|    Oct 19 Fri, 2018 4:27 pm
FLASH NEWS

ഭിന്നലിംഗക്കാരെ 13ാം പഞ്ചവല്‍സര പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചന

Published : 20th January 2017 | Posted By: fsq

 

കല്‍പ്പറ്റ: ഭിന്നലിംഗക്കാരെ 13ാം പഞ്ചവല്‍സര പദ്ധതിയിലുള്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അറിയിച്ചു. ഭിന്നലിംഗക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നാവശ്യപ്പെട്ട് നിവേദനവുമായി എത്തിയ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് പ്രവര്‍ത്തകരായ വി അബ്ദുല്‍ നസീര്‍, എം ജെ ബൈജു എന്നിവരുമായി ജില്ലാ പഞ്ചായത്ത് ഓഫിസില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജന്മനാ ഉണ്ടാവുന്ന സവിശേഷതകൊണ്ട് ഭിന്നലിംഗക്കാരായി കണക്കാക്കപ്പെടുന്നവര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നു മാറ്റിനിര്‍ത്തപ്പെടുന്നത് ഖേദകരമാണ്. ഇത്തരക്കാര്‍ക്ക് മൗലികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നതു കൂടാതെ പലവിധ ചൂഷണങ്ങള്‍ക്കും ഇരകളാവുകയും ചെയ്യുന്നു. 13ാം പഞ്ചവല്‍സര പദ്ധതി തയ്യാറാക്കുന്നതിനു മുന്നോടിയായി ജില്ലയുടെ വികസനരേഖ തയ്യാറാക്കുന്നതില്‍ ഭിന്നലിംഗക്കാരുടെയും ആവശ്യങ്ങള്‍ പരിഗണിക്കും. ഇതിനു ഫെബ്രുവരിയില്‍ ജില്ലയിലെ ഭിന്നലിംഗക്കാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും അവര്‍ പറഞ്ഞു. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ സാമൂഹിക സുരക്ഷിതത്വ വര്‍ക്കിങ് ഗ്രൂപ്പില്‍ ഭിന്നലിംഗക്കാരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുകയും ചെയ്യും. ജില്ലയില്‍ ഭിന്നലിംഗത്തില്‍പെട്ട നൂറിലധികം ആളുകളുണ്ടെന്നു മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് പ്രവര്‍ത്തകന്‍ എം ജെ ബൈജു വെളിപ്പെടുത്തി. പൊതുസമൂഹത്തിന്റെ കുറ്റപ്പെടുത്തലും വിവേചനവും ചൂഷണവും കാരണം സ്വന്തം നാട്ടില്‍ ജീവിക്കാനാവാതെ മറ്റു ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും ചിതറിക്കിടക്കുകയാണ് ഇക്കൂട്ടരെന്ന് അദ്ദേഹം പറഞ്ഞു. സംരക്ഷിക്കാന്‍ ആളുണ്ടെന്ന തോന്നലുണ്ടായാല്‍ ഭിന്നലിംഗക്കാര്‍ വഴിതെറ്റിപ്പോവില്ല. ജില്ലയിലെ ഭിന്നലിംഗക്കാരുടെ സംഗമം സംഘടിപ്പിക്കാമെന്ന ജില്ലാ പഞ്ചായത്തിന്റെ തീരുമാനം സ്വാഗതാര്‍ഹവും പ്രതീക്ഷ നല്‍കുന്നതുമാണ്. സംഗമത്തില്‍ പരമാവധി ആളുകളെ പങ്കെടുപ്പിച്ച് ഫലപ്രദമായ രീതിയില്‍ അഭിപ്രായ ക്രോഡീകരണം നടത്തുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, സെക്രട്ടറി വി സി രാജപ്പന്‍, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സിറാജ്, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ പി എന്‍ ബാബു, ജാഫര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss