|    Oct 17 Wed, 2018 3:05 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഭീകരന്‍, വെടിക്കാരന്‍, അക്രമി

Published : 1st August 2016 | Posted By: SMR

റോബര്‍ട്ട് ഫിസ്‌ക്

മ്യൂണിക്കില്‍ ഒരു വെള്ളിയാഴ്ച രാത്രി. കാബൂളില്‍ ഒരു ശനിയാഴ്ച രാവിലെ. രണ്ടു നഗരങ്ങളും തമ്മില്‍ ഏതാണ്ട് 3,000, 5,000 കിലോമീറ്റര്‍ അകലമുണ്ട്. എന്നാല്‍, കാപട്യത്തിന്റെയും ഭയപ്പാടിന്റെയും പ്രയോഗത്തില്‍ രണ്ടിടത്തും നടന്ന സംഭവങ്ങളില്‍ നമുക്ക് പാഠങ്ങള്‍ ഏറെയാണ്. ഭീകരത എന്ന പഴയ വെറുപ്പുണ്ടാക്കുന്ന പദം എന്നെ നിരാശപ്പെടുത്തുകയാണ്. അതിപ്പോള്‍ ഒരു വിരാമചിഹ്നമായി മാറിയിരിക്കുന്നു. ഏതൊരു പഴക്കമുള്ള രാഷ്ട്രീയക്കാരന്റെയും പോലിസിന്റെയും പത്രപ്രവര്‍ത്തകന്റെയും ചിന്താസ്ഥാപനങ്ങളിലെ കിറുക്കന്റെയും രംഗപ്രവേശം സൂചിപ്പിക്കുന്ന സംഗീതശകലമാണത്.
ഭീകരത, ഭീകരത, ഭീകരന്‍, ഭീകരന്‍ അങ്ങനെയാണ് അതിന്റെ ആദ്യവരികള്‍. പക്ഷേ, ഇടയ്ക്കിടെ അതിന്റെ കാലില്‍ തട്ടി നാം നിലംപതിക്കുന്നു. മ്യൂണിക്കിലും കാബൂളിലും അതാണുണ്ടായത്. അതിങ്ങനെ: മൂന്ന് ആയുധധാരികള്‍ മ്യൂണിക്കില്‍ വെടിവച്ചുനീങ്ങിയതറിഞ്ഞപ്പോള്‍ ജര്‍മന്‍ പോലിസും ബിബിസി, സിഎന്‍എന്‍, ഫോക്‌സ് ന്യൂസ് തുടങ്ങിയ അന്താരാഷ്ട്ര ചാനലുകളിലുള്ള യുവതീയുവാക്കളും ഭീകരത എന്ന് അടയാളപ്പെടുത്തിയ സ്വിച്ചിന്റെ മേല്‍ വിരല്‍ വച്ചു. മ്യൂണിക്ക് പോലിസ് ഇതൊരു ഭീകരപ്രവര്‍ത്തനം തന്നെ എന്നു ഭയപ്പെട്ടതായി നാം കേട്ടു. അവര്‍ ഭീകരരെ വേട്ടയാടാന്‍ തുടങ്ങിയെന്ന് ബിബിസി. മൂന്നു തോക്കുധാരികള്‍ മുസ്‌ലിംകളാണെന്നാണു കരുതപ്പെട്ടിരുന്നത്. അതിനാല്‍ അവര്‍ ഭീകരരായിരിക്കും. പിന്നെ ഐഎസ് പോലുള്ള ഭീകരസംഘങ്ങളില്‍ അംഗങ്ങളോ അതല്ലെങ്കില്‍ അവരാല്‍ പ്രചോദിതരോ!
പിന്നെ മൂന്നുപേരില്ലെന്നും ഒരാളാണ് കൊലപാതകിയെന്നുമുള്ള വിവരം പുറത്തുവന്നു. കൂട്ടക്കൊലയില്‍ ആവേശമുള്ള ഒരുവന്‍. ജര്‍മനിയില്‍ ജനിച്ച പാതി ഇറാനി രക്തമുള്ള ടീന്‍ ഏജര്‍. പെട്ടെന്നതാ ബിബിസിയും സിഎന്‍എന്നും ഫോക്‌സ് ന്യൂസും മിക്കവാറും എല്ലാ ബ്രിട്ടിഷ് പത്രങ്ങളും അയാളെ വെറുമൊരു വെടിവയ്പുകാരനാക്കി മാറ്റുന്നു. ഒരു ബ്രിട്ടിഷ് പത്രം ഒരു വാര്‍ത്തയില്‍ 14 പ്രാവശ്യമാണ് അയാളെ വെറുമൊരു വെടിവയ്പുകാരനെന്നു വിശേഷിപ്പിച്ചത്. വെടിവയ്ക്കുന്നവന്‍ ഭീകരനെപ്പോലെ ഭീകരതയുളവാക്കുകയില്ലല്ലോ! ഇരുകൂട്ടരും ഒരേ കാര്യമാണു ചെയ്യുന്നതെങ്കിലും. എന്നാല്‍, വെടിവയ്ക്കുന്നവന്‍ എന്നത് ഒരു കോഡാണ്. അതിനര്‍ഥമിതാണ്: കൊലയാളി ഒരു മുസ്‌ലിമല്ല.
ഇനി കാബൂളിലേക്ക്. അഫ്ഗാന്‍ തലസ്ഥാനത്ത് സര്‍ക്കാര്‍തലത്തില്‍ സാധാരണ നടക്കുന്ന വിവേചനത്തിനെതിരേ പ്രകടനം നടത്തുന്ന ആയിരക്കണക്കിനു ഹസാര ശിയാക്കളുടെ നടുവിലേക്കു മരിക്കാന്‍ തയ്യാറായ ബോംബര്‍മാരെ അയച്ചത് സുന്നി ഭീകരസംഘടനയായ ഐഎസ് തന്നെയായിരുന്നു. ഗവണ്‍മെന്റ് ഹസാര ജനവാസമേഖലയില്‍ കൂടുതല്‍ ശേഷിയുള്ള ഒരു വൈദ്യുതി ലൈന്‍ വലിക്കാന്‍ മടിച്ചതായിരുന്നു പ്രതിഷേധത്തിനു വഴിവച്ചത്. പ്രതിഷേധപ്രകടനം നടത്തരുതെന്ന് സര്‍ക്കാര്‍ അവര്‍ക്കു ദുസ്സൂചനയുള്ള ഒരു മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍, തലസ്ഥാന നഗരിയിലെ ഹസാരകള്‍ അതൊക്കെ അവഗണിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുമ്പില്‍ തമ്പടിച്ചു ‘നീതിയും വെളിച്ചവും’, ‘വിവേചനത്തിനു മരണം’ എന്നൊക്കെയെഴുതിയ ബാനറുകളും അവരുയര്‍ത്തിയിരുന്നു.
ഐഎസിലെ രണ്ടുപേര്‍ അവര്‍ക്ക് പകരം നല്‍കിയത് മരണമാണ്. 80 പേര്‍ ഛിന്നഭിന്നമായി; 260 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഫ്ഗാന്‍ സര്‍ക്കാരിനെ ചിലപ്പോള്‍ താലിബാന്‍ സര്‍ക്കാര്‍ എന്നു വിളിക്കാറുണ്ട്. അതിനുള്ളില്‍ തന്നെ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഒരു അഫ്ഗാന്‍ പതിപ്പ് ഒരു ബാക്റ്റീരിയപോലെ ഒളിച്ചിരിക്കുന്നുവെന്ന് ഇന്നു പലരും കരുതുന്നു. അതുകൊണ്ടുതന്നെയാണു പ്രതിഷേധപ്രകടനം സംഘടിപ്പിച്ചവര്‍ കരുതുന്നത് കൂട്ടക്കൊലയ്ക്കു പിന്നില്‍ ഗനി-അബ്ദുല്ല സര്‍ക്കാര്‍ തന്നെയാണെന്ന്. എന്നാല്‍, പടിഞ്ഞാറുള്ള നാം അതൊന്നും കണക്കിലെടുക്കാറില്ല. നാം നോക്കിയത് കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുത്തുവെന്നതാണ്. അല്ലെങ്കില്‍ ആരതു നിഷേധിച്ചു. താലിബാന്‍ അതു നിഷേധിച്ചു. ഐഎസ് അതേറ്റെടുത്തു. പിന്നെ റിപോര്‍ട്ടുകള്‍ മുഴുവന്‍ അതുസംബന്ധിച്ചായിരുന്നു. ആഗോളതലത്തില്‍ വ്യാപിച്ച രോഗമാണ് മ്യൂണിക്കില്‍ കണ്ടതെന്ന് ബ്രിട്ടിഷ് വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. എന്നാല്‍, ആരെങ്കിലും കാബൂള്‍ ആക്രമണത്തെപ്പറ്റി വല്ലതും പറഞ്ഞുവോ! അതൊരു ഭീകരാക്രമണമാണെന്നു വല്ലവരും ആരോപിച്ചുവോ. മാധ്യമങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും അതൊരു ചാവേറാക്രമണമോ അക്രമികള്‍ നടത്തിയ അരുംകൊലയോ ആയിരുന്നു. അതായത് മ്യൂണിക്കിലെ വെടിവയ്പുകാരന്‍ നടത്തിയ ആക്രമണംപോലെ ഒന്ന്. അസാധാരണം തന്നെ! യൂറോപ്പിലെത്തുമ്പോള്‍ ഒരു മുസ്‌ലിം അക്രമി ഭീകരനാവുന്നു. പശ്ചിമ-ദക്ഷിണേഷ്യയില്‍ അയാള്‍ വെറും അക്രമി. കാബൂളില്‍ ഐഎസ് പോരാളികള്‍ പാശ്ചാത്യരെ ആക്രമിക്കാത്തതുകൊണ്ടായിരിക്കുമോ അത്. അല്ലെങ്കില്‍ അവര്‍ ശിയാക്കളാണെങ്കിലും മുസ്‌ലിംകളെ ആക്രമിച്ചതുകൊണ്ടാണോ?
ഈ ചോദ്യങ്ങള്‍ക്കു നല്‍കുന്ന രണ്ട് ഉത്തരവും ശരിയാണെന്ന് എനിക്കു തോന്നുന്നു. വിചിത്രമായ ഈ പ്രയോഗങ്ങള്‍ക്കു മറ്റൊരു കാരണവും ഞാന്‍ കാണുന്നില്ല. നോര്‍വേയില്‍ അഞ്ചുവര്‍ഷം മുമ്പ് അനേകം യുവതീയുവാക്കളെ കൊന്ന ആന്‍ഡ്രൈ ബ്രെയ്‌വിക്കാണ് അലി സുന്‍ബലിക്കു പ്രചോദനമായത് എന്നുവന്നപ്പോള്‍ അബൂബക്കര്‍ അല്‍ബഗ്ദാദി എന്ന ഖലീഫയെ എല്ലാവരുമങ്ങ് വിട്ടുകളഞ്ഞു. (യൂറോപ്പിലും അമേരിക്കയിലും നടന്ന സ്‌കൂള്‍ വെടിവയ്പുകള്‍ അപഗ്രഥിച്ചാണ് അലി കൊലയ്ക്കിറങ്ങിയത്). അതോടെ ജര്‍മന്‍ പൗരനായ അലി വെറുമൊരു വെടിക്കാരനായി. കാബൂളില്‍ യഥാര്‍ഥ ഭീകരപ്രവര്‍ത്തനം നടത്തിയവര്‍ വെറും അക്രമികളായി ഭീകരര്‍ എന്ന ദുഷ്‌പ്പേരില്‍നിന്നു രക്ഷപ്പെട്ടു.
ഇത്തരം അസംബന്ധങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനാണു വഴി. യൂറോപ്യന്‍ യൂനിയനിലെ പല രാഷ്ട്രങ്ങളിലും നടക്കുന്ന ആക്രമണങ്ങളില്‍ മുസ്‌ലിംകള്‍ ഇരകളാവാനുള്ള സാധ്യത കൂടിവരുന്നു. ഫ്രഞ്ച് നഗരമായ നീസില്‍ കൊല്ലപ്പെട്ടവരില്‍ ധാരാളം മുസ്‌ലിംകളുമുണ്ടായിരുന്നു. എന്നാല്‍, അതൊന്നും തലക്കെട്ടുകളില്‍ വന്നില്ല. മ്യൂണിക്കില്‍ കൊല്ലപ്പെട്ട ഒമ്പതുപേരില്‍ നാലുപേര്‍ തുര്‍ക്കി വംശജരായ മുസ്‌ലിം യുവാക്കളായിരുന്നു. അതും പതിവ് റിപോര്‍ട്ടില്‍ മുങ്ങിപ്പോയി.
അതായത് ഇപ്പോള്‍ യൂറോപ്പില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ കൊല്ലപ്പെടുന്ന മുസ്‌ലിംകള്‍ കണക്കില്‍ വരില്ല. അവര്‍ കൊലയാളികളാവുമ്പോള്‍ തലക്കെട്ടില്‍ മുഴച്ചുനില്‍ക്കും. കാബൂളില്‍ സംഭവിച്ചപോലെ ഇരകളും അക്രമികളും ഒരേ മതക്കാരാവുമ്പോള്‍ പാശ്ചാത്യര്‍ക്ക് അത് വലിയ വിഷയമാവില്ല.
വളരെ വിളറിയ ചോരപ്പുഴയാണ് അപ്പോള്‍ വാര്‍ത്തകളില്‍ കാണുക, ഏതാണ്ടൊരു ഫുട്‌ബോള്‍ മാച്ച് റിപോര്‍ട്ട് ചെയ്യുന്നപോലെ. അക്രമികള്‍ ആക്രമിച്ചു: ആക്രമിക്കപ്പെട്ട 80 പേര്‍ ചത്തു എന്ന് സ്‌കോര്‍ ബോര്‍ഡില്‍ കാണും.
ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങനെയായിരിക്കും പ്രയോഗങ്ങള്‍. പാശ്ചാത്യരെ ആക്രമിക്കുന്ന മുസ്‌ലിംകള്‍ ഭീകരര്‍. അമുസ്‌ലിംകള്‍ അക്രമികളാവുമ്പോള്‍ അവര്‍ വെറും വെടിവയ്പുകാര്‍. മുസ്‌ലിംകള്‍ മുസ്‌ലിംകളെ ആക്രമിക്കുമ്പോള്‍ അവര്‍ വെറും അക്രമികള്‍.
ഈ ലേഖനം വെട്ടിയെടുത്തു സൂക്ഷിച്ചോളൂ. കൊലയാളികള്‍ വീണ്ടും വരുമ്പോള്‍ മാധ്യമങ്ങളുടെയും പോലിസിന്റെയും രാഷ്ട്രീയക്കാരുടെയും സഹായം കൂടാതെ ദുഷ്ടന്മാര്‍ ആരെന്നു തീരുമാനിക്കുക എളുപ്പമാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss