|    Apr 26 Thu, 2018 2:01 am
FLASH NEWS

ഭാഷാ നിലവാരം ഉയര്‍ത്താന്‍ ലാംഗ്വേജ് ലാബുകള്‍

Published : 21st April 2017 | Posted By: fsq

 

കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ യുപി സ്‌കൂളുകളില്‍ ഇംഗ്ലീഷ്, ഹിന്ദി പഠനം കൂടുതല്‍ ഫലപ്രദമാക്കാന്‍ ലാംഗ്വേജ് ലാബ് ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ ജില്ലാ മിഷന്‍ യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥികളില്‍ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വികസിപ്പിക്കാന്‍ യുപി തലം മുതല്‍ വിദഗ്ധരുടെ പ്രത്യേക ക്ലാസുകളും പ്രായോഗിക പഠനപ്രവര്‍ത്തനങ്ങളുമാണ് ലക്ഷ്യമിടുന്നത്. അനായാസം ഇംഗ്ലീഷ് സംസാരിക്കാനും പാഠഭാഗങ്ങള്‍ ഹൃദിസ്ഥമാക്കാനും ഇതുവഴി കുട്ടികളെ പ്രാപ്തരാക്കാനാവും. ഇതിനായി ജോലിയില്‍നിന്നു വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ അധ്യാപകരെ കണ്ടെത്തി ഉപയോഗപ്പെടുത്തും. ശനിയാഴ്ചകളില്‍ ഇവരുടെ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും. ഇംഗ്ലീഷ് തിയേറ്റര്‍, മറ്റു പഠനപ്രവര്‍ത്തനങ്ങള്‍ എന്നിവ വഴി ഭാഷ അനായാസം ഉപയോഗിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെയും രക്ഷാകര്‍തൃ സമിതികളുടെയും മേല്‍നോട്ടത്തിലായിരിക്കും ഇതു നടപ്പാക്കുക. പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനത്തിന്റെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താന്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം ഉള്‍പ്പെടെയുള്ള ഇടപെടലുകളും ഉണ്ടാവും. ലോവര്‍ പ്രൈമറി തലത്തിലെ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ അംഗീകാരം സംബന്ധിച്ച് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്താനും തീരുമാനമയി. ഇത്തരം വിദ്യാലയങ്ങളില്‍ പഠിക്കുന്നവരുടെ കണക്കുകളും ശേഖരിക്കും. വിദ്യാഭ്യാസാവകാശ നിയമപ്രകാരം ഇത്തരം വിദ്യാലയങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം നേടണമെന്നാണ് വ്യവസ്ഥ. അടുത്ത അധ്യയനവര്‍ഷത്തെ പ്രവേശനത്തിനായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും വിപുലമായ പ്രവേശന കാംപയിന്‍ നടത്തും. ഓരോ തദ്ദേശസ്ഥാപന പരിധിയിലും പരമാവധി ജനപ്രതിനിധികളെയും സമൂഹത്തിലെ പ്രമുഖ വ്യക്തികളെയും പങ്കെടുപ്പിച്ച് രക്ഷിതാക്കളെ സമീപിക്കാനാണ് തീരുമാനം. വിദ്യാലയങ്ങളുടെ ഭൗതിക, അക്കാദമിക് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനായി ഓരോ സ്‌കൂളിനും പ്രത്യേക മാസ്റ്റര്‍പ്ലാനും വിദ്യാലയ വികസന പദ്ധതിയും തയ്യാറാക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. തദ്ദേശസ്ഥാപനങ്ങള്‍ അവരുടെ പദ്ധതികള്‍ ഇതുമായി സമന്വയിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ഇക്കാര്യത്തില്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് യോഗം അഭ്യര്‍ഥിച്ചു. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് അവശ്യം പൂര്‍ത്തിയാക്കേണ്ട പ്രാഥമിക സൗകര്യ വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നടപടിയെടുക്കാനും തീരുമാനമായി. തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം ബാബുരാജ്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, എഇഒമാര്‍ എന്നിവരും സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss