|    Apr 23 Mon, 2018 5:44 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഭീകരമായ കൊല; ദയയുള്ള കൊല

Published : 3rd October 2015 | Posted By: G.A.G

മാറ്റ് പെപ്പെ


റു മാസം മുമ്പ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ജോര്‍ദാനിയന്‍ പൈലറ്റ് മുഅസ്സ് കസിയാസ്‌ബെയെ കൊലപ്പെടുത്തിയതില്‍ കാണിച്ച ദുഷ്ടതയെയും നിഷ്ഠുരതയെയും അപലപിച്ചിരുന്നു. തുടര്‍ന്ന് യു.എസ്. പ്രസിഡന്റ് ഒബാമ മുഅസ്സിന്റെ കൊലപാതകം ഐ.എസിന്റെ പ്രത്യയശാസ്ത്രം പൊള്ളയാണെന്നതിന്റെ തെളിവാണെന്ന് അഭിപ്രായപ്പെട്ടു. ജന്മനാടായ ജോര്‍ദാനില്‍ മുഅസ്സ് വീരനായകനും രക്തസാക്ഷിയുമാണ്. ഐ.എസ്. എന്ന ശത്രു എത്രമാത്രം ചീത്തയാണെന്നതിന്റെ ദൃഷ്ടാന്തമാണ് മുഅസ്സിന്റെ കൊലയെന്നാണ് പാശ്ചാത്യസഖ്യവും അവരെ പിന്തുണയ്ക്കുന്ന അറബ് രാജാക്കന്‍മാരും അഭിപ്രായപ്പെട്ടത്. 26കാരനായ പൈലറ്റ് മുഅസ്സിനെ കുറേക്കാലം തടവിലിട്ട ശേഷം ഒരു ഇരുമ്പുകൂട്ടില്‍ ബന്ധിച്ചു തീകൊളുത്തി കൊല്ലുകയായിരുന്നു.

കൊലയുടെ ചിത്രം ഐ.എസ്. യൂട്യൂബിലിടുകയും ചെയ്തു. എന്നാല്‍, നിരപരാധിയായ ഒരു സിവിലിയനായിരുന്നില്ല മുഅസ്സ്. ജോര്‍ദാന്‍ രാജകീയ വിമാനസേനയിലെ അംഗമായ അയാള്‍ ഐ.എസിന്റെ പ്രദേശങ്ങളില്‍ ബോംബിടുന്നതില്‍ പങ്കാളിയായിരുന്നു. തന്റെ എഫ്-16 ജെറ്റ് വിമാനം തകര്‍ന്നുവീണതിനാലാണ് അയാള്‍ ഐ.എസിന്റെ പിടിയില്‍പ്പെട്ടത്. ജനീവ കരാര്‍ പ്രകാരം യുദ്ധത്തടവുകാരോട് ദയയോടെ പെരുമാറണമെന്നും സംഘര്‍ഷം അവസാനിപ്പിക്കുമ്പോള്‍ അവരെ മോചിപ്പിക്കണമെന്നുമുണ്ട്. അവരുടെ തടവ് ഒരു ശിക്ഷയല്ല. ആക്രമണങ്ങളില്‍ തുടര്‍ന്നും അവര്‍ പങ്കെടുക്കാതിരിക്കാന്‍ മാത്രമാണ് അവരെ തടങ്കലില്‍ വയ്ക്കുന്നതെന്ന് അന്താരാഷ്ട്ര റെഡ്‌ക്രോസ് വ്യക്തമാക്കുന്നു. മുഅസ്സിനെ വധിക്കുന്നതിന് ഐ.എസിനു നിയമപരമായ ന്യായീകരണമില്ല. എന്നാല്‍, അയാള്‍ കൊല്ലപ്പെട്ടപ്പോള്‍ പാശ്ചാത്യ ഭരണാധികാരികള്‍ സ്വീകരിച്ച നിലപാട് കപടമാണ്. ഐ.എസിനു ചെയ്യാന്‍ സാധിക്കുന്നതിനേക്കാള്‍ എത്രയോ അധികം കൊലപാതകങ്ങള്‍ ബ്രിട്ടനും യു.എസും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, രണ്ടാഴ്ച മുമ്പാണ് രണ്ടു ബ്രിട്ടിഷ് പൗരന്‍മാരെ കൊലചെയ്യാന്‍ പ്രധാനമന്ത്രി കാമറണ്‍ ഉത്തരവിട്ടത്.

റിയാദ് ഖാനെ കൊലചെയ്യാന്‍ പാര്‍ലമെന്റിന്റെ സമ്മതം പോലുമുണ്ടായിരുന്നില്ല. ഖാന്റെ കൂടെ കൊല്ലപ്പെട്ട റൂഹുല്‍ അമീന്‍ മരണമര്‍ഹിക്കുന്ന കൂട്ടാളിയാണെന്നാണ് വിശദീകരിക്കപ്പെട്ടത്. ബ്രിട്ടന്‍ സിറിയയോട് യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ കാമറണിന് തന്റെ ചെയ്തിക്കു നിയമപരമായ സാധൂകരണവുമുണ്ടായിരുന്നില്ല. വ്യാജ നിയമസാധുതയുള്ള അത്തരം കൊലകള്‍ ഒരു കോടതിയും അംഗീകരിക്കില്ല. കാമറണ്‍ പക്ഷേ ഒബാമയെ പിന്തുടരുകയായിരുന്നു. യു.എസ്. കോണ്‍ഗ്രസ് യുദ്ധം പ്രഖ്യാപിക്കാത്ത ഏഴു മുസ്‌ലിം രാജ്യങ്ങളിലാണ് ഒബാമയുടെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്. ആറു വര്‍ഷത്തിനുള്ളില്‍ അങ്ങനെ 2500ലധികം പേര്‍ കൊല്ലപ്പെട്ടു. യാതൊരു കരുതലുമില്ലാതെ നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ നിഷ്ഫലമായിരുന്നു. അമേരിക്കന്‍ മരുഭൂമിയില്‍ എയര്‍കണ്ടീഷന്‍ഡ് വാഹനങ്ങളിലിരുന്ന് കംപ്യൂട്ടര്‍ ജോയ്‌സ്റ്റിക്ക് ഉപയോഗിച്ചു നടത്തുന്നതായിരുന്നു ആക്രമണങ്ങള്‍. ഓരോ റോക്കറ്റ് ആക്രമണത്തിലും അതുമായി ബന്ധമില്ലാത്ത 28 പേര്‍ കൊല്ലപ്പെടുന്നുവെന്നാണ് ഒരു പഠനം വ്യക്തമാക്കിയത്. യമനില്‍ നടന്ന ഒരാക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒരു വിവാഹപ്പാര്‍ട്ടിയില്‍പ്പെട്ട 12 പേരായിരുന്നു.

സ്വന്തം പിതാവും സഹോദരനും ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് എപ്പോഴും ‘മരണയന്ത്ര’ത്തെ ഭയപ്പെട്ടുകഴിഞ്ഞ ഒരു 13കാരന്‍ ബാലനും മരിച്ചവരിലുണ്ടായിരുന്നു- മുഹമ്മദ് തുഅയ്മന്‍. മരിക്കുന്നതിനു മുമ്പ് മുഹമ്മദ് തുഅയ്മന്‍ ഗാര്‍ഡിയന്‍ ലേഖകനോട് പറഞ്ഞതിങ്ങനെ: ”ഈ പ്രദേശത്തെ കുട്ടികളില്‍ പലരും ഡ്രോണിനെക്കുറിച്ച് പേക്കിനാവ് കണ്ടാണ് ഞെട്ടിയുണരുന്നത്. അവരില്‍ പലര്‍ക്കും മാനസികപ്രശ്‌നങ്ങളുണ്ട്. അമേരിക്കക്കാര്‍ ഈ പ്രദേശം നരകതുല്യമാക്കിയിരിക്കുന്നു.” കാമറണ്‍ സ്വന്തം പൗരന്‍മാരെ നിയമവിരുദ്ധമായി വധിക്കുന്നതിനു മുമ്പുതന്നെ ഒബാമ സ്വന്തം നാട്ടുകാരെ വിചാരണ കൂടാതെ വധിച്ചുതുടങ്ങിയിരുന്നു. യമനി പണ്ഡിതനായ അമേരിക്കന്‍ പൗരന്‍ അന്‍വര്‍ അല്‍ ഔലാക്കിയാണ് അവരില്‍ പ്രമുഖന്‍. 2011ല്‍ ഒരു ഡ്രോണ്‍ ആക്രമണത്തിലാണ് ഔലാക്കി കൊല്ലപ്പെടുന്നത്. ഔലാക്കി അല്‍ഖാഇദയുടെ സജീവ പ്രവര്‍ത്തകനാണെന്നായിരുന്നു വൈറ്റ്ഹൗസ് പറഞ്ഞ ന്യായം. സത്യത്തില്‍ ഔലാക്കിയുടെ ചിന്തകളാണ് ഒബാമയ്ക്ക് ഭീഷണിയായതെന്നു ഗ്രന്ഥകാരനായ അരുണ്‍ കുന്‍ദ്‌നാനി പറയുന്നു. അതായത്, യു.എസ്. ഭരണഘടനയുടെ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുന്ന പ്രശസ്തമായ ഒന്നാം ഭേദഗതി ഒബാമയ്ക്ക് പ്രശ്‌നമല്ല. അദ്ദേഹം ഒറ്റയ്ക്ക് ഒരാളെ കൊല്ലാന്‍ ഉത്തരവിടുന്നു. 800 വര്‍ഷം മുമ്പ് മാഗ്നാകാര്‍ട്ട ഒപ്പിടുന്നതിനു മുമ്പ് ബ്രിട്ടനിലെ ജോണ്‍ രാജാവിനുണ്ടായിരുന്ന അതേ പരമാധികാരം.

ഔലാക്കി കൊല്ലപ്പെട്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ അദ്ദേഹത്തിന്റെ 16കാരനായ മകനും ഡ്രോണ്‍ റോക്കറ്റേറ്റ് കൊല്ലപ്പെട്ടു. അവനു ‘കൂടുതല്‍ ഉത്തരവാദിത്തബോധമുള്ള ഒരു പിതാവില്ലാത്തതിന്റെ ഫലം’ എന്നായിരുന്നു അപ്പോള്‍ യു.എസ്. പ്രസിഡന്റിന്റെ പ്രതികരണം. ഒരു ആക്രമണം ആസന്നമല്ലാതിരിക്കുമ്പോള്‍ ഭരണകൂടങ്ങള്‍ വ്യക്തിവധത്തിനു മുതിരുന്നത് നിയമവിരുദ്ധമാണെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി വ്യക്തമാക്കിയതാണ്. അതായത്, കാമറണ്‍ ചെയ്തത് കൊലപാതകമാണ്. സമീപകാലത്തായി പെന്റഗണ്‍ അവരുടെ വാര്‍ മാന്വലില്‍ സിവിലിയന്‍മാരെ വകവരുത്തുന്ന വകുപ്പ് എഴുതിച്ചേര്‍ത്തു. ആ മാന്വല്‍ പ്രകാരം യുദ്ധരംഗത്തുള്ള മാധ്യമപ്രവര്‍ത്തകരും ശത്രുഗണത്തില്‍പ്പെടും. അതായത് അവരെയും വേണമെങ്കില്‍ വകവരുത്താം. യു.എസ്. മിലിറ്ററി അക്കാദമിയായ വെസ്റ്റ് പോയിന്റിലെ ഒരു പ്രഫസര്‍ കുറേക്കൂടി കടന്നുചെന്ന്, ‘ഭീകരതയ്‌ക്കെതിരായ യുദ്ധ’ത്തെ വിമര്‍ശിക്കുന്നവരെയും കൊലപ്പെടുത്താമെന്ന് അഭിപ്രായപ്പെട്ടു. ഐ.എസ്. ക്രൂരത കൂടിയ സംഘടനയാണ്.

അതിനു മനുഷ്യാവകാശങ്ങളോട് ഒരു ബഹുമാനവുമില്ല. അവര്‍ വന്‍തോതില്‍ വംശശുദ്ധീകരണം നടത്തുകയും പീഡിപ്പിക്കുകയും ലൈംഗികാവശ്യങ്ങള്‍ക്കായി ജനങ്ങളെ അടിമകളാക്കുകയും ചെയ്യുന്നുവെന്ന വിശ്വസനീയമായ വാര്‍ത്തകളുണ്ട്. എന്നാല്‍, ജപ്പാന്‍കാരായ പത്രപ്രവര്‍ത്തകരെയും ജോര്‍ജിയന്‍ പൈലറ്റിനെയും അവര്‍ കൊലപ്പെടുത്തിയത് തുല്യതയില്ലാത്ത ദുഷ്ടതയാണെന്നു പറയുന്നവര്‍ പാശ്ചാത്യ രാഷ്ട്രങ്ങളുടെ ദുഷ്ടകൃത്യങ്ങളുടെ നീണ്ട ചരിത്രം മൂടിവയ്ക്കുകയാണ്. ചരിത്രപരമായ പിന്തുണയില്ലാത്ത ഈ പിശാചുവല്‍ക്കരണം ഐ.എസ്. വളര്‍ന്നുവന്നതിന്റെ സാഹചര്യം ഒരുക്കിയവരെ നിരപരാധികളാക്കുന്നു. ഇറാഖ് അധിനിവേശം, അബൂഗുറയ്ബ് ജയിലിലെ കൊടുംപീഡനം, സിറിയയിലെ വിഭാഗീയ സംഘര്‍ഷങ്ങള്‍ക്കു നല്‍കിയ സഹായം എന്നിവ ഐ.എസിന്റെ ആവിര്‍ഭാവത്തിനു വഴിവച്ചു. യു.എസും ബ്രിട്ടനും നടത്തുന്ന ആക്രമണങ്ങളൊക്കെ ശത്രുക്കളുടെ ആക്രമണങ്ങള്‍ക്കുള്ള ന്യായമായ തിരിച്ചടിയാണെന്നോ ന്യായീകരിക്കാവുന്ന നയങ്ങളുടെ പാര്‍ശ്വവിപത്തുകളാണെന്നോ വിശദീകരിക്കുക പ്രയാസമാണ്; മാധ്യമങ്ങളും ചില മനുഷ്യാവകാശ സംഘടനകളും അതിനു ശ്രമിക്കുന്നുവെങ്കിലും.

മുഅസ്സ് കസിയാസ്‌ബെയുടെ കാര്യം തന്നെയെടുക്കാം. അയാള്‍ ഐ.എസ്. നിയന്ത്രിക്കുന്ന പ്രദേശങ്ങളില്‍ ബോംബ് വര്‍ഷിക്കുകയായിരുന്നു. അയാളുടെ ഇരകള്‍ തന്നെയാണ് കൈയില്‍ കിട്ടിയപ്പോള്‍ അയാളെ വകവരുത്തുന്നത്. ഭരണഘടനാപരമായ അവകാശങ്ങളുള്ള സ്വന്തം പൗരന്‍മാരെത്തന്നെയാണ് കാമറണും ഒബാമയും വിചാരണ കൂടാതെ വധിക്കുന്നത്. നിയമവിധേയമല്ലാത്ത കൊല ഭീകരതയായി ചിത്രീകരിക്കുകയും മറ്റൊരു കൊലയ്ക്ക് ന്യായീകരണം നല്‍കുകയും ചെയ്യുന്നത് കാപട്യമാണ്. ഭരണകൂടം നടത്തുന്ന കൊല ന്യായമായ കൊലയും അല്ലാത്തവര്‍ നടത്തുന്നത് അന്യായമായ കൊലയും ആയിക്കൂടാ. അത്തരം നിലപാടുകള്‍ അധികാരത്തില്‍ ഇരിക്കുന്നവരെ മറുപടി പറയേണ്ട ബാധ്യതയില്‍ നിന്നൊഴിവാക്കുന്നു. മറ്റു രാഷ്ട്രങ്ങള്‍ക്ക് അതേ വഴി സ്വീകരിക്കാന്‍ അതു പ്രചോദനമാവുന്നു.

(അമേരിക്കന്‍ പത്രപ്രവര്‍ത്തകനാണ് ലേഖകന്‍.)

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss