|    Oct 17 Wed, 2018 2:58 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഭിന്നലിംഗക്കാര്‍ക്കായി മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക ക്ലിനിക്കുകള്‍

Published : 12th September 2017 | Posted By: fsq

 

തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. ഇതിനാവശ്യമായ തീരുമാനം ആരോഗ്യവകുപ്പ് കൈക്കൊള്ളുമെന്നും പൈലറ്റ് പദ്ധതിയെന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനായി പ്രത്യേക ഒപി ആരംഭിച്ചതായും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. മാസത്തില്‍ ഒരു തവണയാണ് കോട്ടയത്ത് ഇപ്പോള്‍ ഒപി പ്രവര്‍ത്തിക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടു കൂടിയാണ് ഒപി പ്രവര്‍ത്തനം നടന്നുവരുന്നത്. പ്രധാനപ്പെട്ട രണ്ടു മെഡിക്കല്‍ കോളജുകളില്‍ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ സര്‍ജറിക്കാവശ്യമായ സംവിധാനമൊരുക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍ സര്‍ജറി രണ്ടു  മാസത്തിനുള്ളില്‍ ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടുകൂടിയാണ് സര്‍ജറിക്കാവശ്യമായ സംവിധാനം ഉണ്ടാക്കുക. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍, സൈക്യാട്രി, ഡര്‍മറ്റോളജി, എന്‍ഡോക്രൈനോളജി, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ എല്ലാമാസവും ആദ്യ ചൊവ്വാഴ്ച്ച പ്ലാസ്റ്റിക് സര്‍ജറി ഡിപാര്‍ട്ടുമെന്റില്‍ നടത്തുന്ന ക്ലിനിക്കില്‍ ഭിന്നലിംഗക്കാരെ പരിശോധിച്ചു വേണ്ട ചികില്‍സ നല്‍കും. ഇതോടൊപ്പം ഭിന്നലിംഗക്കാര്‍ക്കു നിയമസഹായം നല്‍കുന്നതിന് ഒരു പാരാ ലീഗല്‍ വോളന്റിയറുടെ സേവനവും ക്ലിനിക്കില്‍ ലഭ്യമാണ്. ഭാവിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ചികില്‍സകള്‍ നടത്തുന്നതിന് പര്യാപ്തമായ രീതിയില്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങളെ വികസിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി ഭിന്നലിംഗക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തൊഴില്‍ പരിശീലനം നല്‍കാനുള്ള രണ്ട് പ്രൊജക്റ്റുകള്‍ സാമൂഹികക്ഷേമ വകുപ്പിന്റെ പരിഗണനയിലാണ്. സംസ്ഥാനത്ത് ആദ്യമായി മൂന്ന് ഭിന്നലിംഗക്കാരെ പാരാ ലീഗല്‍ വോളന്റിയര്‍മാരായി തിരഞ്ഞെടുത്തതും കോട്ടയത്താണ്. സമൃദ്ധി സുരക്ഷ എന്ന എന്‍ജിഒയും കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ഈ പ്രവര്‍ത്തനങ്ങളിലെല്ലാം ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പങ്കാളിയാണ്. മതിയായ ചികില്‍സ തേടാന്‍ കഴിയാതെവരുന്നു എന്നതാണ് ട്രാന്‍സ്‌ജെന്റര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഇതു കണക്കിലെടുത്താണ് ആദ്യമായി ട്രാന്‍സ്‌ജെന്ററിന് മാത്രമായി ക്ലിനിക്ക് എന്ന ആവശ്യം ഉയര്‍ന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss