|    Dec 18 Mon, 2017 5:00 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കു പ്രത്യേക കേന്ദ്രം തുടങ്ങണം: മുഖ്യമന്ത്രി

Published : 2nd December 2016 | Posted By: SMR

തലശ്ശേരി: ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി പഞ്ചായത്തുകള്‍തോറും പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ ധര്‍മടം നിയോജകമണ്ഡലത്തിലെ ഭിന്ന ശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണവും ക്യാംപും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്ന ശേഷിക്കാരെ കണ്ടെത്താന്‍ തദ്ദേശ സ്ഥാപനതലത്തില്‍ വിവരശേഖരണം നടത്തണം. ഇങ്ങനെയുള്ളവരില്‍ വിവിധ പ്രായ വിഭാഗത്തിലായി എത്ര പേരുണ്ടെന്ന് മനസ്സിലാക്കണം. ഇത്തരം കുഞ്ഞുങ്ങളുടെ സവിശേഷമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഇത്തരം കുഞ്ഞുങ്ങളുടെ കാര്യം പുറത്തറിയരുതെന്ന് ചിന്തിക്കുന്ന സമീപനം അവരുടെ കഴിവ് വളര്‍ത്തിയെടുക്കുന്നതിനും സ്വാഭാവിക വളര്‍ച്ചയ്ക്കുതന്നെയും വിഘാതമാവും. പ്രത്യേക പരിശീലനം സിദ്ധിച്ച അധ്യാപകരുള്ള കേന്ദ്രങ്ങള്‍ വ്യാപകമാക്കണം. ഇത്തരം സ്‌കൂളുകള്‍ക്ക് നേരത്തേ എയ്ഡഡ് പദവി നല്‍കിയിരുന്നു. ബാക്കിയുള്ളവര്‍ക്കുകൂടി ഈ പദവി ലഭിക്കണമെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും പിണറായി ചൂണ്ടിക്കാട്ടി. ഭിന്ന ശേഷിക്കാര്‍ക്കുള്ള സംവരണം ചെയ്ത ജോലി ഒഴിവുകളില്‍ നിയമനം സമയബന്ധിതമായി നികത്താന്‍ നടപടിയെടുക്കും. ശതമാനം നിശ്ചയിക്കുന്ന വൈദ്യപരിശോധനയില്‍ കാലതാമസം ഒഴിവാക്കണം. കണ്ണൂര്‍ ജില്ലയില്‍ ഇതിനായി മൂന്നോ നാലോ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സംഘങ്ങളെ സജ്ജമാക്കി പ്രത്യേക ക്യാംപ് നടത്തി നടപടി സ്വീകരിച്ചതായി കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ഈ മാതൃക സ്വീകരിക്കണം. ഇത്തരം സര്‍ട്ടിഫിക്കറ്റ് യാത്രാസൗജന്യത്തിന് ഉപയോഗിക്കാനുള്ള നടപടി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ രാജീവന്‍, എം സി മോഹനന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി സരോജം, പി കെ ഗീതമ്മ, സി പി അനിത, സീത ടീച്ചര്‍, ടി വി ലക്ഷ്മി, കെ കെ ഗിരീശന്‍, എം പി ഹാബിസ്, ജില്ലാ പഞ്ചായത്തംഗം പി വിനീത, ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം, ജില്ലാ സമൂഹിക നീതി ഓഫിസര്‍ എല്‍ ഷീബ, കോര്‍പറേഷന്‍ എംഡി കെ മൊയ്തീന്‍കുട്ടി, സ്വാഗതസംഘം ചെയര്‍മാന്‍ പി ബാലന്‍, ഒ വിജയന്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss