|    Aug 21 Mon, 2017 10:13 am
Home   >  Pravasi  >  Gulf  >  

ഭാര്യ കുവൈത്തിലാണെന്ന് ‘അബ്ഷിര്‍’; പരാതിയുമായി സ്വദേശി

Published : 20th October 2016 | Posted By: SMR

ജിദ്ദ: അഞ്ചുവര്‍ഷമായി ഭാര്യ കുവൈത്തിലാണെന്ന തെറ്റായ വിവരം രേഖപ്പെടുത്തിയ സൗദി ജവാസാത്തിന്റെ അബ്ഷിര്‍ വെബ്‌സൈറ്റിനെതിരേ പരാതിയുമായി സ്വദേശി.
ഹിജ്‌റ 1432ല്‍ ഭാര്യ കുവൈത്തില്‍ പോയതായും പിന്നീട് തിരിച്ചുവന്നിട്ടില്ലെന്നുമാണ് അബ്ഷിറിലുള്ളതെന്ന് ആരിഫ് ദൈഫുല്ല പരാതിയില്‍ പറയുന്നു. എന്നാല്‍ ആരിഫിന്റെ കൂടെ സൗദിയില്‍ തന്നെയാണ് ഭാര്യ കഴിയുന്നത്.
അബ്ഷിര്‍ വെബ്‌സൈറ്റില്‍ കുടുംബത്തിന്റെ വിവരങ്ങള്‍ നോക്കുന്നതിനിടെയാണ് തെറ്റായ വിവരങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. ഭാര്യ ഒരിക്കല്‍ പോലും കുവൈത്തില്‍ പോയിട്ടില്ല. ഇക്കാര്യം അഫീഫിലെ പാസ്‌പോര്‍ട്ട് ഓഫിസിനെ അറിയിച്ചിട്ടുണ്ട്.
ഭാര്യ കുവൈത്തില്‍ പോയിട്ടില്ലെന്നതിന് തെളിവായി പാസ്‌പോര്‍ട്ട് ഹാജരാക്കി. കഴിഞ്ഞ ശഅബാന്‍ മാസത്തില്‍ റിയാദ് പാസ്‌പോര്‍ട്ട് ഓഫിസിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും അബ്ഷിറില്‍ ഭാര്യ രാജ്യത്തിന് പുറത്താണെന്നാണ് കാണിക്കുന്നത്. തന്റെ ഭാര്യയുടെ പേര് യാത്രാവിലക്കുള്ളവരോ മറ്റോ ദുരുപയോഗം ചെയ്യുമോ എന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
ഭാര്യയുടെ വിസ ഉടനടി റദ്ദാക്കണമെന്നും കുടുംബത്തിന്റെ അവകാശങ്ങളും സ്വകാര്യതകളും സംരക്ഷിക്കണമെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം പാസ്‌പോര്‍ട്ട് വിഭാഗത്തോട് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക