|    Mar 30 Thu, 2017 10:27 am
FLASH NEWS

ഭാഗപത്ര ഉടമ്പടി നിരക്കുവര്‍ധന; കെപിസിസി രണ്ടാംഘട്ട പ്രക്ഷോഭത്തിലേക്ക്

Published : 27th July 2016 | Posted By: SMR

തിരുവനന്തപുരം: ഭാഗപത്ര ഉടമ്പടിക്കും നിത്യോപയോഗസാധനങ്ങള്‍ക്കും കനത്ത നികുതി ഏര്‍പ്പെടുത്തി ജനങ്ങള്‍ക്കുമേ ല്‍ അധികഭാരം അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി രണ്ടാംഘട്ട പ്രക്ഷോഭത്തിലേക്ക്. ആഗസ്ത് 11ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നിശ്ചയിക്കപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫിസുകളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചും ധര്‍ണയും നടത്തും. സര്‍ക്കാര്‍ നടപടി പൂര്‍ണമായും പിന്‍വലിക്കുംവരെ സമരം തുടരുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഭാഗപത്ര ഉടമ്പടിക്കായുള്ള രജിസ്‌ട്രേഷന്‍ ഫീസിലും മുദ്രപ്പത്രനിരക്കിലും വന്‍ വര്‍ധന വരുത്തിയ ധനമന്ത്രിയുടെ നിലപാട് പാളിപ്പോയി. സാമ്പത്തികകാര്യങ്ങളില്‍ സാമാന്യം ഭേദപ്പെട്ട അറിവുണ്ടെന്ന് പലരും കരുതുന്ന ഐസക്കിന് പറ്റിയ പിഴവായാണ് ഇതിനെ കാണാനാവുന്നത്. സര്‍ക്കാരിന്റെ ധനാഗമന മാര്‍ഗമായി ഈ മേഖലയെ തിരഞ്ഞെടുത്തത് വളരെയധികം തെറ്റായിപ്പോയി. പിതൃസ്വത്ത് ലഭിക്കണമെങ്കില്‍ പീഡനമനുഭവിക്കേണ്ട അവസ്ഥയാണിപ്പോള്‍. ഇതിന് യാതൊരു ന്യായീകരണവുമില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിലയിലേക്ക് തിരച്ചുപോവണം. നാമമാത്രമായി ഇളവ് നല്‍കി പ്രശ്‌നം അവസാനിപ്പിക്കാനാണ് ശ്രമമെങ്കില്‍ കോണ്‍ഗ്രസ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ല. സര്‍ക്കാരിന്റെ നിലപാടുകളെ ആശ്രയിച്ചായിരിക്കും രണ്ടാംഘട്ട സമരത്തിനു ശേഷമുള്ള തുടര്‍സമരങ്ങളുടെ രീതി തീരുമാനിക്കുകയെന്നും സുധീരന്‍ വ്യക്തമാക്കി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വിവാദതീരുമാന പരമ്പരകളിലെ മറ്റൊരു നടപടിയാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ നിയമനം. സിപിഎമ്മിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയെ എങ്ങനെയാണ് ഈ സ്ഥാനത്ത് നിയമിക്കാന്‍ കഴിയുക. വിവാദനിയമനത്തില്‍ സിപിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം. ആഗസ്ത് മൂന്നിന് ദലിത് പീഡനങ്ങള്‍ക്കെതിരേ കെപിസിസിയുടെ ആഭിമുഖ്യത്തില്‍ ജനകീയസദസ്സ് സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ തെറ്റുതിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ജനകീയസദസ്സിനു ശേഷം മറ്റ് സമരരീതികളിലേക്ക് പോവാന്‍ കെപിസിസി നിര്‍ബന്ധിതമാവും. ക്വിറ്റ് ഇന്ത്യ ദിനം ക്വിറ്റ് കമ്മ്യൂണിസം എന്ന പേരിലായിരിക്കും ആചരിക്കുക. ഇതിന്റെ ഭാഗമായി കെപിസിസി ആസ്ഥാനത്തും ഡിസിസികളുടെ ആഭിമുഖ്യത്തിലും വര്‍ഗീയതയ്‌ക്കെതിരേ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day