|    Dec 10 Mon, 2018 10:27 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മാജിക് അക്കാദമി പരിശീലനം നല്‍കും: ഗോപിനാഥ് മുതുകാട്

Published : 14th November 2018 | Posted By: AAK

ദമ്മാം: ഭിന്നശേഷിക്കാരായ നൂറു കുട്ടികള്‍ക്ക് മാജിക് അക്കാദമി വിദഗ്ധ പരിശീലനം നല്‍കുമെന്ന് ചെയര്‍മാന്‍ പ്രഫ. ഗോപിനാഥ് മുതുകാട് വ്യക്തമാക്കി. ഹ്രസ്വ സന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയ അദ്ദേഹം ദമ്മാമില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി ചേര്‍ന്നാണ് 2019 ഒക്ടോബര്‍ 31ന് പുതിയ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. വരും മാസങ്ങളില്‍ എല്ലാ ജില്ലകളിലും നടക്കുന്ന ഏകദിന ടാലന്റ് ഡിസ്‌പ്ലേ പ്രോഗ്രാമിലൂടെയാണ് സര്‍ഗശേഷികള്‍ കണ്ടെത്തി കുട്ടികളെ തിരഞ്ഞെടുക്കുക. തുടര്‍ന്ന് മാജിക് അക്കാദമിക്ക് കീഴിലെ പ്രത്യേക വിഭാഗമായ ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ കുട്ടികളുടെ കഴിവുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കും.

2017ല്‍ തിരഞ്ഞെടുത്ത 23 ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് നല്‍കിയ മാജിക് പരിശീലനവും പുനരധിവാസവും വന്‍ വിജയമായതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിക്ക് മാജിക് അക്കാദമി തയ്യാറെടുക്കുന്നത്. ഉപരാഷ്ട്രപതിയായിരുന്ന ഹാമിദ് അന്‍സാരിയുടെ സാന്നിധ്യത്തില്‍ ഈ കുട്ടികള്‍ പിഴവുകൂടാതെ മാജിക് അവതരിപ്പിച്ചിരുന്നു. മാത്രവുമല്ല, സര്‍ക്കാര്‍ സഹായത്തോടെ സംസ്ഥാനത്ത് ഉടനീളം സംഘടിപ്പിച്ച അനുയാത്ര കാംപയിന്റെ നിരവധി വേദികളിലും ഇവര്‍ പ്രകടനം ആവര്‍ത്തിച്ചു. കുടുംബങ്ങള്‍ക്ക് ബാധ്യതയായിരുന്ന ഈ കുട്ടികള്‍ മാജിക് അഭ്യസിച്ച് മാസവരുമാനമുള്ളവരായി മാറിയത് ലോകത്തിന് തന്നെ ആദ്യ മാതൃകയാണെന്നും മുതുകാട് സൂചിപ്പിച്ചു.

ലോകത്ത് മാജിക് വിഷയമാക്കി ഡിപ്ലോമ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഒരേയൊരു സ്ഥാപനമാണ് കേരള യൂനിവേഴ്‌സിറ്റിക്കു കീഴിലെ മാജിക് അക്കാദമി. മാനസിക വൈകല്യമുള്ള കുഞ്ഞുങ്ങളുള്ളവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ വിവരണാതീതമാണെന്ന് പദ്ധതിയുമായി സഹകരിക്കുന്ന ഇറാം ഗ്രൂപ്പ് സിഎംഡി ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. നിരവധി കുടുംബങ്ങളിലൂടെ കണ്ടും കേട്ടും അതിന്റെ തീരാദുരിതങ്ങള്‍ മനസ്സിലാക്കിയാണ് സാമൂഹിക ബാധ്യതയായി മുന്നോട്ടു വന്നത്. കേവലം സഹായമെന്നതിനപ്പുറം അത്തരം കുട്ടികളെയും കുടുംബങ്ങളെയും കണ്ടെത്തി ദീര്‍ഘവീക്ഷണത്തോടെ മുതുകാട് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. കുട്ടികളുടെ പുനരധിവാസത്തിന് മൂന്നു വീടുകള്‍ നിര്‍മിച്ചു നല്‍കിയ ഡോ. സിദ്ദീഖ് അഹമ്മദ് ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ ഡറക്ടര്‍ കൂടിയാണ്.

പടം (മാജിക് അക്കാദമിയുടെ ഡിഫറന്റ് ആര്‍ട്ട് സെന്ററിനെക്കുറിച്ച് ഗോപിനാഥ് മുതുകാടും ഡോ. സിദ്ദീഖ് അഹമ്മദും വിശദീകരിക്കുന്നു)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss