|    Jul 16 Mon, 2018 6:22 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഭാരം കുറയ്ക്കാന്‍ പാഠപുസ്തകങ്ങള്‍ മൂന്ന് ഭാഗമാക്കി ; രണ്ടാം ടേമില്‍ ക്ലാസുകള്‍ ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പുസ്തകമില്ല

Published : 19th September 2017 | Posted By: fsq

 

തിരുവനന്തപുരം/പത്തനംതിട്ട: സ്‌കൂള്‍ ബാഗിനു ഭാരം കുറയ്ക്കാന്‍ പാഠപുസ്തകങ്ങള്‍ മൂന്നു ഭാഗങ്ങളാക്കിയെങ്കിലും രണ്ടാം ഭാഗത്തിന്റെ അച്ചടി പൂര്‍ത്തിയായില്ല. രണ്ടാം ടേമിലെ ക്ലാസുകള്‍ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും പാഠപുസ്തകങ്ങളെത്തിയിട്ടില്ല. ഒന്നാംഭാഗം പാഠപുസ്തകം സ്‌കൂള്‍ തുറക്കുന്നതിനു മുമ്പേ എത്തിച്ച് ശ്രദ്ധേയമായ വിദ്യാഭ്യാസവകുപ്പ് രണ്ടാംഭാഗം പുസ്തകം സമയബന്ധിതമായി എത്തിക്കാന്‍ ശ്രമിച്ചതുമില്ല. ഈ മാസാവസാനത്തോടെ എല്ലാ പുസ്തകങ്ങളും എത്തിക്കുമെന്നാണ് ഇപ്പോള്‍ വിദ്യാഭ്യാസവകുപ്പ് അവകാശപ്പെടുന്നത്. ഇക്കൊല്ലം മുതലാണ് പൊതുവിദ്യാലയങ്ങളിലെ ഒരുവിഭാഗം പാഠപുസ്തകങ്ങള്‍ മൂന്നു ഭാഗമാക്കിയത്. കഴിഞ്ഞ വര്‍ഷം വരെ ഒക്‌ടോബര്‍ വരെ ഒരു ഭാഗവും തുടര്‍ന്ന് അടുത്ത ഭാഗവുമായിരുന്നു. ഇത്തവണ എല്ലാ ക്ലാസുകളിലും ഏതാനും വിഷയങ്ങളുടെ പുസ്തകങ്ങള്‍ മൂന്നു ഭാഗമാക്കി. ആദ്യഭാഗം ഓണപ്പരീക്ഷയ്ക്കു മുമ്പായി പഠിപ്പിക്കാനുള്ളതായിരുന്നു. രണ്ടാംഭാഗത്തിന്റെ പുസ്തകമെത്താത്തതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി പഠനം അവതാളത്തിലായതായി അധ്യാപകരും കുട്ടികളും പറയുന്നു. പ്രൈമറി ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ഏറെയും കിട്ടാനുള്ളത്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ചിലയിടങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ രണ്ടു പുസ്തകങ്ങള്‍ ലഭ്യമായിരുന്നതിനാല്‍ ക്ലാസുകള്‍ സുഗമമായി നടന്നു. ഒട്ടുമിക്ക ഹൈസ്‌കൂള്‍ ക്ലാസുകളിലെയും രണ്ടാംഭാഗം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നു. മൂന്നു ഭാഗങ്ങളാക്കിയപുസ്തകങ്ങളുടെ അച്ചടി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. 10ാം ക്ലാസിലെ മൂന്ന് വിഷയങ്ങളുടെ പുസ്തകങ്ങളാണ് മൂന്നു ഭാഗങ്ങളാക്കിയത്. ഇവ മൂന്നും ഡിപ്പോകളില്‍ എത്തിച്ചിട്ടുള്ളതായി പറയുന്നു. എന്നാല്‍ എട്ട്, ഒമ്പത് ക്ലാസുകളുടെ മൂന്നു ഭാഗങ്ങളാക്കിയ പുസ്തകങ്ങളുടെ രണ്ടാംഭാഗം എത്തിയതുമില്ല. ഇതിനിടെ ഇന്നലെ എല്ലാ ക്ലസ്റ്ററുകളിലും സ്‌കൂള്‍ സൊസൈറ്റികളിലും പുസ്തകം എത്തിക്കുമെന്ന് വിദ്യാഭ്യാസ ഓഫിസര്‍മാര്‍ അറിയിച്ചു. എന്നാല്‍, ജില്ലാതല പാഠപുസ്തക ഡിപ്പോകളിലെങ്ങും പുസ്തകം എത്തിയില്ല. ഇതിനിടയില്‍ പുസ്തക വിതരണം 20ന് മുമ്പു പൂര്‍ത്തിയാക്കണമെന്ന് പാഠപുസ്തക വിതരണ ഡിപ്പോകള്‍ക്ക് മന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കി. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്ന് മുന്നിറിയിപ്പും നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss