|    Nov 15 Thu, 2018 3:05 am
FLASH NEWS
Home   >  Editpage  >  Readers edit  >  

ഭിന്നശേഷി സൗഹൃദമാവണം പൊതു ഇടങ്ങള്‍

Published : 13th December 2015 | Posted By: SMR

slug-enikku-thonnunnathuടി റിയാസ് മോന്‍, പെരിമ്പലം

ഡിസംബര്‍ മൂന്നിനായിരുന്നു ലോക ഭിന്നശേഷി ദിനം. കാലിക്കറ്റ് സര്‍വകലാശാല കാംപസിലെ ഒന്നാംനിലയിലെ പഠനവകുപ്പിലേക്കു നടന്നുകയറാന്‍ വിഷമിച്ച, കാലുകള്‍ക്ക് ചലനശേഷി കുറഞ്ഞ ഒരു ചെറുപ്പക്കാരന്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍നിന്നു തുടങ്ങാം: ”എങ്ങനെ ഞങ്ങള്‍ ഈ കോണിപ്പടി കയറി മുകളിലെത്തും?”
മലപ്പുറം ജില്ലയിലെ മുഴുവന്‍ റവന്യൂ വില്ലേജ് ഓഫിസുകളും ഭിന്നശേഷി സൗഹൃദമാക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. വീല്‍ചെയറില്‍ യാത്രചെയ്യുന്ന ഒരാളുടെ അപേക്ഷ പരിഗണിച്ചാണ് കലക്ടര്‍ ഈ നിര്‍ദേശം നല്‍കിയത്. നിലവില്‍ സംസ്ഥാനത്തെ മിക്ക പൊതുവിദ്യാലയങ്ങളും വീല്‍ചെയര്‍ ഫ്രണ്ട്‌ലിയാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. നടക്കാന്‍ വയ്യാത്തവര്‍ക്കും ക്ലാസിലിരിക്കാനുള്ള അവകാശമുണ്ട്. അത് കോണിപ്പടികള്‍ കയറിയുള്ള ക്ലാസ്മുറികളും മറ്റും കാരണം നിഷേധിക്കപ്പെടരുത്.
ഭിന്നശേഷിയുള്ളവര്‍ക്ക് നിരന്തരമായി ബന്ധപ്പെടേണ്ടിവരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് വില്ലേജ് ഓഫിസുകളും പഞ്ചായത്തും. ഈ സ്ഥാപനങ്ങള്‍ കൂടി വികലാംഗസൗഹൃദമാവണം. വികസനത്തിന്റെ ഗുണഫലം ഏറ്റവും ദുര്‍ബലരായ ആളുകള്‍ക്ക് കൂടി എത്തുമ്പോഴാണ് വികസനം സാര്‍ഥകമാവുന്നത്.
ഭിന്നശേഷിയുള്ളവരുടെ പ്രശ്‌നം കേവലം സീറ്റിലോ, വീല്‍ചെയര്‍ ചലിപ്പിക്കാവുന്ന വഴികളിലോ ചുരുങ്ങുന്നതല്ല എന്ന് നമുക്കറിയാം. എന്നാല്‍, റാംപുകള്‍ നിര്‍മിക്കുന്നത് ഒരു തുടക്കമാണ്.
പബ്ലിക് ടോയ്‌ലറ്റുകള്‍ ഭിന്നശേഷിസൗഹൃദമാണോ എന്ന ആലോചന കൂടി ഇവിടെ പ്രസക്തമാണ്. റെയില്‍വേ സ്റ്റേഷനുകളില്‍ മാത്രമാണ് ഭിന്നശേഷി ടോയ്‌ലറ്റ് എന്ന ബോര്‍ഡ് സാധാരണ കാണുന്നത്. പബ്ലിക് ടോയ്‌ലറ്റുകള്‍ ഇപ്പോള്‍ ആരോഗ്യമുള്ള പുരുഷന്‍മാര്‍ക്കു മാത്രം സംവരണം ചെയ്തതാണ്. ആണ്‍കോയ്മയുടെയും അശ്ലീലതയുടെയും പര്യായമാണവ. ടോയ്‌ലറ്റുകള്‍ സ്ത്രീസൗഹൃദമാവണമെന്ന ആവശ്യം പലപ്പോഴായി ഉയര്‍ന്നുവന്നിട്ടുണ്ട്. അതുപോലെ തന്നെ പ്രധാനമാണ് ടോയ്‌ലറ്റുകള്‍ വയോജനസൗഹൃദമാവുകയും വികലാംഗസൗഹൃദമാവുകയും ചെയ്യുക എന്നുള്ളത്.
പബ്ലിക് ടോയ്‌ലറ്റുകള്‍ മാത്രമല്ല, വീടിനകത്തെ ടോയ്‌ലറ്റുകളും നമ്മള്‍ സജ്ജീകരിച്ചിരിക്കുന്നത് ആരോഗ്യമുള്ളവരെ മാത്രം മനസ്സില്‍ കണ്ടാണ്. അതുകൊണ്ടാണ് പ്രായം ചെന്നവര്‍ പലപ്പോഴും ശുചിമുറികളില്‍ വഴുതിവീഴുന്നത്. ശുചിമുറികളില്‍ പ്രായംചെന്നവര്‍ക്കും സ്വാധീനം കുറഞ്ഞവര്‍ക്കും പിടിച്ചുനില്‍ക്കാവുന്ന കമ്പികള്‍ സ്ഥാപിക്കുന്നത് നമ്മുടെ ശീലമായി ഇനിയും വന്നിട്ടില്ല.
പൊതുശുചിമുറികള്‍ ഭിന്നശേഷി സൗഹൃദമാക്കാനുള്ള തീരുമാനം എടുക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. അവര്‍ക്ക് വളരെ ചെറിയ തുക ചെലവാക്കിയാല്‍ തന്നെ ശുചിമുറികളെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റിയെടുക്കാവുന്നതാണ്. ഭിന്നശേഷിയുള്ളവര്‍ക്കു വേണ്ടിയുള്ള സംസ്ഥാന നയം 2015 സംസ്ഥാന സാമൂഹികനീതി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ പൊതു ഇടങ്ങളും- റോഡുകള്‍, ജങ്ഷനുകള്‍, ഫുട്പാത്തുകള്‍, ബസ്‌സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആശുപത്രികള്‍, ഓഫിസുകള്‍, ഓഡിറ്റോറിയങ്ങള്‍, ഷോപ്പിങ് ഏരിയകള്‍, വിശ്രമസ്ഥലങ്ങള്‍ മുതലായവ ഭിന്നശേഷി സൗഹൃദമാക്കാന്‍ ലക്ഷ്യമിടുന്നു. അതിന് അധികാരികള്‍ വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കണം.
ശാരീരികമായ വൈകല്യങ്ങള്‍ മാത്രമല്ല, ബുദ്ധിപരവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, കാഴ്ച-കേള്‍വി-സംസാര വൈകല്യങ്ങള്‍ ഉള്ളവര്‍ തുടങ്ങി നിരവധിയാളുകള്‍ നമുക്കു ചുറ്റും ജീവിക്കുന്നുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ പൊതുചര്‍ച്ചയിലേക്കു വരുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുെണ്ടന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss