|    Nov 13 Tue, 2018 5:51 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഭീകരത: അക്കങ്ങള്‍ കളവു പറയില്ല

Published : 30th June 2017 | Posted By: fsq

 

ഡോ. അലന്‍ ഗബോണ്‍

യൂറോപ്പില്‍ ആരാണ് ഏറ്റവും കൂടുതല്‍ ഭീകരാക്രമണം നടത്തുന്നതെന്ന് ചോദിച്ചുനോക്കൂ! മുസ്‌ലിംകള്‍ എന്നായിരിക്കും മറുപടി. എന്നാല്‍ അതു തെറ്റാണ്. ഇസ്‌ലാമും ഭീകരപ്രവര്‍ത്തനവും ഇപ്പോള്‍ പര്യായപദങ്ങളായാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന ഭീകരാക്രമണങ്ങളുടെ കണക്കെടുത്താല്‍ അവയില്‍ മിക്കതും മുസ്‌ലിംകള്‍ നടത്തുന്നതല്ല എന്നു വ്യക്തമാവും. മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഭീകരര്‍ എപ്പോഴും രാഷ്ട്രങ്ങളും ഭരണകൂടങ്ങളുമായിരുന്നു. ഭീകരപ്രവര്‍ത്തനം സാധാരണക്കാര്‍ക്കെതിരേ മതപരമോ രാഷ്ട്രീയമോ സാമൂഹികമോ ആയ ലക്ഷ്യങ്ങള്‍ക്കായി നടത്തുന്ന ആക്രമണങ്ങളാണ്. എന്നാല്‍, അതുസംബന്ധിച്ച പൊതുധാരണയും രാഷ്ട്രീയ പ്രസ്താവനകളും മാധ്യമങ്ങളുടെ കവറേജും പരിശോധിച്ചാല്‍ അതൊക്കെ മുസ്‌ലിംകള്‍ തങ്ങളുടെ മതത്തിന്റെ പേരില്‍ നടത്തുന്നതാണെന്നു തോന്നും. തീര്‍ത്തും തെറ്റാണ് ആ ധാരണ. യുഎസിലെ എഫ്ബിഐയും യൂറോപ്പിലെ അന്താരാഷ്ട്ര പോലിസ് ഏജന്‍സിയായ ഇന്റര്‍പോളും ശേഖരിച്ച കണക്കുകള്‍ പരിശോധിച്ചാല്‍, യൂറോപ്പില്‍ ‘ജിഹാദികളോ ഇസ്‌ലാമികരോ’ നടത്തുന്ന ആക്രമണങ്ങള്‍ നന്നെ ചെറുതാണെന്നു വ്യക്തമാവും. മൂന്നോ നാലോ രാജ്യങ്ങളില്‍ അത്തരം ആക്രമണങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്; ഫ്രാന്‍സാണ് അതില്‍ മുന്നില്‍. എന്നാല്‍ യൂറോപ്പില്‍ 100 കോടിയിലധികം ജനസംഖ്യയുള്ള 38 രാഷ്ട്രങ്ങളുണ്ട്. 2001 സപ്തംബറിനുശേഷം ആ രാജ്യങ്ങളില്‍ നടന്ന മുസ്‌ലിം ഭീകരാക്രമണങ്ങളില്‍ 450 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ മാഞ്ചസ്റ്ററില്‍ ഈയിടെ നടന്ന ആക്രമണവും പെടും. 1980നും 2005നും ഇടയ്ക്ക് യുഎസില്‍ നടന്ന മൊത്തം ഭീകരാക്രമണങ്ങളില്‍ ആറുശതമാനം മാത്രമാണ് മുസ്‌ലിംകളുടെ പങ്ക്. 90 ശതമാനം ആക്രമണങ്ങളും സ്പാനിഷ് ഭാഷ സംസാരിക്കുന്നവരും ക്രിസ്ത്യാനികളും യഹൂദരും തീവ്ര ഇടതുപക്ഷക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും തീവ്ര വലതുപക്ഷ വംശീയവാദികളും ഗര്‍ഭഛിദ്രത്തിന്റെ എതിരാളികളും സ്വയംഭരണവാദികളും വിഘടനവാദികളും നടത്തിയതാണ്. മേരിലാന്‍ഡ് യൂനിവേഴ്‌സിറ്റിയിലെ, സമഗ്രമായ ഗ്ലോബല്‍ ടെററിസം ഡാറ്റാ ബേസ് പരിശോധിച്ചാല്‍ വ്യക്തമാവുന്ന കാര്യമാണത്. 1990 തൊട്ട് 2017 വരെ യൂറോപ്പില്‍ നടന്ന ഭീകരാക്രമണങ്ങളുടെ കാര്യവും അതുപോലെയാണ്. 2006നു ശേഷമാണ് യൂറോപ്പ് ചൂണ്ടിക്കാണിക്കുന്നപോലെ ‘ജിഹാദിസം’ ശക്തിപ്പെടുന്നത്. എന്നാല്‍, ഭീകരാക്രമണം നടത്തിയവര്‍ ഭൂരിപക്ഷവും അന്യമതസ്ഥരായിരുന്നു. ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന തീവ്ര വലതുപക്ഷ ക്രിസ്ത്യാനികള്‍, വെള്ളക്കാരായ വംശീയവാദികള്‍, സ്‌പെയിനിലെ വിഘടനവാദികളായ ഇടിഎ, ബ്രിട്ടനിലെ ഐആര്‍എ തുടങ്ങിയവരായിരുന്നു അതില്‍ ഒന്നാംസ്ഥാനത്ത്. നോര്‍വേയിലെ ആന്‍ഡേഴ്‌സ് ബ്രെയ്‌വിക്, യുഎസിലെ ഡൈലന്‍ റൂഫ് (കറുത്തവര്‍ഗക്കാര്‍ പ്രാര്‍ഥനയ്‌ക്കെത്തുന്ന ചാള്‍സ്ടണ്‍ ചര്‍ച്ചില്‍ കയറി കൂട്ടക്കൊല നടത്തിയ 23കാരന്‍. 2015 ജൂണ്‍ 17നാണ് സംഭവം) എന്നിവര്‍ അക്രമം നടത്തിയ വംശീയവാദികളിലുണ്ട് 2004-05ല്‍ മാഡ്രിഡിലും ലണ്ടനിലും നടന്ന ആക്രമണങ്ങള്‍, 2012ല്‍ ഫ്രാന്‍സില്‍ നടന്ന രണ്ടു വെടിവയ്പ്, 2015-16ല്‍ ഷാര്‍ളി ഹെബ്ദോയ്ക്ക് നേരെ നടന്ന ആക്രമണങ്ങള്‍, ബ്രസ്സല്‍സിലും നീസിലും ഉണ്ടായ അതിക്രമങ്ങള്‍- ഇവയാണ് മുസ്‌ലിംകളില്‍ ചാര്‍ത്താവുന്നവ. അതില്‍ തന്നെ നീസില്‍ നടന്ന ആക്രമണം ആരു നടത്തിയെന്ന് ഇതുവരെയും കൃത്യമായി മനസ്സിലായിട്ടില്ല. മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളും നമ്മില്‍ അടിച്ചേല്‍പ്പിച്ച മുന്‍ധാരണകള്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ഇല്ലാതാവും. ഈ വഴിയാത്രക്കാരോട് ഒരൊറ്റ ചോദ്യം ചോദിക്കാം: കഴിഞ്ഞ 10-20 വര്‍ഷത്തിനുള്ളില്‍ യൂറോപ്പില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണം നടത്തിയതാരാണ്? മിക്കവര്‍ക്കും കൃത്യമായി അറിയില്ല. ജിഹാദികളല്ലേ അതു നടത്തിയത്. ഷാര്‍ളി ഹെബ്ദോ? ബാറ്റലന്‍? നീസ്? ലണ്ടന്‍? എന്നാല്‍ സത്യമതല്ല. യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിനു പിന്നില്‍ റഷ്യയായിരുന്നു. ഉക്രെയ്‌നില്‍ വച്ച് മലേസ്യന്‍ വിമാനമായ എംഎച്ച് 17, 2014 ജൂലൈ 17ന് മിസൈല്‍ ഉപയോഗിച്ചു തകര്‍ത്തത് റഷ്യന്‍ അനുകൂല വിഘടനവാദികളായിരുന്നു. 300 പേരാണ് അതില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളും നമ്മോടൊപ്പം അതു പെട്ടെന്നങ്ങ് മറന്നു. അതൊരിക്കലും ഓര്‍ക്കാത്തവര്‍ ബോസ്റ്റണ്‍ മാരത്തണില്‍ 2013ല്‍ നടന്ന ആക്രമണം ഓര്‍ക്കും. അതില്‍ മരിച്ചത് മൂന്നുപേര്‍. അത് ഓര്‍ക്കാന്‍ കാരണം അതിനു പിന്നില്‍ മുസ്‌ലിംകളായിരുന്നുവെന്നതാണ്. ഇനി മധ്യപൗരസ്ത്യത്തിന്റെ കാര്യമെടുത്താലോ! ഈ മേഖലയില്‍ ഏറ്റവും വലിയ ആക്രമണങ്ങള്‍ നടത്തിയത് അല്‍ഖാഇദയോ ഐഎസോ അല്ല. അല്ലാഹുവിന്റെയോ ഖിലാഫത്തിന്റെയോ പേരിലല്ലാതെ, മതേതര ഭരണകൂടങ്ങളും അമുസ്‌ലിംകളായ രാഷ്ട്രത്തലവന്‍മാരുമാണ് ഏറ്റവും വലിയ കൂട്ടക്കൊലകള്‍ നടത്തിയത്. മാധ്യമങ്ങളും ഭരണകൂടങ്ങളും എന്തു പ്രചരിപ്പിച്ചാലും റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ, പ്രത്യേകിച്ച് മതമൊന്നുമില്ലാത്ത, സിറിയയിലെ ബശ്ശാറുല്‍ അസദാണ് ഭീകരരില്‍ മുമ്പില്‍ നില്‍ക്കുന്നത്. ഭീകരതയുടെ ശ്രേണിയില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ തലയ്ക്കു മുകളിലാണ് അസദ്. അയാള്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയും പീഡിപ്പിക്കുന്നു; കൊല്ലുന്നു. യുഎന്നും യൂനിസെഫും ഈ വസ്തുതകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇക്കാര്യം എടുത്തുപറയുന്നു. 2016 ഏപ്രിലില്‍ അവരും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും അഭിഭാഷകരും ചേര്‍ന്ന് ഏതാണ്ട് രണ്ടരലക്ഷം രേഖകള്‍ തെളിവുകളായി ലോകത്തിന് മുമ്പില്‍ വച്ചു. അസദിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍, വളരെ ശാസ്ത്രീയമായി സംവിധാനം ചെയ്ത പീഡനമുറകളും കൊലകളുമാണ് ഭരണകൂടം നടത്തുന്നത്. നാത്‌സികള്‍ യഹൂദരെ വംശഹത്യ ചെയ്യുന്നതിനു സമാനമായ ആസൂത്രണപാടവം അതില്‍ കാണുന്നു. ആയിരക്കണക്കിനു രാഷ്ട്രീയശത്രുക്കളെ പിടികൂടാനും പീഡിപ്പിച്ചു കൊല്ലാനും അല്ലെങ്കില്‍ വധിക്കാനുമുള്ള ഉത്തരവില്‍ അസദ് തന്നെയാണ് ഒപ്പുവച്ചിരിക്കുന്നത് (ദമസ്‌കസിലെ ‘സീസര്‍’ എന്ന വ്യാജനാമമുള്ള ഒരു ചാരനാണ് രേഖകള്‍ പുറത്തുവിട്ടത്). റുവാണ്ടന്‍ വംശഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നിയോഗിച്ച സംഘത്തലവനായ സ്റ്റീഫന്‍ റാപ്പ്, താന്‍ റുവാണ്ടയില്‍ കണ്ടതിനേക്കാള്‍ തെളിവുകള്‍ കൊണ്ട് സമൃദ്ധമാണ് ഈ രേഖകള്‍ എന്നു പറയുന്നു. വായിക്കാന്‍ പോലും സാധ്യമല്ലാത്തവിധം അസഹ്യമായിരുന്നു തെളിവുകള്‍. ചെറിയ കുട്ടികളെ പോലും അസദിന്റെ കിങ്കരന്‍മാര്‍ പീഡിപ്പിച്ചു. നല്ല മനക്കരുത്തുള്ളവര്‍ക്കേ അസദ് രേഖകള്‍ ക്ഷമയോടെ പരിശോധിക്കാന്‍ പറ്റൂ. കടുത്ത പരിശീലനം സിദ്ധിച്ച അമേരിക്കന്‍ കമാന്‍ഡോകള്‍ വരെ രേഖകള്‍ തുടര്‍ന്നു വായിക്കാന്‍ മടിക്കും. വ്യാവസായികാടിസ്ഥാനത്തില്‍ കൊലകള്‍ നടക്കുന്നതിനാല്‍ സിറിയയില്‍ അസദ് വ്യാവസായികാടിസ്ഥാനത്തിലാണ് ശവസംസ്‌കാര കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.  അസദുമായി താരതമ്യം ചെയ്യുമ്പോള്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് വെറും പരല്‍മീന്‍. അസദിനു മുമ്പ് ഭീകരപ്രവര്‍ത്തനത്തിനുള്ള പാമെദോര്‍ അവാര്‍ഡിന് അര്‍ഹന്‍ സദ്ദാം ഹുസയ്‌നായിരുന്നു. ഏതാണ്ട് രണ്ടുലക്ഷം രാഷ്ട്രീയപ്രതിയോഗികളെയാണ് സദ്ദാം വകവരുത്തിയത്. ഇറാനെതിരേ താന്‍ തുടങ്ങിവച്ച യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ അനവധി. സദ്ദാമും അസദും ഇസ്‌ലാമികരായിരുന്നില്ല. ഇസ്‌ലാമിന്റെ പേരിലല്ല അവരീ ക്രൂരതകള്‍ ചെയ്തത്. ഇരുവരും ബഅസ് മതേതരത്വത്തിന്റെ പ്രതീകങ്ങളാണ്. ബശ്ശാറിന്റെ പിതാവ് ഹാഫിസുല്‍ അസദ് 1982ല്‍ മാത്രം 40,000ഓളം ഇഖ്‌വാന്‍ പ്രവര്‍ത്തകരെയാണു കൊലപ്പെടുത്തിയത്. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍ഖാഇദയും ഐഎസും അമച്വര്‍ കൊലപാതകികളാണ്. മറ്റൊരു ഉദാഹരണം കൂടി: സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയ ജന. അല്‍സീസി 2013 ആഗസ്ത് 14നു മാത്രം കൊലപ്പെടുത്തിയത് ഏതാണ്ട് 1000 സാധാരണക്കാരെ. സമാധാനപരമായി പ്രകടനം നടത്തുകയായിരുന്നു അവര്‍. ആധുനിക ഈജിപ്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ കൂട്ടക്കൊല എന്നാണതിനെ ന്യൂയോര്‍ക്കിലെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വിശേഷിപ്പിക്കുന്നത്.യാദൃച്ഛികമായിരിക്കാം, ‘കെയ്‌റോവിലെ കശാപ്പുകാരന്റെ’ സഖ്യകക്ഷികള്‍ ഫ്രാന്‍സും യുഎസുമാണ്. ഇരുവരും അല്‍സീസി ഭരണകൂടത്തെ ആയുധമണിയിക്കുന്നു. ആ കണക്കില്‍ പുടിനും അസദും മാത്രമല്ല, ഹൊളാന്‍ദും ഒബാമയും ട്രംപും മാക്രോണുമൊക്കെ ഭീകരരാണ്. അതായത്, നമ്മുടെ സ്ഥിരം പ്രചാരണം- ഭീകരര്‍ എന്നാല്‍ അല്‍ഖാഇദ, ഐഎസ്, ബോക്കോഹറാം, അല്‍ശബാബ്- കല്ലുവച്ച നുണയാണ്. വാക്കുകള്‍കൊണ്ടുള്ള സംഘനൃത്തമാണത്. രാഷ്ട്രീയനേതാക്കളും മാധ്യമങ്ങളും ചിന്താസ്ഥാപനങ്ങളും സര്‍വകലാശാലകളും ‘വിദഗ്ധന്മാരും’ ഭീകരത ചുരുക്കിക്കെട്ടി ചില ചെറുസംഘങ്ങളുടെ തലയില്‍ വച്ചിരിക്കുന്നു. ഭരണകൂട ഭീകരതയെ മൂടിവയ്ക്കാനാണിത്. ഭരണകൂട ഭീകരത എന്നു പറയുമ്പോള്‍ ആദ്യം  വരേണ്ട പേരാണ് ഇസ്രായേല്‍. ഈ തെമ്മാടിരാഷ്ട്രത്തിലെ മതതീവ്രവാദികളും ഭ്രാന്തെടുക്കുന്ന വംശീയവാദികളും ചേര്‍ന്ന് ഭീകരപ്രവര്‍ത്തനത്തെ ഭരണസംവിധാനമാക്കി മാറ്റിയിരിക്കുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരുമായ അനേകായിരങ്ങളെ അവര്‍ കൊന്നൊടുക്കി. അന്താരാഷ്ട്ര നിയമങ്ങള്‍ മുഴുവന്‍ ലംഘിച്ചുകൊണ്ട് തോക്കേന്തിയ ഭീകരര്‍ കുടുംബങ്ങളെ ഒന്നായി വെടിവച്ചുവീഴ്ത്തുമ്പോള്‍ അത് പ്രതിരോധമാണെന്നു വിളിച്ചുകൂവുന്നു.   ി(മിഡില്‍ ഈസ്റ്റ് ഐ)  (യുഎസിലെ വെസ്‌ലിയന്‍ സര്‍വകലാശാലയില്‍ പ്രഫസറാണ് ലേഖകന്‍.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss