|    Jul 25 Tue, 2017 12:23 pm
FLASH NEWS
Home   >  Kerala   >  

ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്‍കും

Published : 6th July 2016 | Posted By: G.A.G

കൊച്ചി: നഗരത്തിലെ ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്‍കും. സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ (കെഎംആര്‍എല്‍) ഡോ. ഏലിയാസ് ജോര്‍ജുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. കൊച്ചി നഗരത്തില്‍  ഭിന്നലിംഗത്തില്‍പ്പെട്ട 128 പേര്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇവരില്‍ ഏറെയും തൊഴില്‍ രഹിതരും സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നവരുമാണ്.
ഈമാസം നാലിന് ഭിന്നലിംഗക്കാര്‍ നടത്തിയ മാര്‍ച്ചില്‍ അവര്‍ ഉന്നയിച്ച പ്രധാന ആവശ്യവും തൊഴിലില്ലായ്മയ്ക്ക് പരിഹാരം എന്നതായിരുന്നു. ഇതേ തുടര്‍ന്നാണ് സിറ്റി പോലിസ് കമ്മീഷണര്‍ കെഎംആര്‍എല്‍ എംഡിയുമായി ചര്‍ച്ച നടത്തി ഭിന്നലിംഗ വിഭാഗത്തില്‍ പെടുന്ന തൊഴില്‍ രഹിതര്‍ക്ക് കൊച്ചി മെട്രോയില്‍ തൊഴില്‍ നല്‍കാമെന്ന ധാരണയില്‍ എത്തിയിരിക്കുന്നത്. വിശദമായ പദ്ധതി തയ്യാറാക്കുവാന്‍ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി കൊച്ചിയിലെ ഭിന്നലിംഗക്കാരുടെ സംഘടനാ ഭാരവാഹികളുമായി ചര്‍ച്ച നടത്തുമെന്നും പോലിസ് അറിയിച്ചു. മെട്രോയുടെ ഹൗസ് കീപ്പിങ്, തിരക്ക് നിയന്ത്രണം, ഉപഭോക്തൃ സേവനം എന്നീ മേഖലകളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പമായിരിക്കും ഭിന്നലിംഗക്കാര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ജോലി നല്‍കുന്നതെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് അറിയിച്ചു.  അതേസമയം, ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലിസ് നടത്തിയ ക്രൂരമര്‍ദ്ദനം വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിട്ടിരുന്നു. ഇതോടെ ഭിന്നലിംഗക്കാരെ അനുനയിപ്പിക്കാനാണ് പോലിസ് പുതിയ വഴി തേടിയതെന്നും ആരോപണമുണ്ട്. ഈയിടെ  നഗരത്തില്‍ എത്തുന്ന ഇതര സംസ്ഥാനക്കാരെ ആക്രമിച്ച് പണം തട്ടുന്നതായ പരാതിയില്‍ പോലിസ് അന്വേഷണത്തില്‍ നിരവധി ഭിന്നലിംഗക്കാരെ പിടികൂടിയിരുന്നു. പിന്നീട് ഇത്തരക്കാരെ പിടികൂടുവാന്‍ നിരന്തര ശ്രമവും പോലിസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഭിന്നലിംഗക്കാരായ രണ്ട് പേര്‍ക്കു നേരെ പരസ്യമായി ക്രൂരമര്‍ദ്ദനമാണ് പോലിസ് നടത്തിയത്. ഇതിനെതിരേ ഭിന്നലിംഗക്കാര്‍ ശക്തമായ പ്രക്ഷോഭം നഗരത്തില്‍ നടത്തിയിരുന്നു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക