|    Apr 26 Thu, 2018 11:15 am
FLASH NEWS

ഭാരത് മാതായും മഹിഷാസുരന്മാരും

Published : 11th April 2016 | Posted By: sdq

dasshera-bommai-kolu-mahanavami
ബാബര്‍

അല്ലാഹു അക്ബര്‍ മുഴക്കാത്തതിന് മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള ജമ്മുകശ്മീര്‍ നിയമസഭ ഒരു ബിജെപി എംഎല്‍എയെ സസ്‌പെന്റ് ചെയ്യുക. സത്ശ്രീ അകില്‍ എന്ന അഭിവാദ്യം ചെയ്യാത്തതിന് സിഖ് മേല്‍ക്കോയ്മയുള്ള പഞ്ചാബ് നിയമസഭ ഒരു ജാട്ട് എംഎല്‍എയെ പുറത്താക്കുക. ഹലേലുയ്യാ പാടാത്തതിന് ക്രിസ്ത്യാനികള്‍ ഏറെയുള്ള നാഗാലാന്റ് നിയമസഭയിലെ അംഗങ്ങള്‍ ഒരു നിയമ സാമാജികനോട് കയര്‍ക്കുക. ഇതൊക്കെ സംഭവിച്ചാല്‍ ഇതേത് വെള്ളരിക്കാപട്ടണമെന്ന് മൂക്ക് താഴോട്ടുള്ള ഏതൊരുവനും ചോദിക്കും. സോഷ്യല്‍ മീഡിയയില്‍ അതാവും ട്രെന്റിംഗും വൈറലും. എന്നാല്‍ ഇന്ത്യാ മഹാരാജ്യത്ത് മോദിയുടെ കാലത്ത് നടക്കാത്ത തമാശകളില്ല. മഹാരാഷ്ട്ര നിയമസഭയാണ് വാരിസ് പഠാന്‍ എന്ന മജ്ജിസ് എംഎല്‍എയെ ഭാരത് മാതാകീ ജയ് എന്നുറക്കെ നൂറു ഡെസിബലില്‍ മുഴക്കാത്തതിന് നിയമസഭയില്‍നിന്ന് പുറത്താക്കിയത്. രാം കദം എന്ന രാജ്യസ്‌നേഹിയുടെ വകയായിരുന്നു ഫിത്‌ന. എന്നാല്‍ അത് സംബന്ധിച്ച് എന്തെങ്കിലും ഒരു പുക്കാറ് എവിടെയുമുണ്ടായതായി കേട്ടിട്ടില്ല. തന്റെ മുമ്പിലിരിക്കുന്നവരെ പുലഭ്യം പറഞ്ഞുകൊണ്ട് സൂപ്പര്‍മാനെപോലെ വാര്‍ത്ത വായിക്കുകയോ കഥിക്കുകയോ ചെയ്യുന്ന അര്‍ണബ് ഗോസ്വാമിയോ മറ്റ് ജനാധിപത്യ സിങ്കങ്ങളോ അത് ചര്‍ച്ചാവിഷയമാക്കിയതായി കേട്ടിട്ടില്ല.എന്നാല്‍ ദേശീയതലത്തില്‍ അതൊരു വിവാദമായില്ലെന്നും പറഞ്ഞു കൂടാ. bharath mathaബിജെപി, ശിവസേന തുടങ്ങിയ തൊഴില്‍പരമായി ദേശസ്‌നേഹികളായ കക്ഷികളും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ്സും അജിത് പവാറിന്റെ പവര്‍ കുറഞ്ഞ എന്‍സിപിയുമൊക്കെ ചേര്‍ന്നാണ് വാരിസിനെ ആനന്ദമഠം നോവലിലെ ഒളിപ്പോര്‍ സംഘത്തെപ്പോലെ ആക്രമിച്ചത്. എന്നാല്‍ അതിലെന്ത് തെറ്റ് എന്നു ചോദിക്കുന്നത് കവി ജാവീദ് അഖ്തര്‍. കേട്ടിട്ടില്ലേ അഖ്തറിനെ. ശുദ്ധാല്‍ ശുദ്ധമായ കമ്യൂണിസ്റ്റ് പാരമ്പര്യം. ശരീഅത്ത് നിയമപ്രകാരം രണ്ട് കെട്ടാനുള്ള സൗകര്യം ഉപയോഗിച്ച് പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില ആര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ച് പുകള്‍പെറ്റ ശബാന ആസ്മിയെ വിവാഹം കഴിച്ച, പുരോഗമനത്തിന്റെ അപ്പോസ്തലന്‍, നാസ്തികന്‍ കവിതകളാവട്ടെ ഒന്നാന്തരം വിപ്ലവം. ഒരു കുഴപ്പമേയുള്ളൂ സാദാ മുസ്‌ലിംകളെ കണ്ണെടുത്താല്‍ കണ്ടുകൂടാ. താടി വെച്ച വല്ല മുസ്‌ലിം നേതാവും വായ തുറന്നാല്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ചിറങ്ങി പൂഴിക്കടകനടിക്കും. മുമ്പ് ഡല്‍ഹി ജുമാ മസ്ജിദ് ഇമാമുമായി ശബ്‌ന ഒന്ന് കൊമ്പുകോര്‍ത്തത് വലിയ വിവാദമായിരുന്നു. ഇമാമിനെപോലുള്ളവരെ കണ്ടാല്‍തന്നെ കണ്ണെഴുതി പൊട്ടു തൊട്ട് ചാനലില്‍ പ്രത്യക്ഷപ്പെടുന്ന ഭാരതീയവനിത ഭദ്രകാളിയാവും. ഒരു ചാനല്‍ ചര്‍ച്ചയില്‍ ശബ്‌ന ഇമാമിനെ നന്നായി തെറിപറഞ്ഞപ്പോള്‍ ഇമാം അവരെ ഡാന്‍സിംഗ് ഗേള്‍ എന്നോ മറ്റോ അര്‍ത്ഥമുള്ള ഒരു ഉര്‍ദു പദമുപയോഗിച്ച് പരിഹസിച്ചു. ഇമാമിനെപ്പോലുള്ളവരെ വിമാനത്തില്‍ കൊണ്ടുപോയി ആകാശത്തുനിന്ന് അഫ്ഗാനിസ്ഥാനിലേക്കിടണമെന്നായിരുന്നു അതിനുമുമ്പവര്‍ നടത്തിയ ‘അന്തസ്സാര്‍ന്ന’ വിമര്‍ശനം. പക്ഷേ, എന്തു ചെയ്യാം ഇമാമിന്റെ പരാമര്‍ശമാണ് ചാനല്‍ വിഷയമാക്കിയത്.രണ്ടിന്റെയും സ്വഭാവമറിയാനാണ് ഈ പഴയ കഥപറഞ്ഞത്. പുരോഗമനം എന്ന മുഖമൂടിയിട്ടുകൊണ്ട് ഭരണവര്‍ഗ്ഗത്തിലെ ശാഖാപ്രമുഖര്‍ക്ക് കുഴമ്പിട്ടുകൊടുക്കുന്ന ബോളിവുഡ് കലാകാരന്മാരില്‍ പെടുന്നവരാണ് ദമ്പതികള്‍. പക്ഷേ, വലിയ പുരോഗമനവാദികളുമാണ്. ഭാരത് മാതാകീ ജയ് എന്ന് താന്‍ ഉച്ചൈസ്തരം ഉല്‍ഘോഷിക്കുമെന്ന് അഖ്തര്‍ രാജ്യസഭയില്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞപ്പോള്‍ ട്രഷറി ബെഞ്ചുകളില്‍നിന്നു ഹര്‍ഷാരവമുയര്‍ന്നത് സ്വാഭാവികം. ഏത് ഗാലറിക്ക് വേണ്ടിയാണ് കളിക്കുന്നത് എന്നു നന്നായറിയുന്ന മിടുക്കനാണ് അഖ്തര്‍.ഭാരത് മാതാകീ ജയ് എന്നു പറയാത്തവനും മാട്ടിറച്ചി തിന്നുന്നവനും നല്ല പച്ചക്കറിയാവാത്തവനുമൊക്കെ നാടുവിടണമെന്ന് പറയുന്നവര്‍ ഒരുപാടുള്ള ഒരു നാട്ടില്‍ ദൈവവിശ്വാസിയല്ലെന്ന് ഇടക്കിടെ പ്രഖ്യാപിക്കുന്ന അഖ്തര്‍ ഭാരത് മാതാകീ ജയ് വിളിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന്റെ രാഷ്ട്രീയം വളരെ കൃത്യമാണ്. പുരോഗമനവാദിയായിരിക്കുമ്പോള്‍തന്നെ ഇപ്പോള്‍ ശക്തിപ്പെട്ടുവരുന്ന വലതുപക്ഷ ഹിന്ദുത്വത്തിന്റെ എതിരാളിയാവാതിരിക്കുക. റൊട്ടിയുടെ ഏത് ഭാഗത്താണ് വെണ്ണ എന്നു മനസ്സിലാക്കുന്നവരാണവര്‍. പക്ഷേ, ഭാരത് മാതായുടെ ചരിത്രമറിയാവുന്നവര്‍ക്ക് അഖ്തറിനോടു യോജിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. കാരണം അഖ്തറിനും കനയ്യ കുമാറിനും രോഹിത് വെമൂലയ്ക്കും ഉമര്‍ ഖാലിദിനും കൊബാഡ് ഗാന്ധിക്കും അബ്ദുന്നാസിര്‍ മഅ്ദനിക്കും എസ്എആര്‍ ഗീലാനിക്കുമൊന്നും പ്രവേശനം കൊടുക്കാത്ത ഒരു ദേശീയതയാണ് ബംഗാളില്‍നിന്നും ഭാരത് മാതായുടെ വേഷത്തില്‍ കടന്നുവന്നത്. ഇത്തരമൊരു ദേശീയത നിര്‍മ്മിക്കുന്നത് ബോധപൂര്‍വമോ അബോധപൂര്‍വമോ ആയിരിക്കാം. പക്ഷേ, സംഭവിച്ചത് അങ്ങിനെയാണ്. ബഹുദൈവവിശ്വാസികള്‍ക്കും വിഗ്രഹപൂജകര്‍ക്കും മാത്രമുള്ള ഒരു ദേശീയതയാണത്.ഭാരതീയ വിദ്യാഭവന്‍ എന്ന, സവര്‍ണ ഹിന്ദുത്വത്തെ മൊത്തം ഇന്ത്യയുമായി സംയോജിപ്പിക്കുന്ന കൃതികള്‍ക്കും വിദ്യാഭ്യാസ പദ്ധതികള്‍ക്കും കേളികേട്ട, പ്രസ്ഥാനത്തിന്റെ സ്ഥാപകനായ കനയ്‌ലാല്‍ മനേക്‌ലാല്‍ മുന്‍ഷി എന്ന ഗുജറാത്ത് കോണ്‍ഗ്രസ്സുകാരന്‍ 1905 ല്‍ പിന്നീട് സന്യാസിയായി ത്തീര്‍ന്ന അരവിന്ദ് ഘോഷിനോട് രാജ്യസ്‌നേഹിയാവാനുള്ള എളുപ്പവിദ്യയെന്താണെന്ന് ചോദിച്ചതായി കേട്ടിട്ടുണ്ട്. ബംഗാളി ബ്രാഹ്മണനായ ഘോഷ് അതിനു പറഞ്ഞ മറുപടി ഉപഭൂഖണ്ഡത്തെ ദൈവമായി കാണാനാണ്. ഭൂപടത്തിനു പകരം കൈകാലുകളും പ്രഭാവലയവുമുള്ള ഒരു ദേവിയായി കണ്ടാല്‍ രാജ്യത്തോട് ഒമ്പതിരട്ടി ഭക്തിയുണ്ടാവുമെന്നും ഘോഷ് അതിനൊരു ആത്മീയവ്യാഖ്യാനവും നല്‍കി.ഘോഷ് ബംഗാളിയാണെന്നു പറഞ്ഞല്ലോ. പോരെങ്കില്‍ ഫ്യൂഡല്‍ പാരമ്പര്യമുള്ള ഭദ്രലോകിലെ അംഗം. പ്ലാസ്സിയില്‍ സിറാജുദ്ദൗലയെ bharath matha2ബിലാത്തിയില്‍നിന്നു വന്ന കൊള്ളക്കാരനായ ക്ലൈവ് ചതിയില്‍ തോല്‍പ്പിച്ചപ്പോള്‍ അതിനു ഈശ്വരന്മാര്‍ക്ക് നന്ദിപറയാന്‍ ദുര്‍ഗാപൂജ വ്യാപകമാക്കിയ പാരമ്പര്യമുള്ള നാടാണ് വംഗദേശം. എന്തിനേയും ആരാധിക്കുന്ന സമൂഹത്തില്‍ മണ്ണിനെ ആരാധനാപാത്രമാക്കുക ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. അതാണ് ബംഗാളില്‍ സംഭവിച്ചത്. ദരിദ്ര കുടിയാന്മാരൊക്കെ ഇസ്‌ലാം സ്വീകരിച്ചു ഫ്യൂഡലിസത്തിനെതിരെ കലാപം ചെയ്യുന്നതിനാല്‍ ചൗധരിമാര്‍ക്കും ഠാക്കൂര്‍മാര്‍ക്കും ചട്ടോപാധ്യായമാര്‍ക്കും ബന്ദോപാധ്യായമാര്‍ക്കും കീഴാള വിരോധത്തിനു പുറമെ കുറച്ചു മുസ്‌ലിംവിരോധവും ഉണ്ടായതായിരുന്നു എന്നു പറയാം.ബ്രിട്ടീഷ് രാജിന്റെ സേവകനായിരുന്ന ബങ്കിംചന്ദ്രനാണ് തന്റെ മനോഹരമായ എന്നാല്‍ വിഭാഗീയത വിതച്ചതില്‍ മുന്നില്‍നിന്ന ആഖ്യായികയിലൂടെ ഭാരത് മാതാവിനെ ഒരു ദേവിയായി അവതരിപ്പിക്കുന്നത്. 1875 ല്‍ എഴുതിയ ആനന്ദമഠം എന്ന നോവലില്‍ ഒരു ഹിന്ദു ഒളിപ്പോര്‍ സംഘം മുസ്‌ലിം മ്ലേഛരെ തോല്‍പ്പിക്കുന്നു. അവരുടെ ആസ്ഥാന ദേവതയാണ് ഭാരത്മാത. കാട്ടിനുള്ളിലെ ഒരു ക്ഷേത്രത്തില്‍ പത്തു കയ്യുള്ള ഒരു വെണ്ണക്കല്‍ വിഗ്രഹമാണ് ബങ്കിം ചന്ദ്രന്റെ മാത. മാത്രമല്ല വന്ദേമാതരം എന്ന ഗാനം ദുര്‍ഗാ ദേവിയെ സ്തുതിക്കുന്നതാണ്. അതായത് ദുര്‍ഗ തന്നെയാണ് ഭാരത് മാതാ.1905 ലെ ബംഗാള്‍ വിഭജനകാലത്ത് കിഴക്കന്‍ ബംഗാളില്‍ മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ളതാണ് ‘ദേശീയവാദികളെ’ കുപിതരാക്കിയത്. അന്നുപയോഗിച്ച ആഹ്വാനഗാനം വന്ദേമാതരമായിരുന്നു. ആയിടക്കാണ് രവീന്ദ്രനാഥാ ടാഗോറിന്റെ മരുമകനായ അബീന്ദ്രനാഥ ടാഗോര്‍ ഭാരത് മാതായുടെ ഒരു ജലഛായാ ചിത്രം വരയ്ക്കുന്നത്. സ്വദേശി പ്രസ്ഥാനം അത് വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു. നാലു കൈകളുള്ള അത്യാവശ്യം സൗന്ദര്യമുള്ള മാതക്ക് അനേകം കൈകളും മറ്റു അത്ഭുതസിദ്ധികളും വരുന്നത് പിന്നീടാണ്.ബംഗാളിലെ സ്വദേശി പ്രസ്ഥാനത്തില്‍ രണ്ടു ധാരകളുണ്ടായിരുന്നു. ഹിന്ദുമതവും ദേശവും തമ്മില്‍ സംയോജിപ്പിച്ചുകൊണ്ടുള്ള, അതിനാല്‍തന്നെ പരോക്ഷമായി പരമതവിരോധം കൂടുതലുള്ള ഒരു ധാരയായിരുന്നു മാതായുടെ ചിത്രവുമായി നടന്നത്. അനുശീലന്‍ സമിതി എന്ന സായുധ സംഘം ബ്രിട്ടീഷ് കൊളോണിയല്‍ ശക്തിക്കെതിരെ ആയുധമെടുത്തു പോരാടുന്ന വിഭാഗമായിരുന്നു. അവരുടെകൂടെ ചേരാന്‍ ദുര്‍ഗാദേവിയുടെ വിഗ്രഹത്തിനുമുന്നില്‍ നിവേദ്യമര്‍പ്പിക്കുകയും ഉപനയനം പോലുള്ള ചടങ്ങുകള്‍ക്കിരുന്ന് കൊടുക്കുകയും വേണ്ടിയിരുന്നു. അതിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു അരവിന്ദഘോഷ്. 1908 ല്‍ ബ്രിട്ടീഷ് ജയിലില്‍ കിടന്നപ്പോള്‍ ജയില്‍ ജീവിതത്തില്‍ ഒരു സുഖവുമില്ലെന്നു മനസ്സിലായ ഘോഷ് പിന്നീട് സന്യാസിയായി പോണ്ടിച്ചേരിയില്‍ ആശ്രമം സ്ഥാപിച്ച് ആത്മീയതയെകുറിച്ചു ദുര്‍ഗ്രഹമായ സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിച്ചു സുഖജീവിതം നയിച്ചു.രാഷ്ട്രത്തിന്റെ പ്രതിനിധാനത്തിനു സ്ത്രീ രൂപങ്ങള്‍ ഉപയോഗിക്കുന്നത് അപൂര്‍വമല്ല. അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമ ഓര്‍ക്കുക. ഒരു ഫ്രഞ്ചുശില്‍പി തങ്ങളുടെ സ്വാതന്ത്ര്യപ്രതീകത്തെ പ്രതിമയാക്കി അമേരിക്കക്കാര്‍ക്ക് സംഭവാനനല്‍കിയതാണത്. ഫ്രഞ്ച് ചിത്രകാരനായ യൂജീന്‍ ദെലാക്രോ സ്വാതന്ത്ര്യം ജനങ്ങളെ നയിക്കുന്നു എന്നു പേരിട്ട് വരച്ച ചിത്രത്തില്‍ ഒരു സ്ത്രീയാണ് വിപ്ലവം നയിക്കുന്നത്. മറ്റു രാജ്യങ്ങളിലും അത്തരം പ്രതീകവല്‍ക്കരണമുണ്ടാവും. പക്ഷേ, അവിടെയൊന്നും ഒരു രാഷ്ട്രീയക്കാരും അവയ്‌ക്കൊന്നും ദിവ്യത്വം നല്‍കാറില്ല. ഇത്തരം പ്രതീകങ്ങള്‍ക്ക് മതപരമായ പരിവേഷം നല്‍കുന്നത് ഒരു ദുസ്സാമര്‍ത്ഥ്യമാണ് എന്നു പറയാം. അതോടെ ചില ജനവിഭാഗങ്ങളെ ദേശീയതയില്‍നിന്നും അകറ്റി നിര്‍ത്താം. അതു മനസ്സിലാക്കിയാണ് ദേശീയപ്രസ്ഥാനം 1930 കളില്‍തന്നെ ഭാരത് മാതാ ഒരു വിശ്വാസി വിഭാഗമാവുന്നതിന്നെതിരെ നീങ്ങിയത്. 1937 ല്‍ രവീന്ദ്രനാഥ ടാഗോര്‍തന്നെ അന്ന് കോണ്‍ഗ്രസ്സ് പ്രസിഡണ്ടായിരുന്ന സുഭാഷ് ചന്ദ്രബോസിന് വന്ദേമാതരം ദേശീയ ഗാനമാക്കുന്നതിന്റെ അപകടങ്ങള്‍ സൂചിപ്പിച്ചെഴുതിയിരുന്നു. ഒരു മുസല്‍മാനും പത്തു കയ്യുള്ള ദേവിയെ ദേശമായി പരിഗണിക്കില്ലെന്നാണ് ടാഗോര്‍ കുറിച്ചത്. ടാഗോറിന്റെ നിര്‍ദ്ദേശം പരിഗണിച്ചു കോണ്‍ഗ്രസ്സ് ബങ്കിം ചന്ദ്രന്റെ തീര്‍ത്തും മതകീയമായ ഭാഗങ്ങള്‍ വന്ദേമാതരത്തില്‍നിന്നും നീക്കംചെയ്തു.അതിന്നെതിര് നിന്നവര്‍ ഒരിക്കലും ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യാതിരുന്ന ഹിന്ദുത്വ വിഭാഗമായിരുന്നു. രക്തസാക്ഷിയായവരെ ഹിന്ദുത്വരാക്കുന്നതാണ് എളുപ്പമെന്ന് കരുതുന്ന അവര്‍ സവര്‍ക്കറുടെ നേതൃത്വത്തില്‍, നീക്കം ചെയ്ത ഭാഗങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. വിശ്വാസിയല്ലാതിരുന്ന സവര്‍ക്കര്‍ ഇന്ത്യയെ ദൈവത്തിന്റെ അനുഗൃഹീതയായ പുത്രിയായിട്ടാണ് കരുതിയിരുന്നത്. സവര്‍ക്കറുടെ മക്കള്‍ എല്ലാ സംഘശാഖകളിലും വര്‍ണ്ണപ്പകിട്ടുള്ള മാതയെ ദുര്‍ഗാദേവിയായി സങ്കല്‍പ്പിക്കുന്നു. സിംഹത്തിന്റെ പുറത്തു സഞ്ചരിക്കുന്ന ദേവി കറുത്ത മഹിഷാസുരനെ ശൂലംകൊണ്ട് കുത്തിക്കൊല്ലുന്നു. ഇന്ത്യയില്‍ കാവിക്കൊടിക്ക് സല്യൂട്ട് ചെയ്യാത്തവരൊക്കെ മഹിഷാസുരന്റെ ഗണത്തിലാണ് എന്നാണ് ബൗധിക് പ്രമുഖര്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം.രാഷ്ട്രം ആരാധനാമൂര്‍ത്തിയാക്കപ്പെടുന്ന പ്രക്രിയ ഇടക്കൊന്നു ശക്തിപ്പെടും. 1936 ല്‍ തന്നെ വാരണാസിയില്‍ ഒരു ഭാരത് മാതാ ക്ഷേത്രം ഉയര്‍ന്നിരുന്നു. 2013 ല്‍ നരേന്ദ്രമോദി ഗുജറാത്തില്‍ ഒരു ക്ഷേത്രം ആരാധനയ്ക്ക് തുറന്നുകൊടുത്തു. 1983 ല്‍ ഹരിദ്വാറില്‍ ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്തത് ഇന്ദിരാഗാന്ധി. ബംഗ്ലാദേശിനെ സ്വതന്ത്രമാക്കിയ ശേഷം ഭാരതീയ ജനസംഘത്തിലെ അടല്‍ ബിഹാരി വാജ്‌പേയ് ഇന്ദിരയെ ദുര്‍ഗയെന്ന് പ്രശംസിച്ചത് ഇതോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.മഹിഷാസുരനെ ആരാധിക്കുന്നവര്‍ ജെഎന്‍യുവില്‍ കൂടുതലുണ്ടെന്ന് പറഞ്ഞ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ കാളിയെപോലെ ക്രൂദ്ധയായി സംസാരിക്കുന്നത് നാം കണ്ടു. സത്യത്തില്‍ മഹിഷാസുരന്റെ ആരാധകര്‍ പറയുന്നത് ഈ സങ്കല്‍പം കീഴാളവിഭാത്തെ അടിച്ചമര്‍ത്തിയതിന്റെ പ്രതീകാത്മകമായ വ്യാഖ്യാനമാണെന്നാണ്. സവര്‍ണര്‍ പറയുന്ന പല കഥകളും സാമൂഹ്യ ശാസ്ത്രപരമായി വ്യാഖ്യാനിക്കുമ്പോള്‍ ആയുധശേഷി കൂടുതലുള്ള ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ തോല്‍പിച്ചതിന് മതത്തിന്റെയും ഇതിഹാസത്തിന്റെയും പരിവേഷം നല്‍കിയതാണെന്ന് കാണാന്‍ പറ്റും. അതൊരു സ്വാംശീകരണത്തിന്റെ ഭാഗമായും ചിലപ്പോള്‍ പ്രവര്‍ത്തിക്കും. പല ‘അസുരന്മാ’രും പിന്നീട് വേഷം മാറി ദേവഗണങ്ങളില്‍ കയറുന്നത് നാം കാണുന്നു. അംബേദ്കറെ വരെ ആ നിര്‍ഭാഗ്യം പിടികൂടുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss