|    Jan 17 Tue, 2017 10:52 pm
FLASH NEWS

ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കും: മന്ത്രി

Published : 29th August 2016 | Posted By: SMR

കണ്ണൂര്‍: ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനായി കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ കെ ശൈലജ.
അംഗപരിമിതര്‍ക്കായുള്ള മെഗാ പരിശോധനാ ക്യാംപ് മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഭിന്നശേഷിക്കാര്‍ക്ക് അവരുടെ പരിമിതികള്‍ മറികടക്കാന്‍ സഹായകമാവുന്ന ഉപകരണങ്ങള്‍ ഏതെന്നു കണ്ടെത്തി അനുയോജ്യമായവ എത്തിച്ചുനല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് മെഗാ ക്യാംപ് സംഘടിപ്പിച്ചത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അലിംകോയുമായി സഹകരിച്ചാണ് ക്യാംപ് സംഘടിപ്പിച്ചത്. ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘം പരിശോധിച്ച് ആവശ്യമായ സഹായ ഉപകരണങ്ങള്‍ നിര്‍ദേശിക്കുകയാണ് ചെയ്യുന്നത്. ഇതനുസരിച്ച് കേന്ദ്രപദ്ധതിക്കായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഇവിടെ വച്ച് നടത്തി.
വീല്‍ചെയര്‍, ക്രച്ചസ്, ശ്രവണ സഹായികള്‍, വാക്കിങ് സ്റ്റിക്ക്, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള എംഎസ്‌ഐഇഡി കിറ്റ്, മുച്ചക്ര സൈക്കിള്‍, ബ്രെയിലി കെയ്ന്‍ സ്ലേറ്റുകള്‍, നടക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍, കൃത്രിമ അവയവങ്ങള്‍ തുടങ്ങിയവയാണ് ഇവര്‍ക്ക് വിതരണം ചെയ്യുക.
ഉപകരണ വിതരണത്തിന്റെ മുന്നോടിയായി ആര്‍ക്കൊക്കെ എന്തൊക്കെ തരത്തിലുള്ള സഹായ ഉപകരണങ്ങളാണ് വേണ്ടതെന്ന് കണ്ടെത്തുന്നതിനാണ് കേന്ദ്ര നിര്‍ദേശ പ്രകാരം ക്യാംപ് സംഘടിപ്പിച്ചത്. ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ കൂടി ക്യാംപുകള്‍ സംഘടിപ്പിച്ച് കൂടുതല്‍ ഗുണഭോക്താക്കളെ കണ്ടെത്തും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ പോവുന്ന സമ്പൂര്‍ണ ആരോഗ്യദൗത്യം പൊതുജനാരോഗ്യ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.
ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഒരു ജനറല്‍ പ്രാക്ടീഷനറെ നിയമിച്ച് ഗ്രാമീണ തലത്തില്‍ കുടുംബ ഡോക്ടര്‍ സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കൗണ്‍സിലര്‍ ലിഷ ദീപക്, കേരള സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അശീല്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍ എന്‍ ഷീബ, ഡെപ്യൂട്ടി ഡിഎംഒ ഡോ.എ ടി മനോജ്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ലതീഷ്, വികലാംഗ സംഘടനാ പ്രതിനിധി ടി വി ഭാസ്‌കരന്‍, കെ രാജീവന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക