|    Oct 16 Tue, 2018 1:37 am
FLASH NEWS

ഭിന്ന ശേഷിക്കാര്‍ക്ക് താങ്ങായി ജില്ലാ ഭരണകൂടം

Published : 15th September 2017 | Posted By: fsq

 

കോഴിക്കോട്:  വര്‍ഷങ്ങളോളം വിവിധ ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും തീരുമാനമാവാത്ത ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാംപും അദാലത്തും നടത്തുന്നു.  ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അഭാവത്താല്‍ ആനൂകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന ആയിരക്കണക്കിന് ഭിന്നശേഷിക്കാര്‍ക്ക്  കൈത്താങ്ങാവുന്നതാണ് പദ്ധതി. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് ക്യാംപുകളും തുടര്‍ന്ന് രക്ഷാകര്‍തൃത്വ സര്‍ട്ടിഫിക്കറ്റിനായുള്ള അദാലത്തുകളുമാണ് നടക്കുക. ഇത്തരത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് ക്യാംപുകള്‍ക്ക് കഴിഞ്ഞ 14ന് തുടക്കമായി.  ഈ മാസം 28ന് ആദ്യഘട്ടം പൂര്‍ത്തിയാവും. ഒക്‌ടോബര്‍ അവസാനത്തോടെ രക്ഷാകര്‍തൃത്വ സര്‍ട്ടിഫിക്കറ്റ് അദാലത്തുകളും പൂര്‍ത്തീകരിക്കും. ജില്ലയിലെ 20,000ത്തോളം വരുന്ന ഭിന്നശേഷിക്കാരില്‍ 12,000ത്തോളം പേര്‍ ജില്ലാ ഭരണകൂടത്തിന്റെ ‘കൈയ്യെത്തും ദൂരത്ത്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന അദാലത്തില്‍  ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. രക്ഷകര്‍തൃത്വ സര്‍ട്ടിഫിക്കറ്റിനായി 1,500 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. 12,000ത്തോളം അപേക്ഷകളില്‍ 5,000 അപേക്ഷകള്‍ ഒക്‌ടോബറിന് മുമ്പായും ബാക്കിയുള്ളവ ഡിസംബറോടെയും പൂര്‍ത്തിയാക്കാനാണ് പദ്ധതി. സാധാരണയായി അപേക്ഷകളുടെ സൂക്ഷ്മ പരിശോധന, മെഡിക്കല്‍ നാഷനല്‍ ട്രസ്റ്റ് ബോര്‍ഡുകളുടെ തീരുമാനം, സര്‍ക്കാര്‍ സ്ഥിരം സംവിധാനങ്ങളിലൂടെയുള്ള തീര്‍പ്പാക്കല്‍ തുടങ്ങിയ നടപടിക്രമം കഴിഞ്ഞതിനു ശേഷമേ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാറുള്ളു. ഇതിന് വര്‍ഷങ്ങളുടെ കാലതാമസമെടുക്കും. ഇതിന് പരിഹാരമെന്ന നിലയിലാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി ഇത്തരത്തിലുള്ള അദാലത്ത് നടത്താന്‍ തീരുമാനിച്ചതെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട്, വടകര, നാദാപുരം, കുറ്റിയാടി, കൊയിലാണ്ടി, താമരശ്ശേരി എന്നിവിടങ്ങളിലായി അദ്യഘട്ടത്തില്‍ 22 മെഡിക്കല്‍ ക്യാംപുകള്‍ നടക്കും. തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യ, സാമൂഹികക്ഷേമ വകുപ്പുകള്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ എന്നവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  മെഡിക്കല്‍ ക്യാംപുകളില്‍ ആരോഗ്യ രംഗത്തെ വിവിധ മേഖലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാക്കും.  പദ്ധതിക്ക് വേണ്ട സാമ്പത്തിക സഹായം പൂര്‍ണമായും സ്വകാര്യ സ്‌പോണ്‍സര്‍മാരെ ആശ്രയിച്ചാണെന്ന് കലക്ടര്‍ യു വി ജോസ് അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട്, വടകര എന്നിവിടങ്ങളിലായി നടന്ന രണ്ട് അദാലത്തില്‍ 363 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചതായും കലക്ടര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss