|    Jul 20 Fri, 2018 10:43 am
FLASH NEWS

ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ ഉത്തരവാദിത്തം: മന്ത്രി ടി പി രാമകൃഷ്ണന്‍

Published : 25th September 2017 | Posted By: fsq

 

പേരാമ്പ്ര : ശാരീരിക മാനസിക പ്രയാസങ്ങള്‍ മൂലം കഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ അവരുടെ മാത്രം പ്രശ്‌നമല്ലെന്നും അത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി.ടി.പി രാമകൃഷ്ണന്‍. പൂര്‍ണമായും പരസഹായം ആവശ്യമായ കുട്ടികളെക്കുറിച്ച് പേരാമ്പ്ര ബിആര്‍സി നടത്തിയ പഠനം  ‘നിശബ്ദരായിരിക്കുവാന്‍ നമുക്കെന്തവകാശം’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ഏഴു പഞ്ചായത്തുകളിലാണ് പഠനം നടത്തിയത്. ഗൗരവതരമായ ശാരീരിക മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന 87 കുട്ടികളെ കണ്ടെത്തി. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മയുടെ അവസ്ഥ മുതല്‍, ബര്‍ത്ത് ക്രൈ, ആദ്യകാല പ്രശ്‌ന ലക്ഷണങ്ങള്‍, ഇപ്പോള്‍ അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍, അനുബന്ധ രോഗങ്ങള്‍, കുടുംബ പശ്ചാത്തലം, വരുമാന മാര്‍ഗ്ഗങ്ങള്‍, വീട്, അഡാപ്റ്റഡ് ടോയ്‌ലറ്റ്, ലഭിക്കേണ്ട ധനസഹായങ്ങള്‍, ഉപകരണങ്ങള്‍, കഴിക്കുന്ന മരുന്നുകള്‍, അതിനാവശ്യമായ തുക, ആവശ്യമായ തെറാപ്പികള്‍ എന്നിങ്ങനെ പരമാവധി വിവരങ്ങള്‍ ശേഖരിച്ചു. വീടുകളില്‍ ബിആര്‍സി പ്രവര്‍ത്തകര്‍ നേരിട്ടു പോയാണ് കാര്യങ്ങള്‍ മനസിലാക്കിയത്. ഇവയുടെ അടിസ്ഥാനത്തില്‍ സര്‍വേ വിവരങ്ങള്‍ വിശകലനം ചെയ്ത് പരിഹാര നിര്‍ദ്ദേശങ്ങള്‍ സ്വരൂപിച്ചു. ഓരോ കുട്ടിയേയും സംബന്ധിച്ച്, അവരുടെ പ്രശ്‌നങ്ങള്‍ അക്കമിട്ട് നിരത്താനും പരിഹാരമാര്‍ഗ്ഗങ്ങള്‍ മുന്നോട്ടുവെക്കാനും പഠനത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. ഐഇഡിസി കോഡിനേറ്റര്‍ ജി.രവി പഠന റിപ്പോര്‍ട്ട് പരിചയപ്പെടുത്തി. അതത് പഞ്ചായത്തുകള്‍ക്കു വേണ്ടി പ്രസിഡന്‍ഡുമാരായ ഷീജ ശശി (ചക്കിട്ടപാറ), ആയിഷ കെ (ചങ്ങരോത്ത്), എം.പത്മജ (കായണ്ണ), കെ.പി ബിജു (ചെറുവണ്ണൂര്‍), കെ പി അസന്‍ കുട്ടി (കൂത്താളി), പി എം കുഞ്ഞിക്കണ്ണന്‍ (നൊച്ചാട്), കെ എം റീന (പേരാമ്പ്ര) എന്നിവരും; സുജാത മനയ്ക്കല്‍, എം ജയകൃഷ്ണന്‍, സുനില്‍ കുമാര്‍ അരിക്കാം വീട്ടില്‍ (എഇഒ പേരാമ്പ്ര) എന്നിവരും പദ്ധതി രേഖകള്‍ ഏറ്റുവാങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss