|    Apr 22 Sun, 2018 6:43 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഭാരമില്ലാത്ത സ്‌കൂള്‍ ബാഗുകളുമായി അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂള്‍

Published : 27th March 2016 | Posted By: swapna en

bag
അജ്മാന്‍: സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറച്ച് വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഹാബിറ്റാറ്റ് സ്‌കൂളുകള്‍. അജ്മാനിലും ഉമ്മുല്‍ഖുവൈനിലുമായി ഹാബിറ്റാറ്റ് ഗ്രൂപ് ഓഫ് സ്‌കൂള്‍സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളിലാണ് ഭാരം കുറഞ്ഞതും കൂടുതല്‍ സൗകര്യപ്രദവുമായ ബാഗുകള്‍ പരിചയപ്പെടുത്തുന്നത്. കുട്ടികള്‍ക്ക് താങ്ങാവുന്ന വിധത്തില്‍, ആവശ്യമായ പുസ്തകങ്ങളും ചോറ്റുപാത്രവും ഉള്‍പ്പെടുത്തിത്തന്നെ ഭാരം കുറക്കാമെന്നതാണ് ഈ ബാഗുകളുടെ സവിശേഷത. ബാഗുകളുടെ പ്രത്യേക തരത്തിലുള്ള സ്ട്രാപ് കുട്ടികളുടെ തോളിന് അമിതഭാരം നല്‍കാതെ താങ്ങാകും. മാത്രമല്ല, അരക്കെട്ടില്‍ കെട്ടാവുന്ന ഒരു ബെല്‍റ്റും പിറകില്‍ അധിക ഭാരം വരാത്ത വിധത്തിലുള്ള ‘ഫോം റെസ്റ്റും’ പുസ്തകക്കെട്ടിന്റെ ഭാരം കുറക്കുന്നു. സ്‌കൂളിന്റെ ലോഗോക്കൊപ്പം തന്നെ ക്ലാസും പേരു വിവരങ്ങളും രേഖപ്പെടുത്താനുള്ള സംവിധാനവുമുള്ളതും കെ.ജി, െ്രെപമറി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് നിറങ്ങളില്‍ നല്‍കുന്നതും കുട്ടികളെ പെട്ടെന്നു തിരിച്ചറിയാന്‍ സഹായിക്കും.
ഹാബിറ്റാറ്റ് ഗ്രൂപ് ഓഫ് സ്‌കൂള്‍സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അജ്മാനിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍, അജ്മാനിലെയും ഉമ്മുല്‍ഖുവൈനിലെയും ഹാബിറ്റാറ്റ് സ്‌കൂളുകള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തില്‍ ഈ ബാഗുകള്‍ വിതരണം ചെയ്യുമെന്ന് മാനേജിംഗ് ഡയറ്കടര്‍ ഷംസു സമാന്‍ സി.ടി അറിയിച്ചു. പുസ്തകക്കെട്ടുകളുടെ ഭാരം കുട്ടികളുടെ ആരോഗ്യത്തെ തന്നെ ബാധിക്കുന്നുവെന്ന കണ്ടെത്തലില്‍ തന്നെ ശംസു സമാന്‍ തന്നെയാണ് ഭാരം കുറഞ്ഞ ബാഗുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കൈയ്യെടുത്തത്. ആരോഗ്യ വിദഗ്ധരുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും നിര്‍ദേശ പ്രകാരം, അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ മാതൃകകള്‍ തയ്യാറാക്കിയത്. ശരീര ഭാരത്തെക്കാള്‍ 15 മുതല്‍ 20 ശതമാനം വരെ കൂടുതല്‍ തൂക്കം വരുന്ന ബാഗുകള്‍ ചുമക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഈയൊരു പ്രശ്‌നത്തിന് പരിഹാരമാകുന്ന തരത്തിലുള്ള ബാഗുകള്‍ വിപണിയില്‍ വിരളമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാഗിന്റെ ഭാരം തോളില്‍ മാത്രമായി തൂങ്ങാതെ, പിറകില്‍ ഒരേ പോലെ വ്യാപിച്ച് ലഘുവായി നിര്‍ത്തുന്നതിന് ‘ഹിപ് ബെല്‍റ്റ്’ സഹായകമാകുമെന്ന് പ്രമുഖ ശിശുരോഗ വിദഗ്ധനും മെട്രോ മെഡിക്കല്‍ സെന്റര്‍ ഡയരക്ടറുമായ ഡോ. ജമാലുദ്ദീന്‍ അബൂബക്കര്‍ പറഞ്ഞു. അല്ലാത്ത പക്ഷം, നട്ടെല്ല് പിറകോട്ട് വളയുന്നതിന് വരെ അമിത ഭാരമുള്ള ബാഗുകള്‍ കാരണമാകും.
ടെക്സ്റ്റ് ബുക്കുകളുടെ എണ്ണം കുറയ്ക്കുന്നതിനും സ്‌കൂള്‍ പാഠ്യപുസ്തക കമ്മിറ്റി പദ്ധതി ആവിഷ്‌കരിച്ചതായി സ്‌കൂള്‍ അക്കാദമിക് ഡയരക്ടര്‍ സി.ടി. ആദില്‍ പറഞ്ഞു. ഗ്രേഡ് 1, 2 ക്ലാസുകളിലേക്ക് ഓരോ വിഷയത്തെ ആസ്പദമാക്കിയിലുള്ള ടെക്സ്റ്റ് ബുക്കുകള്‍ക്ക് പകരം, ഓരോ ടേമിലേക്കായാണ് പുസ്തകങ്ങള്‍ തയാറാക്കിയിട്ടുള്ളത്. സപ്‌ളിമെന്ററി പുസ്തകങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ, നാല് പുസ്തകങ്ങള്‍ക്ക് ഒരു പുസ്തകം കൊണ്ടു വന്നാല്‍ മതിയാകും -ആദില്‍ ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss