|    Aug 14 Tue, 2018 1:51 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഭിന്നലിംഗക്കാര്‍ക്ക് കൈത്താങ്ങാവാന്‍ സാക്ഷരതാമിഷന്‍

Published : 8th December 2016 | Posted By: SMR

എച്ച്   സുധീര്‍

തിരുവനന്തപുരം: ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള സാക്ഷരതാമിഷന്റെ പദ്ധതികള്‍ അന്തിമഘട്ടത്തിലേക്ക്. ഭിന്നലിംഗക്കാര്‍ക്കുള്ള തുടര്‍വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം എന്നീ പദ്ധതികളാണ് സാക്ഷരതാ മിഷന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടമായി ഭിന്നലിംഗക്കാര്‍ നേരിടുന്ന വെല്ലുവിളികളും അതിജീവനവും എന്ന വിഷയത്തില്‍  15ന് സെമിനാര്‍ സംഘടിപ്പിക്കും. എറണാകുളം ഗസ്റ്റ് ഹൗസിലാണ് സെമിനാര്‍.
ഭിന്നലിംഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും ഇവര്‍ക്കുള്ള തുടര്‍വിദ്യാഭ്യാസവുമാകും സെമിനാറില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുകയെന്ന് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല തേജസിനോട് പറഞ്ഞു. നൂറിലേറെ ഭിന്നലിംഗക്കാര്‍ സെമിനാറില്‍ പങ്കെടുക്കും. ഇവരുടെ പ്രതിനിധികള്‍ സെമിനാറില്‍ വിഷയാവതരണം നടത്തും. കഴിഞ്ഞമാസം 28ന് സെമിനാര്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഹര്‍ത്താലിനെ തുടര്‍ന്ന് 15ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. സംസ്ഥാനത്ത് 30,000നും 40,000നും ഇടയില്‍ ഭിന്നലിംഗക്കാര്‍ ഉണ്ടെന്നാണ് പറയുന്നതെങ്കിലും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ ഇവരുടെ പൂര്‍ണമായ കണക്കെടുപ്പിനായി സാക്ഷരതാ മിഷന്‍ സര്‍വേ നടത്തും. സമൂഹത്തില്‍ ഭിന്നലിംഗക്കാര്‍ നേരിടുന്ന അവഗണനയും അരക്ഷിതാവസ്ഥയും ഒഴിവാക്കി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് പുതിയ പദ്ധതിയിലൂടെ സാക്ഷരതാമിഷന്‍ ലക്ഷ്യമിടുന്നതെന്നും ശ്രീകല വ്യക്തമാക്കി.
സര്‍വേയിലൂടെ തുടര്‍വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ എത്രയെന്ന് കണക്കാക്കിയാവും പഠനക്ലാസ് ആരംഭിക്കുക. 2017 ഫെബ്രുവരി മാസത്തോടെ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പി എസ് ശ്രീകല പറഞ്ഞു. സ്വന്തമായി താമസസൗകര്യവും വരുമാനമാര്‍ഗവും ഇല്ലെന്നതാണ് സംസ്ഥാനത്തെ ഭിന്നലിംഗക്കാര്‍ നേരിടുന്ന പ്രധാനപ്രശ്‌നം. ദുരിതപൂര്‍ണമായ സാഹചര്യത്തിലൂടെയാണ് പലരും കടന്നുപോവുന്നത്. വീടുകളില്‍ നിന്നുപോലും ആട്ടിയോടിക്കപ്പെട്ടവരും നിരവധിയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഭിന്നലിംഗക്കാര്‍ക്ക് താമസസൗകര്യം ഒരുക്കാന്‍ സാമൂഹികനീതി വകുപ്പ് മുന്‍കൈയെടുക്കണമെന്ന് ചൂണ്ടിക്കാട്ടി സാക്ഷരതാ മിഷന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സാമൂഹികനീതി വകുപ്പിന്റെ ഇടപെടലില്‍ താമസസൗകര്യമൊരുങ്ങിയാല്‍ തൊഴില്‍ പരിശീലനത്തിലൂടെ വരുമാനമാര്‍ഗത്തിനുള്ള ഇടപെടലുകള്‍ സാക്ഷരതാമിഷന്‍ സ്വീകരിക്കും. തുടര്‍വിദ്യാഭ്യാസത്തിനുള്ള പാഠപുസ്തകങ്ങള്‍ സാക്ഷരതാ മിഷന്റെ പക്കലുണ്ട്. ക്ലാസുകള്‍ കൈകാര്യം ചെയ്യാനുള്ള ഇന്‍സ്ട്രക്ടര്‍മാരെ മാത്രം ഇനി കണ്ടെത്തിയാല്‍ മതിയാവും. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അവധി ദിവസങ്ങള്‍ കേന്ദ്രീകരിച്ച് പഠനക്ലാസ് നടത്താനാണ് സാക്ഷരതാ മിഷന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss