|    Jan 19 Thu, 2017 10:49 pm
FLASH NEWS

‘ഭായ്ജാന്‍’ കാണിച്ചുതരുന്നത്

Published : 6th September 2015 | Posted By: admin

salman-bajrangi-

പ്രശസ്ത തെലുഗു എഴുത്തുകാരനും തിരക്കഥാകൃത്തുമായ കെ.വി. വിജയേന്ദ്രപ്രസാദിന് ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട ഒരു കഥ പറയണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രത്തിന്റെ സംവിധായകന്‍ എസ്.എസ്. രാജ്മൗലി സ്വന്തം പുത്രനാണെങ്കിലും ഈ ദൗത്യം ഏറ്റെടുത്താല്‍ പ്രായോഗികമായി ഒട്ടനവധി പ്രതിസന്ധികളെ നേരിടേണ്ടിവരുമെന്ന ധാരണയിലാവണം അദ്ദേഹം തന്റെ കഥ മൂന്നേ മൂന്നു ഫീച്ചര്‍ ഫിലിമുകളുടെ മാത്രം പാരമ്പര്യമുള്ള കബീര്‍ഖാനെ ഏല്‍പ്പിക്കുന്നത്.

പരസ്പരം സ്‌നേഹത്തിലും ബഹുമാനത്തിലും കഴിഞ്ഞിരുന്ന ഒരു ജനത ബാഹ്യശക്തികളുടെ കുത്തിത്തിരിപ്പുകളാല്‍ വിഭജിക്കപ്പെട്ടുപോവുകയും ബാഹ്യതലത്തില്‍ ഇന്നും ആ സ്പര്‍ധയും ശത്രുതയും നിലനില്‍ക്കുകയും ചെയ്തിരുന്നിട്ടുപോലും ഇരുഭാഗത്തുമുള്ള സാധാരണക്കാരായ മനുഷ്യരുടെ പരസ്പരസ്‌നേഹവും ബഹുമാനവും നിലനില്‍ക്കുന്നതിന്റേതായ ഈ കഥ- ബജ്‌റംഗി ഭായ്ജാന്‍- ഇന്ത്യയിലെയും പാകിസ്താനിലെയും സിനിമാതിയേറ്ററുകളില്‍ കലക്ഷന്‍ റെക്കോഡ് സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. ഈദ് റിലീസായി പാകിസ്താനില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ റോങ് നമ്പര്‍ 25 കോടി രൂപയും ബിന്‍ റോയേ 20 കോടിയും നേടിയപ്പോള്‍ 45 കോടിയായിരുന്നു ബജ്‌റംഗിയുടെ സമ്പാദ്യം.

ഇന്ത്യയിലാവട്ടെ  400 കോടി എന്ന സര്‍വകാല റെക്കോഡിലേക്ക് ചിത്രം കുതിച്ചുകൊണ്ടിരിക്കുകയാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ സ്ഥാപകാധ്യാപകരിലൊരാളായ റഷീദുദ്ദീന്‍ ഖാന്റെയും വീട്ടമ്മയായ ലീലയുടെയും പുത്രനായ കബീര്‍ഖാന് സിനിമയില്‍ താല്‍പ്പര്യം ഉളവാക്കുന്നത് അമ്മയാണ്. ജാമിയ മിലിയ്യയില്‍നിന്ന് സിനിമോട്ടോഗ്രഫിയില്‍ പരിശീലനം നേടിയ ശേഷം കുറേക്കാലം ദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിച്ചു. കുടുംബസുഹൃത്തായ മാധ്യമപ്രവര്‍ത്തകന്‍ സയ്യിദ് നഖ്‌വിയെ ഗുരുവായി കണക്കാക്കുന്ന കബീര്‍, ഡിസ്‌കവറി ചാനല്‍ സംപ്രേക്ഷണം ചെയ്ത ബിയോണ്ട് ദ ഹിമാലയാസിന്റെ കാമറ കൈകാര്യം ചെയ്തു.

kareena-salman-embed

സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എയെപ്പറ്റി മലയാളിയായ ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്‌വാളിന്റെയും ഗുരു ബക്ഷ് ധില്ലന്റെയും സഹായത്തോടെ നിര്‍മിച്ച ദ ഫൊര്‍ഗോട്ടന്‍ ആര്‍മിയാണ്  ആദ്യത്തെ സ്വതന്ത്ര ഡോക്യുമെന്ററി. താലിബാന്‍ ഇയേഴ്‌സ് ഇന്‍ അഫ്ഗാനിസ്താന്‍ ആണ് മറ്റൊരു ഹ്രസ്വചിത്രം. അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് സംശയത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട              നിരപരാധികളെപ്പറ്റിയായിരുന്നു ന്യൂയോര്‍ക്ക് എങ്കില്‍, കാബൂള്‍ എക്‌സ്പ്രസ് താലിബാന്റെ പതനത്തിനുശേഷം വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ള  അഞ്ചുപേര്‍ക്ക് നേരിടേണ്ടിവന്ന അനുഭവങ്ങള്‍ അനാവരണം ചെയ്യുന്നു.  കബീറിന് ബോളിവുഡില്‍ ഇരിപ്പിടം നേടിക്കൊടുത്ത ഈ ചിത്രത്തിന് ശേഷം വന്ന ഏക് ഥാ ടൈഗറിലെ വിഷയം ഇന്ത്യ-പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സികളും ഐ.എസ്.ഐയും തമ്മിലുള്ള സംഘര്‍ഷമായിരുന്നുവെങ്കിലും തികച്ചും മനുഷ്യത്വപരമായ സമീപനമായിരുന്നു സംവിധായകന്റേത്. ഇതേ നിലപാട് തന്റെ പുതിയ ചിത്രത്തിലും കബീര്‍ ആവര്‍ത്തിച്ചിരിക്കുന്നു.

bajrangibhaijaan-salmankhan1

ജന്മനാടായ പാകിസ്താന്‍ കശ്മീരിലേക്കു കുടുംബസമേതം സംജോത എക്‌സ്പ്രസില്‍ യാത്ര ചെയ്യാന്‍ പുറപ്പെട്ട ഷാഹിദ എന്ന ബാലിക സ്റ്റേഷനില്‍ ഒറ്റപ്പെട്ടുപോവുന്നു. അടുത്തു കണ്ട വണ്ടിയില്‍ കയറി അവള്‍ എത്തിപ്പെടുന്നത് കുരുക്ഷേത്രയില്‍. അവിടെ പവന്‍കുമാര്‍ ചതുര്‍വേദി(സല്‍മാന്‍ഖാന്‍) എന്ന  ബ്രാഹ്മണന്‍ അവളുടെ സംരക്ഷകനാവുന്നു. തീവ്രമായ ഹനുമാന്‍ ഭക്തികാരണം അവിടെ എല്ലാവര്‍ക്കും അദ്ദേഹം ബജ്‌രംഗി ആയിരുന്നു. ഷാഹിദയെ നാട്ടിലെത്തിക്കുക തന്റെ ധര്‍മമായി കണ്ട അദ്ദേഹം നിയമവിരുദ്ധമായി അതിര്‍ത്തികടന്ന് പാകിസ്താനിലെത്തുന്നു. നിയമലംഘനം അധര്‍മമായി കണക്കാക്കുന്ന അദ്ദേഹം സൈന്യത്തിനു മുമ്പില്‍ സ്വയം കീഴടങ്ങുകയാണ്. അവരുടെ അനുവാദത്തോടെ, പിന്നീട് രണ്ടു പേരും പാക് അധീനകശ്മീരിലേക്ക് യാത്രയാവുകയാണ്. ഒരു ഭീകരവാദി കീഴടങ്ങിയെന്ന വാര്‍ത്ത ലഭിച്ച് ഓടിയെത്തുന്ന ചാന്ദ് നവാബ് (നയാസുദ്ദീന്‍ സിദ്ദിഖ്വി), യാത്രാമധ്യേ പരിചയപ്പെട്ട മൗലവി (ഓംപുരി) എന്നിവര്‍ കൂട്ടുകാരാവുന്നു.

ഷാഹിദയെ കോഴി ബിരിയാണി ഊട്ടുകയും എല്ലാവരെയും ‘ജയ് ബജ്‌രംഗി’ എന്ന് അഭിവാദനം നടത്തുകയും ചെയ്യുന്ന ചതുര്‍വേദി; ചതുര്‍വേദി ഹനുമാനെ നമസ്‌കരിക്കുമ്പോള്‍ അതനുകരിക്കുന്ന ഷാഹിദയും ചാന്ദ് നവാബും! പള്ളി ഒരാരാധനാലയം മാത്രമല്ല വിശ്വാസികള്‍ക്ക് -അവര്‍ ഏതു വിഭാഗത്തില്‍ പ്പെട്ടവരായാലും- ഒരഭയകേന്ദ്രം കൂടിയാണെന്ന് പ്രസ്താവിക്കുന്ന മൗലവി- ”ഹനുമാന് പാകിസ്താനില്‍ എന്തു  ചെയ്യാന്‍ കഴിയും?” എന്ന്  ഒരവസരത്തില്‍ ചാന്ദ്            നവാബ് ബജ്‌രംഗിയോടു ചോദിക്കുന്നുണ്ട്.               ശുഭപര്യവസായിയായ കഥയിലൂടെ സംവിധായകന്‍ അതിനു മറുപടി നല്‍കിയിരിക്കുന്നു. ഛാലിയ (1960), ഗരംഹവ (1972), പിജ്ജാര്‍ (2003) എന്നീ വിരലിലെണ്ണാവുന്ന പടങ്ങള്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍നിന്നു പുറത്തുവന്ന എല്ലാ പടങ്ങളിലും പാകിസ്താന് വില്ലന്റെ സ്ഥാനമായിരുന്നു. മനോജ്കുമാറിന്റെ ഹിന്ദുസ്ഥാന്‍ കി കസം ആയാലും (1973) മലയാളിയായ ജോണ്‍ മാത്യു മാത്തന്‍ സംവിധാനം ചെയ്ത സര്‍ഫറോഷ് ആയാലും ഇതുതന്നെയായിരുന്നു സ്ഥിതി.

ലാഹോറിലെ ഉന്നത രാഷ്ട്രീയനേതാവിന്റെ മകളായ തന്റെ കാമുകിയെ നേടിയെടുക്കാന്‍ ഒറ്റയ്ക്ക് ആയിടംവരെ പോയി, എതിരിട്ട എല്ലാവരെയും തോല്‍പ്പിച്ച് സകലതിനെയും തകര്‍ത്തു തരിപ്പണമാക്കി കാര്യം സാധിച്ച, ഒരു ട്രക്ക് ഡ്രൈവറെയും നാം ബോളിവുഡില്‍ കണ്ടിട്ടുണ്ട്. ഗദര്‍: ഏക് പ്രേം കഥ (2001). ഇത്തരം സിനിമാഭാസങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തം ആണ് ബജ്‌രംഗി ഭായ്ജാന്‍. മനുഷ്യരിലെ മാനുഷികതയാണ് ഇതിന്റെ അടിസ്ഥാനശില. രാഷ്ട്രീയം ഇതില്‍ കടന്നുവരുന്നില്ലെന്നല്ല; പക്ഷേ, അത് നര്‍മപ്രയോഗത്താലും ദ്വയാര്‍ഥങ്ങളാലും പ്രതീകങ്ങളാലും അവതരിപ്പിക്കപ്പെടുന്നു. സഹോദരപുത്രന്മാര്‍ തമ്മില്‍ യുദ്ധം നടന്ന കുരുക്ഷേത്രം, ‘വിശ്വാസികള്‍ക്ക് അഭയസ്ഥാനമാണ് പള്ളി’ എന്ന മൗലാനയുടെ പ്രഖ്യാപനം, ‘നമ്മുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയെങ്കിലും ഈ ശത്രുത അവസാനിപ്പിക്കുക’ എന്ന പ്രതീക്ഷാത്മകസന്ദേശം -ഇതെല്ലാം ചിത്രത്തെ വ്യത്യസ്തമാക്കുന്നു.

കരീനാ കപൂറിനെ പോലുള്ളവരെ ഉള്‍പ്പെടുത്തി ബോളിവുഡിന്റെ സ്ഥിരം മസാലകളെല്ലാം ബജ്‌രംഗി ഭായ്ജാനില്‍ ഉണ്ടെങ്കിലും ഉഫയില്‍ നടന്ന ബ്രിക്‌സ് സമ്മേളനത്തില്‍ വച്ച് നരേന്ദ്രമോദിക്കും നവാസ് ഷരീഫിനും (അഥവാ ഇന്ത്യക്കും പാകിസ്താനും) ഇടയിലുണ്ടായ ‘മഞ്ഞുരുക്കം’ അന്യോന്യമുള്ള വെടിനിര്‍ത്തല്‍ കരാറുകളിലൂടെ ലംഘിക്കപ്പെടുന്നുണ്ടാവാമെങ്കിലും ബജ്‌രംഗി ഭായ്ജാന്‍ പാടിപ്പുകഴ്ത്തുന്നത് മനുഷ്യരില്‍ അന്തര്‍ലീനമായിട്ടുള്ള നന്മ തന്നെയാണ്.ചിത്രത്തിന്റെ പേരില്‍ മാറ്റം വരുത്തണമെന്ന് ഒരു കാലത്ത് ആവശ്യപ്പെട്ട വിശ്വഹിന്ദു പരിഷത്ത് അവസാനം ആര്‍.എസ്.എസ്. ശാഖകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ ഒരെതിര്‍പ്പും പ്രകടിപ്പിക്കാതിരുന്നതും വര്‍ഷങ്ങള്‍ക്കു മുമ്പ് ബാല്യത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തിപ്പെട്ട് അവിടെ വളര്‍ന്ന മൂകയും ബധിരയുമായ ഒരു പെണ്‍കുട്ടിക്കുവേണ്ടി പാകിസ്താന്‍ ഹൈക്കമ്മീഷണറും ഇന്ത്യന്‍ ആഭ്യന്തരവകുപ്പും എല്ലാം ചേര്‍ന്ന് സംയുക്തശ്രമം നടത്തുന്നതും മറ്റും ബജ്‌രംഗി ഭായ്ജാന്റെ അനന്തരഫലമായി വേണം കാണാന്‍. പാകിസ്താന്‍ സെന്‍സര്‍ ബോര്‍ഡ് നിസ്സാരമായ ഒരു ഭാഗം മാത്രം നീക്കം ചെയ്താണ് ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കിയത് എന്നത് മറ്റൊരു ഉദാഹരണം!

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 69 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക