|    Sep 22 Sat, 2018 6:38 am
FLASH NEWS

ഭാരതപ്പുഴയുടെ തീരങ്ങളില്‍ വീണ്ടും വന്‍തോതില്‍ മണല്‍ക്കൊള്ള

Published : 29th August 2018 | Posted By: kasim kzm

തിരൂര്‍: പ്രളയം അവസാനിച്ചതോടെ ഭാരതപ്പുഴയുടെ തീരങ്ങളില്‍ വീണ്ടും വന്‍തോതില്‍ മണല്‍കൊള്ള. കര്‍ശനമായ പോലിസ് നടപടികളെ തുടര്‍ന്ന് കൊല്ലങ്ങളായി മണല്‍കൊള്ള തീരദേശങ്ങളില്‍ നിലച്ച മട്ടായിരുന്നു. എന്നാല്‍, പ്രളയത്തില്‍ വന്‍ മണല്‍ശേഖരം ഭാരതപ്പുഴയിലേക്ക് ഒഴുകിയെത്തിയിരുന്നു. പുഴയുടെ ആഴവും കുഴികളുമെല്ലാം ഇതേ തുടര്‍ന്ന് ഇല്ലാതാവുകയും ചെയ്തിരുന്നു. കുറ്റിപ്പുറം, തവനൂര്‍ മേഖലകളില്‍ വലിയ മണല്‍തിട്ടകളും പ്രത്യക്ഷപ്പെട്ടു. മണലെടുപ്പ് കാരണം ഭാരതപ്പുഴയുടെ ആഴം വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തിരുന്നു. മണല്‍കടത്തിലൂടെ വന്‍ സാമ്പത്തിക ലാഭമാണ് മാഫിയ ഉണ്ടാക്കിയിരുന്നത്. പോലിസ് നടപടികള്‍ ശക്തമാക്കുകയും അറസ്റ്റുകളും വന്‍തുക പിഴയും വന്നതോടെ മാഫിയ പത്തിമടക്കുകയായിരുന്നു.
എന്നാല്‍, പ്രളയത്തിനുശേഷം വലിയ തോതില്‍ മണല്‍ ഒഴുകിവന്നതും പുഴയില്‍ അങ്ങിങ്ങായി മണല്‍ തിട്ടകള്‍ രൂപപ്പെട്ടതും പോലിസ് മറ്റു ജോലികളില്‍ മുഴുകിയതും അവസരമാക്കി മണല്‍ മാഫിയ വീണ്ടും സജീവമായിരിക്കുകയാണ്. പത്തോളം അനധികൃത കടവുകളില്‍നിന്നു പകലും രാത്രിയും മണല്‍ക്കടത്ത് തുടങ്ങിയെന്നാണ് വിവരം.
കാലവര്‍ഷവുമായി ബന്ധപ്പെട്ട് തഹസില്‍ദാറുമാരും ആര്‍ഡിഒമാരും പോലിസ് ഉദ്യോഗസ്ഥരും തിരക്കിലായതിനാല്‍ മണല്‍കടത്ത് തടയാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. എം സാന്റ് ഉപയോഗത്തില്‍ തൃപ്തിയില്ലാത്ത കെട്ടിട, വീട് നിര്‍മാതാക്കള്‍ മണലിനായി എത്ര തുക മുടക്കാനും തയ്യാറായതോടെയാണ് വീണ്ടും മണല്‍കടത്തിന്റെ സൈറന്‍ മുഴങ്ങിയിരിക്കുന്നത്. ദിവസവും നൂറുകണക്കിന് ലോഡുകളാണ് ഊടുവഴികളിലൂടെ കടന്നു പോവുന്നത്. അര്‍ധരാത്രിയിലും മണല്‍ക്കടത്ത് സജീവമാണ്.
മണല്‍കടത്ത് തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കുറ്റിപ്പുറം പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പഴയ രൂപത്തില്‍ ഭാരതപ്പുഴയുടെ പ്രതാപം ഇല്ലാതാവുമെന്നും അവര്‍ പറയുന്നു.ചാലിയാര്‍ പുഴയിലും വ്യാപക തോതിലുള്ള മണല്‍കൊള്ളയാണ് നടക്കുന്നത്. പ്രളയം കഴിഞ്ഞതിനുശേഷം ചാലിയാറിലും വന്‍തോതിലുള്ള മണല്‍ ശേഖരമുണ്ടായിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss