|    May 29 Mon, 2017 9:40 am
FLASH NEWS

ഭിന്നശേഷിക്കാരുടെ സ്വത്ത് ക്രയവിക്രയം: ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍

Published : 3rd June 2016 | Posted By: SMR

മലപ്പുറം: ബുദ്ധിമാന്ദ്യം, ഓട്ടിസം, മസ്തിഷ്‌ക തളര്‍വാദം, മള്‍ട്ടിപ്പ്ള്‍ ഡിസെബിലിറ്റീസ് തുടങ്ങി വൈകല്യങ്ങളുള്ളവരുടെ സ്വത്ത് ക്രയവിക്രയം ചെയ്യുമ്പോള്‍ നാഷനല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി. സബ് രജിസ്ട്രാര്‍മാര്‍ക്ക് കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തിയ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുള്ള നാഷനല്‍ ട്രസ്റ്റ് ആക്റ്റിന് കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഇക്കാര്യത്തില്‍ സബ് രജിസ്ട്രാര്‍മാര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ബുദ്ധിമാന്ദ്യം, ഓട്ടിസം, മസ്തിഷ്‌ക തളര്‍വാദം, മള്‍ട്ടിപ്പ്ള്‍ ഡിസെബിലിറ്റീസ് തുടങ്ങി സ്വയം നിര്‍ണയശേഷിയില്ലാത്തവരുടെ സ്ഥാവര- ജംഗമ വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നതിന് ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ രേഖാമൂലമുള്ള സമ്മതവും ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണെന്ന് നാഷനല്‍ ട്രസ്റ്റ് ആക്റ്റ് നിഷ്‌കര്‍ഷിക്കുന്നുണ്ട്.
വൈകല്യമുള്ള വ്യക്തികളുടെ സ്വത്തുക്കള്‍ അനധികൃതമായി കൈമാറ്റം ചെയ്യുന്നത് തടയുന്നതിനായി താഴെ സത്യപ്രസ്താവന ആധാരങ്ങളില്‍ ഉള്‍പ്പെടുത്തുന്നുവെന്ന് സബ്രജിസ്ട്രാര്‍മാര്‍ ഉറപ്പാക്കണം. ‘രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഭൂമിയില്‍ നാഷനല്‍ ട്രസ്റ്റ് ആക്ടില്‍ പരാമര്‍ശിക്കുന്ന വൈകല്യമുള്ള വ്യക്തികള്‍ക്ക് അവകാശപ്പെട്ട ഭൂമി ഉള്‍പ്പെടുന്നില്ലെന്നും രജിസ്‌ട്രേഷന്‍മൂലം മേല്‍ വൈകല്യമുള്ളവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയോ ഹനിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നുമുള്ള സത്യപ്രസ്താവനയാണ് ഉള്‍പ്പെടുത്തേണ്ടത്. വൈകല്യമുള്ള വ്യക്തികളുടെ കുടുംബ സ്വത്തില്‍ അവരുടെ അവകാശം സംരക്ഷിക്കുക, ഓഹരി ഭാഗംവയ്ക്കുക, ക്രയവിക്രയം ചെയ്യുക തുടങ്ങിയവ ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ അനുവാദത്തോടെ മാത്രം നടത്തുക, സ്വത്ത് നിയമ വിരുദ്ധമായി ക്രയവിക്രയം ചെയ്ത് അന്യാധീനപ്പെട്ട് പോവുക എന്നിവ തടയുന്നതിനാണ് സബ് രജിസ്ട്രാര്‍ ഓഫിസര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്. നാഷനല്‍ ട്രസ്റ്റ് ആക്റ്റിന്റെ സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ ആര്‍ വേണുഗോപാലന്‍ നായര്‍ ക്ലാസെടുത്തു.
ജില്ലാതല ലോക്കല്‍ലെവല്‍ കമ്മിറ്റി കണ്‍വീനര്‍ വി ഹംസ, സ്റ്റാറ്റിയൂട്ടറി അംഗം പി വി പ്രേമ, ജില്ലാ രജിസ്ട്രാര്‍ ആര്‍. അജിത്കുമാര്‍, മുന്‍ ജില്ലാ രജിസ്ട്രാര്‍ വി വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പ്ള്‍ ഡിസെബിലിറ്റീസ് എന്നിവയുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് നാഷനല്‍ ട്രസ്റ്റ് ആക്ട് ലക്ഷ്യമിടുന്നത്. ഇതു പ്രകാരം ജില്ലാ കലക്ടര്‍ അധ്യക്ഷനായ ലോക്കല്‍ ലെവല്‍ കമ്മിറ്റിയാണ് ഇവര്‍ക്ക് കുടുംബാംഗങ്ങളുടെ അനുവാദത്തോടെ കുടുംബാംഗങ്ങളില്‍ ഒരു വ്യക്തിയെയോ സന്നദ്ധ സംഘടനയെയോ നിയമപരമായ രക്ഷിതാവ് (ലീഗല്‍ ഗാര്‍ഡിയന്‍)നെ നിയമിച്ച് നല്‍കുന്നത്.
ജില്ലാ കലക്ടര്‍ക്ക് ലഭിക്കുന്ന അപേക്ഷ അംഗീകൃത ഏജന്‍സിയായ പെരിന്തല്‍മണ്ണ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ‘റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ കൊഗ്നീറ്റീവ് ആന്റ് കമ്മ്യൂണിക്കബ്‌ലിറ്റി ചലഞ്ച്ഡ്’ (റിച്ച്) ന് കൈമാറും. തുടര്‍ന്ന് ‘റിച്ച്’ന്റെ പ്രതിനിധികളും ലോക്കല്‍ ലെവല്‍ കമ്മിറ്റി അംഗവും നേരിട്ട് അപേക്ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ച് വില്ലേജ് ഓഫിസറുടെ സക്ഷ്യപത്രത്തോടെ കമ്മിറ്റിയുടെ പരിശോധനയ്ക്ക് നല്‍കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day