|    Jan 23 Mon, 2017 6:22 pm
FLASH NEWS

ഭാവനാവാര്‍ത്ത നല്‍കി മനോരമയും ഓണ്‍ലൈന്‍ പത്രങ്ങളും

Published : 10th August 2016 | Posted By: SMR

തൊടുപുഴ: ആടിനെ പട്ടിയാക്കി വാര്‍ത്ത നല്‍കി മലയാള മനോരമയും ഓണ്‍ലൈന്‍ പത്രങ്ങളും അസത്യപ്രചാരണത്തിന്റെ വേറിട്ട വഴിയില്‍. നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ ബൈക്കില്‍നിന്ന് തെറിച്ച് തൊമ്മന്‍കുത്ത് ചപ്പാത്തില്‍ വീണ വീട്ടമ്മയെ സൈനിക ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തിയ സംഭവമാണ് അപവാദ പ്രചാരണത്തിനുപയോഗപ്പെടുത്തിയത്. ജീവന്‍ തുലാസിലായിട്ടും ഭര്‍ത്താവല്ലാതെ മറ്റാരെയും തൊടാന്‍ സമ്മതിക്കില്ലെന്ന് യുവതി പിടിവാശി പിടിച്ചതായാണ് വാര്‍ത്ത വന്നത്.
തൊമ്മന്‍കുത്ത് ചപ്പാത്തില്‍ ശനിയാഴ്ച രാത്രി എട്ടരയ്ക്കായിരുന്നു സംഭവം. തൊമ്മന്‍കുത്തിലേക്ക് വരുകയായിരുന്ന അടിമാലി സ്വദേശികളായ ദമ്പതികള്‍ യാത്ര ചെയ്ത ബൈക്ക് അപകടത്തില്‍പ്പെട്ടു. ഇറക്കമിറങ്ങി വളവു തിരിഞ്ഞ് വന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ മറിഞ്ഞു. വീട്ടമ്മ തെറിച്ച് ചപ്പാത്തിലേക്ക് വീണു. തൊട്ടുപിന്നാലെ ബൈക്കില്‍ വന്ന സൈനിക ഉദ്യോഗസ്ഥന്‍ കരയില്‍ കയറ്റാന്‍ സഹായിച്ചു. തൊടുപുഴയിലെ ഏതാനും മാധ്യമപ്രവര്‍ത്തകര്‍ ഈ സൈനികനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഒരു വിഭാഗം ഇപ്പോള്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ഒന്നും അവിടെ നടന്നതായി ഇദ്ദേഹം അറിയിച്ചിട്ടില്ല. ഈ ഉദ്യോഗസ്ഥനാവട്ടെ തിരികെ ക്യാംപിലേക്കു പോവുകയും ചെയ്തു.
ഈ സംഭവമാണ് വൃത്തിഹീനമായ ഭാവനയിലൂടെ കെട്ടുകഥയായി അച്ചടിച്ചത്. മലയാള മനോരമയും ദേശാഭിമാനിയും മാത്രമാണ് ഈ വാര്‍ത്ത നല്‍കിയത്. പുഴയില്‍ വീണ വീട്ടമ്മയെ സൈനിക ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തിയെന്നു മാത്രമേ ദേശാഭിമാനി റിപോര്‍ട്ടിലുള്ളു. ദേശാഭിമാനി ലേഖകന്‍ രക്ഷാപ്രവര്‍ത്തകനുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. സംഭവം സംബന്ധിച്ച് കരിമണ്ണൂര്‍ പോലിസ്, സ്‌പെഷ്യല്‍ ബ്രാഞ്ച്, ഫയര്‍ഫോഴ്‌സ് തുടങ്ങിവരുമായി ബന്ധപ്പെട്ടുവെങ്കിലും ഇത്തരമൊരു സംഭവം റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് എങ്ങനെയാണ് കഥ മാറിയത് എന്നത് ഇപ്പോഴും അജ്ഞാതം. മനോരമയുടെ ചുവടു പിടിച്ച് റിപോര്‍ട്ടര്‍ ചാനലും വാര്‍ത്ത നല്‍കി. പിറകെ സാമൂഹിക മാധ്യമങ്ങളിലെ താരമായ യുവ എംഎല്‍എയുടെ പോസ്റ്റും വന്നു. സംഭവം വിവാദമായതോടെ മനോരമയുടെ ഓണ്‍ലൈനില്‍ നിന്നും വാര്‍ത്ത നീക്കി. ഇതോടെ കാള പെറ്റെന്ന വാര്‍ത്ത കേട്ട് കയറെടുത്തവര്‍ അങ്കലാപ്പിലായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക