|    Oct 22 Sun, 2017 8:43 am

ഭാവി പ്രവചിക്കാനുണ്ടോ,ഭാവി?

Published : 17th May 2016 | Posted By: G.A.G

IMTHIHAN-SLUGതിരഞ്ഞെടുപ്പ് മാമാങ്കം കഴിഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി ഊണും ഉറക്കവുമില്ലാതെ കൊടും ചൂടും സഹിച്ച് അത്യധ്വാനം ചെയ്ത സ്ഥാനാര്‍ത്ഥി മുതല്‍ താഴേ തട്ടിലുളള സാദാ പോസ്റ്ററൊട്ടിപ്പ്, വാട്‌സപ്പ് അഡ്മിന്‍ വരെയുളള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വിശ്രമത്തിന്റെ ആശ്വാസം. സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി നേതൃത്വങ്ങളുമെല്ലാം കണക്കു കൂട്ടലിലാണ്.
തിരഞ്ഞെടുപ്പ് വന്നതു കൊണ്ട് നാലു കാശിന്റെ ബിസിനസു തടഞ്ഞിരുന്ന പ്രസ്സുകാര്‍,സൗണ്ട് സെറ്റ് ഓപ്പറേറ്റര്‍മാര്‍, ജാഥ തൊഴിലാളികള്‍ പോലുളളവര്‍ സീസണിലെ ലാഭ നഷ്ടകണക്കുകൂട്ടലുകളിലാണ്. പത്രത്താളുകളിലും ചാനലുകളിലും അങ്കകോഴികളെപ്പോലെ പരസ്പരം അങ്കം വെട്ടിയിരുന്ന അങ്കചേകവന്‍മാരും തല്‍ക്കാലം വാളും പരിചയുമെല്ലാം താഴെ വെച്ചിരിക്കുന്നു. ഇനിയുളള രണ്ടു നാളുകള്‍ കവടി നിരത്തലുകാരുടേതാണ്.
ഇലക്ഷന്‍ കമ്മീഷന്റെ കര്‍ശന വിലക്കുളളതിനാല്‍ തിരഞ്ഞെടുപ്പ് ദിവസം ആറു മണി വരെ ഒളിച്ചും മറഞ്ഞുമായിരുന്നു ഇക്കൂട്ടരുടെ കലാപരിപാടി. ആറു മണി കഴിഞ്ഞതും ആലിപ്പഴം വര്‍ഷിക്കുന്ന മാതിരിയായിരുന്നു പ്രവചന ഫലങ്ങളുടെ വരവ്. ദോഷം പറയരുതല്ലോ എല്ലാ കൂട്ടര്‍ക്കും ആശ്വസിക്കാനുളള വകയുണ്ട്. ഒരു കൂട്ടരുടെ പ്രവചനത്തില്‍ പ്രതീക്ഷിക്കാനുളള വകയില്ലെങ്കില്‍ അണികളെ ആശ്വസിപ്പിക്കാന്‍ തല്‍ക്കാലത്തേക്ക് മറ്റൊരു കണിയാന്റെ ഓല എടുത്താല്‍ മതി. നേരത്തേ ഈവക കലാപരിപാടികള്‍ രാഷ്ട്രീയ ജോതിഷികള്‍ വ്യക്തിപരമായാണ് കൂടുതലും നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഏജന്‍സികളുടെ പേരിലുളളവക്കാണ് ഡിമാന്റ്. വോട്ടിംഗ് ശതമാനത്തിന്റെ ഏറ്റക്കുറച്ചിലുകളും മുന്‍ കാലങ്ങളിലെ കണക്കുകളും ചാര്‍ട്ടുകളായും ഹിസ്‌റ്റോഗ്രാമുകളായും ഗ്രാഫിക്കല്‍ റെപ്രസന്റേഷനുകളിലൂടെ അവതരിപ്പിച്ച് സ്ഥാനാര്‍ത്ഥികളുടെ രക്ത സമ്മര്‍ദ്ദം വാനോളം ഉയര്‍ത്താന്‍ ഇവര്‍ക്കാര്‍ക്കും യാതൊരു മടിയുമില്ല.
പിന്നെ കഴിഞ്ഞ തവണ ബീഹാറില്‍ വെച്ച് കിട്ടിയതു പോലെ എട്ടിന്റെ പണി ഈ കണിയാന്‍മാര്‍ക്കു കിട്ടിയത് ഓര്‍ക്കുമ്പോഴാണ് സ്ഥാനാര്‍ത്ഥികള്‍ക്കും പരിവാരങ്ങള്‍ക്കും ഉറക്കം കിട്ടുക.

ഉപദംശം: തമിഴകം വാഴും ജയാമ്മ തന്റെ രാഷ്ട്രീയ ഭാവി അറിയാന്‍ കേരളത്തിലെ പ്രസിദ്ധ ജോതിഷിയെ സമീപിച്ചത് ഒരു കാലത്ത് വലിയ വാര്‍ത്ത ആയിരുന്നു.ജോതിഷം പാഠ്യപദ്ധതിയിലുള്‍പ്പെടുത്താന്‍ സ്മൃതി ഇറാനിയും കൂട്ടരും പെടാപാട് പെടുമ്പോഴും കുമ്മനം രാജേട്ടനോ ജനം ചാനലോ ഒന്നും ഇദ്ദേഹത്തെ സ്റ്റുഡിയോവില്‍ ഹാജറാക്കുകയോ ഓബി വാനുമായി പാഴൂര്‍ പടിപ്പുരയിലേക്ക് കുതിക്കുകയോ ചെയ്യാഞ്ഞതു മഹാകഷ്ടമായിപ്പോയി. ഇക്കണക്കിനു പോയാല്‍ ആര്‍ഷ സംസ്‌കാരത്തിന്റെ ഗതി അധോഗതി തന്നെ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക