|    Jun 22 Fri, 2018 7:18 am
FLASH NEWS

ഭാരതപ്പുഴ സംരക്ഷണം: ‘പുനര്‍ജനി’ സമര്‍പ്പണം നാളെ

Published : 4th June 2016 | Posted By: SMR

മലപ്പുറം: ഭാരതപ്പുഴ സംരക്ഷിക്കാന്‍ ജില്ലാഭരണകൂടം നടപ്പാക്കുന്ന പുതിയ പദ്ധതിയായ പുനര്‍ജനി സമര്‍പ്പണം അഞ്ചിന് തവനൂര്‍ കേളപ്പജി കാര്‍ഷിക എന്‍ജിനീയറിങ് കോളജില്‍ നടക്കും. ജലസ്രോതസ് നിലനിര്‍ത്തുക, പുഴ സംരക്ഷിക്കുക, മലിനീകരണം തടയുക, ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക തുടങ്ങി വിവി ലക്ഷ്യങ്ങളുമായാണ് ജനപങ്കാളിത്തത്തോടെയുള്ള പദ്ധതി നടപ്പാക്കുന്നതെന്ന് കലക്ടര്‍ എസ് വെങ്കടേസപതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്‌കാരിക പ്രവര്‍ത്തകരുടെയും യുവജന-സന്നദ്ധ സംഘടനകളുടെയും പെതുജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ്മയിലാണ് പുനര്‍ജനി പദ്ധതി മുന്നോട്ടുപോവുക. ഒരുവര്‍ഷം നീളുന്ന ആദ്യഘട്ട പരിപാടിക്ക് തവനൂര്‍ കാര്‍ഷിക കോളജ്, മലയാളം സര്‍വകലാശാല, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, നിള സംരക്ഷണ സമിതി എന്നിവയുടെ സഹകരണമുണ്ട്. ജലസ്രോതസ്സുകളുടെ വിവരശേഖരണം, പുഴസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി പഠനം, നദീതീര സംരക്ഷണം എന്നിവയാണ് പ്രധാനമായും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പൊതുജനത്തിന്റെ പങ്കാളിത്തമില്ലാതെ വിജയത്തിലെത്തിക്കാന്‍ സാധിക്കാത്ത പദ്ധതിയായതിനാല്‍ എല്ലാവരിലും പുനര്‍ജനിയുടെ വിവരങ്ങള്‍ എത്തിക്കാന്‍ തുറന്ന ചര്‍ച്ചകള്‍, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
നിരവധി സന്നദ്ധ സംഘടനകള്‍ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. പദ്ധതിക്കായി പ്രത്യേക വെബ്‌സൈറ്റ് തുടങ്ങും. പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിച്ചുകൊണ്ടാവും പ്രവര്‍ത്തനം. പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ മാസവും യാഗം ചേരും. വാഹനത്തില്‍ മണല്‍ കടത്തുന്നത് വഴിയില്‍ തടയുന്നതുകൊണ്ടുമാത്രം പ്രയോജനമില്ലെന്ന് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകളില്‍ അഭിപ്രായമുയര്‍ന്നിരുന്നു. മണല്‍ അനധികൃതമായി പുഴയില്‍ നിന്ന് വാരുന്നത് തടയാന്‍ സാധിക്കണം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ പാലക്കാട് ജില്ലാ ഭരണകാര്യാലയത്തെയും ഉള്‍പ്പെടുത്തും. നിലവില്‍ തിരൂര്‍ സബ്കലക്ടര്‍ക്കാണ് പുനര്‍ജനിയുടെ നിര്‍വഹണ ചുമതല.
പുനര്‍ജനിക്ക് തുടക്കം കുറിക്കുന്ന ചടങ്ങുകളാണ് നാളെ നടക്കുക. രാവിലെ 10ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സംവിധായകന്‍ രഞ്ജിത് മുഖ്യാതിഥിയാവും. തുടര്‍ന്ന് പരിസ്ഥിതിയും സാഹിത്യവും, ജലസംരക്ഷണത്തിന്റെ പ്രാധാന്യവും പരിസ്ഥിതി പരിപാലനവും എന്നീ വിഷയങ്ങളില്‍ സംവാദം നടക്കും. വൈകീട്ട് നാലിന് സമാപന സമ്മേളനം മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ഭാരതപ്പുഴ കര്‍മപദ്ധതി സമര്‍പ്പണം കലക്ടര്‍ എസ് വെങ്കടേസപതി നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ തിരൂര്‍ സബ്കലക്ടര്‍ അദീല അബ്ദുല്ല, ഡെപ്യൂട്ടി കലക്ടര്‍ പുരുഷോത്തമന്‍ എന്നിവരും പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss