|    Aug 18 Fri, 2017 12:39 am
FLASH NEWS

ഭാരതപ്പുഴയില്‍ മാലിന്യം തള്ളല്‍ പതിവാകുന്നു

Published : 7th August 2017 | Posted By: fsq

 

പട്ടാമ്പി: ഭാരതപ്പുഴയില്‍ മാലിന്യം തള്ളല്‍ പതിവാകുന്നു. കോഴി, ആടുമാടുകളുടെയും കശാപ്പ് മാലിന്യങ്ങളാണ് പുഴയില്‍ വന്‍തോതില്‍ തള്ളുന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പോലിസും യഥാ സമയം നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.    റെയില്‍വേ മേല്‍പ്പാലത്തിന് താഴെയുള്ള പഴയ കടവില്‍ നിന്ന് കീഴായൂര്‍ റോഡിലെ പുഴയോരത്താണ് വന്‍തോതില്‍ മാലിന്യം കൊണ്ടിടുന്നത്. രാത്രി കാലങ്ങളിലാണ് കൂടുതലായും മാലിന്യം തള്ളുന്നത്.  ഭാരതപ്പുഴ സംരക്ഷണത്തിന് ശാശ്വതമായ നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാധ്യമങ്ങളില്‍ പറയുന്നുണ്ടെങ്കിലും ഒന്നും ചെയ്യുന്നില്ല. നഗര സഭയുടെ ഒന്നിലധികം കുടിവെള്ള പദ്ധതിയുടെ ജല സംഭരണികളിലേക്ക് വെള്ളമെടുക്കുന്നത് ഭാരത പ്പുഴയല്‍ നിന്നാണ്. കുടിവെള്ള പദ്ധതിയുടെ കിണറുകളുടെ മുകള്‍ ഭാഗത്താണ് മാലിന്യ നിക്ഷേപം എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. നഗരത്തിലെ കടകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള മലിന ജലം ഒലിച്ചെത്തുന്നതും പുഴയിലേക്ക് തന്നെ. ഈ  മാലിന്യങ്ങള്‍ നഗരസഭയുടെ കുടിവെള്ള പദ്ധതികളില്‍ എത്തുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ആരോപിക്കുന്നു. ഇത് സംബന്ധിച്ച് നേരത്തെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അഴുക്ക് ചാലിലേക്ക് ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള മലിനജലം ഒഴുക്കുന്നത് തടയാന്‍ നഗരസഭ നടപടി സ്വീകരിച്ചിരുന്നു. എന്നിട്ടും പല സ്ഥാപനങ്ങളും പകല്‍  പാത്രങ്ങളില്‍ ശേഖരിച്ച് വക്കുന്ന മാലിന്യം രാത്രിയില്‍ പുഴയിലേക്ക് തള്ളുന്നുണ്ട്. കീഴായൂര്‍ നമ്പ്രം റോഡില്‍ മുമ്പ് നിര്‍ത്തിയിട്ടിരുന്ന മണ്ണ്,മണല്‍ വാഹനങ്ങള്‍ കോടതി നിര്‍േദശത്തെ തുടര്‍ന്ന് പോലിസ് മാറ്റിയെങ്കിലും പുഴയിലേക്ക് വീണവയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം ആയില്ല.  വാഹനങ്ങള്‍ പുഴയില്‍ കിടന്ന് തുരുമ്പെടുത്ത് നശിച്ചു വെള്ളം മലിനമാവുന്നു. കീഴായൂര്‍ നമ്പ്രം റോഡിലെ പൊന്തക്കാടുകള്‍ യഥാസമയം വൃത്തിയാക്കാത്തതിനാല്‍ പുഴയില്‍ മാലിന്യം തള്ളിയാലും പെട്ടെന്ന് ശ്രദ്ധയില്‍പെടില്ല.  കാട് വെട്ടി തെളിച്ച് പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചാല്‍  മാലിന്യം തള്ളുന്നവരെ നിയന്ത്രിക്കാമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക