലില്‍ നടന്നത് ഞെട്ടിക്കുന്ന സംഭവമാണ്. സംഭവത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ മധ്യപ്രദേശ് സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. കുറ്റവാളികളുടെ അവകാശമാണ് വിചാരണ. എന്നാല്‍, പൗരസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണ് രാജ്യത്ത് നടന്നുവരുന്നത്. ഇതിനെ എങ്ങനെ നേരിടണമെന്നതാണ് രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രസക്തമായ ചോദ്യം.
കുറ്റവാളികളായി മുദ്രചാര്‍ത്തുന്നവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നീതിന്യായ കോടതികള്‍ക്കാണ്. രാജ്യത്തെ ജനങ്ങള്‍ അവസാനത്തെ അത്താണിയായി കാണുന്ന കോടതിയുടെ ഉത്തരവാദിത്തത്തില്‍ കഴിയുന്ന തടവുകാരെ നിഷ്‌കരുണം കൊന്നുതള്ളാന്‍ പോലിസിന് ആരാണ് അധികാരം നല്‍കിയതെന്നു വ്യക്തമാക്കണം.
നീതിന്യായ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി നിരപരാധികളെ കൊല്ലുന്നതിനായി പടച്ചുണ്ടാക്കുന്ന വ്യാജകഥകളെ നിഷ്പക്ഷമായി ചിന്തിക്കുന്ന ജനങ്ങള്‍ തള്ളിക്കളയുന്നത് സ്വാഗതാര്‍ഹമാണ്. പ്ലേറ്റും സ്പൂണും പുതപ്പും ബ്രഷും പേസ്റ്റും മാരകായുധങ്ങളായി ചിത്രീകരിക്കേണ്ട ഗതികേടിലാണിന്ന് മധ്യപ്രദേശ് പോലിസും ആഭ്യന്തരമന്ത്രിയും. വര്‍ധിച്ചുവരുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ തടയാനും പൗരന്‍മാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോ-ഓഡിനേഷന്‍ കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ ഡോ. എ നിസാറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എ ഇബ്രാഹീംകുട്ടി മൗലവി, അഡ്വ. എ എം കെ നൗഫല്‍, അബ്ദുല്‍ മജീദ് നദ്‌വി, വിഴിഞ്ഞം ഹനീഫ്, ഇ സുല്‍ഫി, അഡ്വ. പാച്ചല്ലൂര്‍ നുജൂമുദ്ദീന്‍, എ എല്‍ എം കാസിം, എ എല്‍ നിസാര്‍, ബഷീര്‍ കരമന, നദീം വെഞ്ഞാറമൂട്, കരമന സലീം എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് രാജ്ഭവനു മുന്നില്‍ പോലിസ് തടഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss