|    Aug 16 Thu, 2018 3:38 am
FLASH NEWS

ഭാരതപ്പുഴ: തീരവാസികള്‍ ആശങ്കയില്‍

Published : 11th August 2018 | Posted By: kasim kzm

കുറ്റിപ്പുറം: അടുത്ത കാലങ്ങളിലൊന്നും ഉണ്ടാകാത്ത രീതിയില്‍ ഭാരതപ്പുഴയിലെ ജലവിതാനം ഉയര്‍ന്നത് പുഴയുടെ ഇരുഭാഗങ്ങളിലും താമസിക്കുന്നവരില്‍ കടുത്ത ആശങ്ക പരത്തി. കുറ്റിപ്പുറം മല്ലൂര്‍കടവിലെ ശിവപാര്‍വ്വതി ക്ഷേത്രകടവില്‍ ആളുകള്‍ പുഴയിലിറങ്ങുന്നത് തടഞ്ഞ് പോലിസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് വടംകെട്ടി തടഞ്ഞിരിക്കുകയാണ്. കര്‍ക്കിടക വാവ് ദിവസമായ ഇന്ന് ഭക്തജനങ്ങള്‍ പിതൃബലിതര്‍പ്പണത്തിനായി പതിവായി ഈ കടവിലെത്താറുണ്ട്. മിനി പമ്പയില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാനായി പണിത പുഴയോര പാര്‍ക്കിലുമടക്കം വെള്ളം കയറിയിരിക്കുകയാണ്.
തവനൂര്‍ പഞ്ചായത്തിലെ അതളൂര്‍, നാഡറ്റ് എന്നിവിടങ്ങളിലെ പുഴയോരത്ത് താമസിക്കുന്ന 30 ഓളം കുടുംബങ്ങളെ അതളൂര്‍ എന്‍എസ്എസ് സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. കുറ്റിപ്പുറം ഹൈസ്‌കൂളിനോട് ചേര്‍ന്നുള്ള പുഴയോരത്തെ ചെങ്ങണക്കടവിലെ റോഡില്‍ വെള്ളം കയറി പ്രദേശത്തെ പത്ത് വീടുകളിലേക്കുള്ള വഴി തടസ്സപ്പെട്ടിരിക്കുകയാണ്. ഭാരതപ്പുഴയോരത്തെ തൃക്കണാപുരം, മല്ലൂര്‍കടവ്, വള്ളാഞ്ചേരി, മദിരശ്ശേരി, തവനൂര്‍, നരിപ്പറമ്പ്, അതളൂര്‍, നാഡറ്റ് പ്രദേശങ്ങളിലെ പറമ്പുകളിലെല്ലാം വെള്ളം കെട്ടിക്കിടപ്പാണ്. മലമ്പുഴ ഡാം തുറന്നതോടെയാണ് പുഴയില്‍ ക്രമാതീതമായ രീതിയില്‍ വെള്ളമുയര്‍ന്നത്. പുഴയോര പറമ്പുകളില്‍ കൃഷി ചെയ്തിരുന്ന ആയിരക്കണക്കിന് നേന്ത്രവാഴകളും തോട്ടങ്ങളും വെള്ളപ്പൊക്കം മൂലമുള്ള നാശത്തിന്റെ ഭീഷണിയിലാണ്.
പൊന്നാനി: ഭാരതപ്പുഴയോരത്തെ പൊന്നാനി ഈശ്വരമംഗലം ഭാഗത്ത് വീടുകളിലേയ്്ക്കു വെള്ളം കയറിയതോടെ പത്തോളം കുടുംബങ്ങളെ ദുരിത്വാശ്വാസ ക്യാംപിലേയ്ക്കു മാറ്റി. പുഴയോരത്തെ കര്‍മ റോഡിനടിയിലൂടെ സ്ഥാപിച്ച പൈപ്പ് വഴിയാണ് വെള്ളം റോഡിന് മറുഭാഗത്തെത്തിയത്. വ്യാഴാഴ്ച രാവിലെ മുതല്‍ നേരിയ തോതില്‍ വെള്ളം കയറുകയും വൈകുന്നേരത്തോടെ പൈപ്പിലൂടെ വെള്ളം കുത്തിയൊഴുകുകയുമായിരുന്നു. ഈശ്വരമംഗലം ഐഎഎസ് പരിശീലനകേന്ദ്രത്തിനു സമീപത്തെ വീടുകളിലേയ്്ക്കാണ് വെള്ളം ഇരച്ചെത്തിയത്. പതിനഞ്ചോളം വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാവുകയും നാല്‍പതോളം വീടുകള്‍ക്ക് ചുറ്റും വെള്ളം കെട്ടി നില്‍ക്കുകയുമാണ്. പത്തോളം വീട്ടുകാരെ ചമ്രവട്ടം പ്രോജക്ട് ഓഫിസിലേയ്ക്കു മാറ്റിപ്പാര്‍പ്പിച്ചു. ചിലര്‍ ബന്ധുവീടുകളിലേയ്ക്കു മാറി. വെള്ളം കയറിയ വീട്ടില്‍നിന്ന് വയോധികനായ കളത്തില്‍പറമ്പില്‍ വേലായുധനെ ആശുപത്രിയിലേയ്ക്കു മാറ്റി. വേലിയേറ്റ സമയത്ത് വെള്ളം ഉയരുന്നത് ഇവിടെയുള്ളവര്‍ ഭീതിയോടെയാണ് കാണുന്നത്. മുന്‍വര്‍ഷങ്ങളില്‍ മഴക്കാലത്ത് പുഴയില്‍നിന്ന് വെള്ളം കയറി ദുരിതമനുഭവിച്ചിരുന്ന കുടുംബങ്ങള്‍ കര്‍മ റോഡ് യാഥാര്‍ഥ്യമായതോടെ ആശ്വാസത്തിലായിരുന്നു. എന്നാല്‍ പ്രദേശത്തെ വെള്ളം ഒഴുക്കിവിടാനായി സ്ഥാപിച്ച പൈപ്പ് വഴി വെള്ളം പുഴയില്‍ ഉയര്‍ന്നതോടെ തിരിച്ചെത്തിയതാണ് ഭീഷണിയായത്.ഇപ്പോള്‍ കര്‍മ റോഡും വെള്ളത്തിലാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss