|    Nov 20 Mon, 2017 9:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു; മൂന്നു മക്കള്‍ക്കും വെട്ടേറ്റു

Published : 3rd August 2017 | Posted By: fsq

 

മട്ടാഞ്ചേരി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. മൂന്നു മക്കളെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. കരുവേലിപ്പടി ആര്‍കെ പിള്ള റോഡ് രാമേശ്വരം ലൈനില്‍ സുഹ്‌റ മന്‍സിലില്‍ ജാന്‍സി എന്ന നസിയ (45) ആണ് ഭര്‍ത്താവിന്റെ വെട്ടേറ്റു മരിച്ചത്. ഭര്‍ത്താവ് റഫീഖ് എന്നു വിളിക്കുന്ന പി കെ പരീക്കുട്ടി (50) ആണ് തൂങ്ങിമരിച്ചത്. പരീക്കുട്ടി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മക്കളായ ജഫ്‌റിന്‍ (21), ഷഫിന്‍ (19), സനിയ (14) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. കുട്ടികളുടെ നിലവിളി കേട്ട് വീടിന്റെ മുകള്‍നിലയില്‍ താമസിക്കുന്നവര്‍ വന്നുനോക്കുമ്പോള്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന കുട്ടികളെയാണ് ആദ്യം കണ്ടത്. റഫീഖ് ഫാനില്‍ തൂങ്ങിക്കിടക്കുന്നതും നസിയ വെട്ടേറ്റ് ചോരയില്‍ കുളിച്ചുകിടക്കുന്നതും കണ്ടതോടെ ഉടന്‍ തന്നെ ഇവര്‍ തോപ്പുംപടി പോലിസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസും നാട്ടുകാരും ചേര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റഫീഖും നസിയയും മരിച്ചിരുന്നു. നസിയയും റഫീഖും 22 വര്‍ഷം മുമ്പാണ് പ്രണയവിവാഹിതരായത്. ഇവര്‍ തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലായിരുന്നുവെന്നും റഫീഖിന്റെ ബന്ധുക്കള്‍ വ്യക്തമാക്കി. തറവാടുവീട് വിറ്റത് റഫീഖിനെ മാനസികമായി തളര്‍ത്തിയിരുന്നതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മരിക്കണമെന്ന ആഗ്രഹം തോന്നിത്തുടങ്ങിയെന്നും എന്നാല്‍ സ്‌നേഹനിധികളായ ഭാര്യയെയും മക്കളെയും ഉപേക്ഷിക്കാന്‍ മനസ്സുവരുന്നില്ലെന്നും അതിനാല്‍ അവരെയും കൊണ്ടുപോവുകയാണെന്നുമാണ് ആത്മഹത്യാ കുറിപ്പില്‍ റഫീഖ് പറഞ്ഞിരിക്കുന്നത്. പോലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക