|    Nov 16 Fri, 2018 9:17 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഭിന്നിപ്പില്‍ നിന്നു നേട്ടം കൊയ്യുന്നവര്‍

Published : 12th August 2018 | Posted By: kasim kzm

എനിക്ക് തോന്നുന്നത് – ഉവൈസ് ആവിലോറ, കോഴിക്കോട്

രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ പത്തു ലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പാകിസ്താന്‍ സൈനിക ഏകാധിപത്യവും ദുര്‍ബല സിവിലിയന്‍ ഭരണവുമായി ഇഴഞ്ഞുനീങ്ങിയപ്പോള്‍ നാം താരതമ്യേന ഭദ്രമായ ഒരു ജനാധിപത്യ വ്യവസ്ഥ നടപ്പാക്കി. പ്രഥമ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു പറഞ്ഞത്, മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ യൂനിയന്‍ പ്രതിജ്ഞാബദ്ധമാണ് എന്നായിരുന്നു. രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ നിലനിര്‍ത്തുന്ന വിധം മതേതരത്വ പാരമ്പര്യം ഭരണഘടനയുടെ അടിത്തറയായി.
രണ്ടു ദശാബ്ദമായി ആ അവസ്ഥയില്‍ വലിയ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ആദ്യത്തില്‍ ന്യൂനപക്ഷമെന്നത് വെറും വോട്ടിങ് മെഷീനായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യന്‍ ജനതയോട് പെരുമാറിയതിനേക്കാള്‍ മോശമായിട്ടാണ് ന്യൂനപക്ഷങ്ങളെ ഭരണകൂടങ്ങള്‍ വേട്ടയാടുന്നത്. മതേതര ചിന്തകള്‍ വലിയ ഭീഷണിയിലാണ്.
കല്‍ബുര്‍ഗിയില്‍ നിന്നു തുടങ്ങി അഖ്‌ലാഖ്, രോഹിത് വെമുല, ഗൗരി ലങ്കേഷ്, പിഞ്ചുകുഞ്ഞ് ആസിഫ- ഇവരുടെയൊക്കെ ചോരയാണ് വലതുപക്ഷ നിലപാടുകള്‍ക്കു നിറം നല്‍കുന്നത്. ഭരണകൂടത്തിന്റെ ആശീര്‍വാദത്തോടെ എന്നു കരുതാം, ആള്‍ക്കൂട്ടമാണ് ഭരണം നടത്തുന്നത്.
മിക്കവാറും എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ആര്‍എസ്എസ് സഹയാത്രികര്‍ കൈയടക്കിയിരിക്കുന്നു. നീതിന്യായ വ്യവസ്ഥയെ കബളിപ്പിച്ച് ഭൂരിപക്ഷം ഇല്ലാത്തവര്‍ക്ക് കുതിരക്കച്ചവടത്തിനു സൗകര്യം ചെയ്തുകൊടുക്കുന്ന ഗവര്‍ണര്‍മാരുടെ ഭരണമാണ് നടക്കുന്നതെന്ന് ഈയിടെ കര്‍ണാടക രാഷ്ട്രീയം സാക്ഷ്യപ്പെടുത്തി.
വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനാണ് യുപിഎ ഗവണ്‍മെന്റ് തയ്യാറാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഭേദഗതി കൊണ്ടുവന്നത്. സ്വയംഭരണാധികാരമുള്ള യുജിസിയെ കൈക്കലാക്കാനാണ് ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് ശ്രമിക്കുന്നത്. കുട്ടികള്‍ എന്തു പഠിക്കണമെന്നും എന്തു ചിന്തിക്കണമെന്നും ഇതോടെ സര്‍ക്കാരിനു കീഴിലുള്ള ഹയര്‍ എജ്യൂക്കേഷന്‍ ബോര്‍ഡാണ് തീരുമാനിക്കുക. മുഴുവന്‍ സര്‍വകലാശാലകളും അതോടെ മോദിയുടെ വിരല്‍ത്തുമ്പിലാവും. ഇതോടുകൂടി അവര്‍ വിദ്യാലയം പൂജപ്പുരയാക്കി മാറ്റും. ഇതൊക്കെ മതാധിഷ്ഠിത ഹിന്ദുത്വരാഷ്ട്രത്തിനു വേണ്ടിയുള്ള നീക്കങ്ങളാണെന്നു വ്യക്തം.
ദീന്‍ദയാല്‍ ഉപാധ്യായയുടെ ചിന്താധാരകള്‍ കൃത്യമായി പിന്തുടരണമെന്ന് മന്ത്രിമാരോട് ഒരിക്കല്‍ നരേന്ദ്ര മോദി കല്‍പിച്ചു. വലിയ ക്രൈസ്തവ-മുസ്‌ലിം വിരോധിയായിരുന്ന ബ്രാഹ്മണനായിരുന്നു ഉപാധ്യായ. ഇന്റഗ്രല്‍ ഹ്യൂമനിസം എന്ന പേരില്‍ അദ്ദേഹം മുന്നോട്ടുവച്ച ആശയം ഗോള്‍വാള്‍ക്കറുടെ കോപ്പിയായിരുന്നു.
അതോടൊപ്പമാണ് പൗരത്വനിഷേധത്തിനുള്ള നീക്കം നടക്കുന്നത്. അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി വിരുദ്ധ വോട്ടുകള്‍ നശിപ്പിക്കാന്‍ അസം ജനതയെ രണ്ടായി തിരിക്കുന്ന തന്ത്രമാണ് എന്‍ആര്‍സി. 40 ലക്ഷം വോട്ടര്‍മാരെ അന്യരാക്കുന്ന ക്രൂരതന്ത്രമാണിത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞതുപോലെ, രാജ്യത്ത് ആഭ്യന്തര യുദ്ധമുണ്ടാവാന്‍ ഇതു മതിയാവും. എന്നാല്‍, ഹിന്ദുത്വ രാഷ്ട്രീയം അത്തരമൊരു രാഷ്ട്രീയത്തെയാണ് ഇഷ്ടപ്പെടുക. മറ്റു സംസ്ഥാനങ്ങളിലും പൗരത്വ പരിശോധന വേണമെന്ന് ചിലര്‍ പറയാന്‍ തുടങ്ങിക്കഴിഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss