|    May 25 Thu, 2017 12:33 pm
FLASH NEWS

ഭാഗാധാരത്തിനുള്ള നികുതി; സാധാരണക്കാരെ ഒഴിവാക്കും: ധനമന്ത്രി

Published : 24th July 2016 | Posted By: SMR

കൊല്ലം: ഭാഗാധാരത്തിനുള്ള നികുതിയില്‍ നിന്ന് സാധാരണക്കാരെയും പാവങ്ങളെയും ഒഴിവാക്കുന്നതു പരിഗണിക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. കെഎസ്എഫ്ഇ ഓഫിസേഴ്‌സ് യൂനിയന്‍ സംസ്ഥാന സമ്മേളനം കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നികുതി മേഖലയായി സാമ്പത്തിക വിദഗ്ധര്‍ കാണുന്നതു പിതൃസ്വത്തിനെയാണ്. കേരളത്തില്‍ ഭൂപരിഷ്‌കരണം നടപ്പാക്കിയതുമൂലം സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും ധാരാളം ഭൂമി കിട്ടിയിട്ടുണ്ട്. നിലവില്‍ പാവപ്പെട്ടവനും ആയിരം ഏക്കര്‍ ഉള്ളവനും ആയിരം രൂപ അടച്ചാല്‍ മതിയെന്ന നിയമമാണുള്ളത്. പാവങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും. ഇതിനായി സമരം ചെയ്യാന്‍ ആരും മുതിരേണ്ടതില്ലെന്നും സബ്ജക്ട് കമ്മിറ്റിയുടെ മുമ്പാകെ ഈ വിഷയം വരുമ്പോള്‍ സര്‍ക്കാര്‍ യുക്തമായ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പ്രവാസി മലയാളികള്‍ക്കായി പ്രവാസി ചിട്ടി കെഎസ്എഫ്ഇ ആരംഭിക്കുമെന്നും ഓണത്തിനു മുമ്പ് കെഎസ്എഫ്ഇ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.േ
കേന്ദ്രസഹായമായി കേരളത്തിനു കിട്ടേണ്ടിയിരുന്ന 4000 കോടി രൂപ നഷ്ടപ്പെടാനിടയാക്കിയതിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയണം. നികുതിവരുമാനം കുറഞ്ഞതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് റവന്യൂകമ്മി കൂടിയതാണ് കേന്ദ്രസഹായം ഇല്ലാതാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ 19 ശതമാനം ആയിരുന്ന നികുതിപിരിവ് യുഡിഎഫ് ഭരണത്തില്‍ 12.13 ശതമാനം ആയി കുറഞ്ഞത് റവന്യൂ കമ്മി വര്‍ധിക്കാനിടയാക്കി. സര്‍ക്കാരിന്റെ വരുമാനം ചെലവിനു തികയുന്നില്ലെന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിയാണുള്ളതെന്നും തോമസ് ഐസക് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day