|    Oct 19 Fri, 2018 4:05 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഭാരം കുറയ്ക്കാന്‍ ശ്രമിച്ച ഇമാന്‍ മരണത്തിന് കീഴടങ്ങി

Published : 26th September 2017 | Posted By: fsq

 

അബൂദബി:  അമിതഭാരം കുറയ്ക്കാനുള്ള ശ്രമത്തിനിടെ  ഈജിപ്ത് സ്വദേശിയായ ഇമാന്‍ അബ്ദുല്‍ ആത്തി മരണത്തിന് കീഴടങ്ങി. 504 കിലോ ഭാരമുണ്ടായിരുന്ന ഇമാന്‍ ലോകത്തിലെ ഏറ്റവും തൂക്കം കൂടിയ സ്ത്രീയായിരുന്നു. പരസഹായം ഇല്ലാതെ കഷ്ടപ്പെടുന്ന കാര്യം ബന്ധുക്കള്‍ സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവരുടെ വിവരം പുറം ലോകം അറിഞ്ഞത്. ഇതിനെ തുടര്‍ന്ന് മുംബൈയിലെ ബൊഹ്‌റ വിഭാഗം നടത്തുന്ന സൈഫി ആശുപത്രി ഇവരുടെ ചികില്‍സയ്ക്ക്് തയ്യാറാവുകയായിരുന്നു.  കഴിഞ്ഞ മാര്‍ച്ചില്‍ ഇവിടെ വച്ച്് ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ നടത്തിയ ശേഷം ചികില്‍സയില്‍ സംതൃപ്തരാവാത്ത ബന്ധുക്കള്‍ മെയ് 4ന് അബൂദബിയിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ബുര്‍ജീല്‍ ആശുപത്രിയിലേക്ക് കട്ടിലോടുകൂടി മാറ്റുകയായിരുന്നു. ഇരു വൃക്കകളും തകരാര്‍ ആയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഇന്നലെ രാവിലെ 4.35ന് ആണ് മരണം സംഭവിച്ചത്. അബൂദബിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന ഇമാന്‍ 20 വ്യത്യസ്ത ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു. കഴിഞ്ഞ 9നായിരുന്നു ഇമാന്റെ ജന്മദിനം. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ബാരിയാട്രിക് സര്‍ജറി മനുഷ്യ ശരീരത്തിന് ഏറെ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്ന ചികില്‍സയാണെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 1989 സപ്തംബര്‍ 9ന് അലക്‌സാണ്ട്രിയയില്‍ ജനിച്ച ഇമാന് തൈറോയിഡ് രോഗം കാരണം ശരീരത്തിന് ഭാരം വര്‍ധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിദ്യാഭ്യാസം  നിര്‍ത്തിവച്ച് വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. മുംബൈയിലെ ശസ്ത്രക്രിയക്ക് ശേഷം 200 കിലോ കുറഞ്ഞതായി സൈഫി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss