|    Mar 17 Sat, 2018 11:49 pm
FLASH NEWS

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ച സംഭവം ; രണ്ടുപേരുടെ മരണത്തില്‍ നടുക്കം വിട്ടുമാറാതെ പശ്ചിമകൊച്ചി

Published : 3rd August 2017 | Posted By: fsq

 

മട്ടാഞ്ചേരി: വര്‍ഷങ്ങളോളം ബുദ്ധിമുട്ടിയിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള അംഗീകാരം ലഭിക്കാത്തതും തറവാട് വിറ്റ മാനസിക സംഘര്‍ഷവുമാണ് തോപ്പുംപടിയിലെ കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പോവാന്‍ മനസ് അനുവദിക്കാത്തതിനാലാണ് നിയമങ്ങളില്ലാത്ത ലോകത്തേക്ക് അവരെ കൊണ്ട് പോവുന്നതെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. നാലുമാസം മുമ്പാണ് കരുവേലിപ്പടി രാമേശ്വരം കോളനിയിലെ സുഹറാ മന്‍സിലിലെ ഫഌറ്റില്‍ റഫീക്ക് എന്ന പി കെ പരീകുട്ടി(50)താമസിക്കാ ന്‍ എത്തിയത്. എന്നാല്‍ പരിസരവാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും റഫീക്കിനെ കുറിച്ചും കുടുംബാംഗങ്ങളെ കുറിച്ചും നല്ല അഭിപ്രായം മാത്രമാണ് പറയാനുള്ളത്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ എട്ട് പേപ്പറുകളാണ് റഫീക്കിന്റെ പോക്കറ്റില്‍ നിന്നും പോലിസ് കണ്ടെടുത്തത്. അതില്‍ രണ്ട് പേജ് ഇരുവരും തമ്മില്‍ വിവാഹിതരായതിന്റെ കൊച്ചങ്ങാടി ചെമ്പിട്ട പള്ളി മഹല്ലിന്റെ രേഖകളും മറ്റു ആറ് പേജിന്റെ ഇരുവശവും വിവാഹം തൊട്ട് ആത്മഹത്യക്കുള്ള കാരണവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മിശ്രവിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും തറവാട് വിറ്റ മനോവിഷമവും ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചു. മിശ്രവിവാഹത്തിന്റെ രേഖകള്‍ കിട്ടാത്ത അവസ്ഥ ഇനി ആര്‍ക്കും ഉണ്ടാവരുത്. മറ്റുള്ളവര്‍ക്ക് ഇവിടെ ജീവിക്കാന്‍ രേഖകളൊന്നുമില്ലാത്തതിനാല്‍ അവരെയും കൂടെ കൊണ്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മുന്ന് ദിവസം മുന്‍പ് വാക്കത്തി വാങ്ങിവച്ചു. ഇളയ മകള്‍ സ്‌കൂളിലേക്ക് പോവുന്നതും രണ്ടാമത്തെ മകന് ദിവസവും മാതാവ് ഭക്ഷണം വാരി കൊടുക്കുന്നതുമെല്ലാം ഇവര്‍ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിയാതെയാണെന്നും കുറിപ്പിലുണ്ട്. കൂടാതെ സഹോദരന് നല്‍കാനുള്ള കടബാധ്യതയും ഭാര്യയുടെ പക്കലുള്ള സ്വര്‍ണത്തെ കുറിച്ചും കുറിപ്പില്‍ വിവരിക്കുന്നുണ്ട്.ബെഡ്‌റൂമില്‍ കിടന്ന് ഉറങ്ങുന്നതിനിടെയാണ് ഭാര്യ ജാന്‍സി എന്ന നസിയക്ക് വെട്ടേറ്റത്. കഴുത്തിനേറ്റ വെട്ടില്‍ താടിയെല്ല് വിണ്ട് പോയിരുന്നു. ടിവി കണ്ട് വരാന്തയില്‍ ഉറങ്ങിയ മൂത്തമകന്‍ ജഫ്‌റിന് തലയ്ക്കാണ് വെട്ടേറ്റത്. സമീപത്തെ റൂമില്‍ കിടന്ന ഷെഫിന്‍, സനിയ എന്നിവര്‍ക്ക് തലയ്ക്കും കൈക്കും പരിക്കുണ്ട്. വെട്ടുന്നത് തടുത്തതിനെ തുടര്‍ന്ന് സനിയയുടെ കൈവിരല്‍ അറ്റ് പോയി. ഇതിന് ശേഷം തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെ മൂത്ത കുട്ടി പിതാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും തറയില്‍ നിറയെ രക്തം നിന്നതിനാല്‍ തെന്നിപ്പോയി. പശ്ചിമകൊച്ചിയില്‍ ഇത് പോലുള്ള സംഭവം ആദ്യമായതിനാല്‍ പുലര്‍ച്ചെ തന്നെ ജനം ഒഴുകി എത്തുകയായിരുന്നു. മുന്‍ എംഎല്‍എ ഡൊമനിക്ക് പ്രസന്റേഷന്‍, കൗണ്‍സിലര്‍മാരായ വല്‍സലാ ഗിരീഷ്, ടി കെ അഷറഫ്, സിപിഎം കൊച്ചി ഏരിയാ സെക്രട്ടറി കെ എം റിയാദ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി എച്ച് നാസര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കരുവേലിപ്പടി ചെല്ലമ്മാള്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം മട്ടാഞ്ചേരി ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss