|    Oct 19 Fri, 2018 11:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭവാനി പുഴയില്‍ ചെക്ക് ഡാം നിര്‍മാണം : തമിഴ്‌നാട് രാഷ്ട്രീയകക്ഷികള്‍ കേരള അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തി

Published : 30th January 2017 | Posted By: fsq

 

അട്ടപ്പാടി: ഭവാനിപുഴയില്‍ നിര്‍മിക്കുന്ന ചെക്ക്ഡാം നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഡിഎംകെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 15ഓളം രാഷ്ട്രീയ കക്ഷികള്‍ കേരള അതിര്‍ത്തിയായ ആനക്കട്ടിയിലേക്കു പ്രതിഷേധമാര്‍ച്ച് നടത്തി.പുതൂര്‍ പഞ്ചായത്തിലെ തേക്കുവട്ടയിലാണ് ചെക്ക്ഡാം നിര്‍മിക്കുന്നത്. കേവലം അഞ്ച് അടി മാത്രം ഉയരമുള്ള ചെക്ക് ഡാമാണ് ഇവിടെ നിര്‍മിക്കുന്നതെന്ന് മൈനര്‍ ഇറിഗേഷന്‍ വിഭാഗം അറിയിച്ചു.അട്ടപ്പാടിയിലെ ജനങ്ങള്‍ പ്രധാനമായ കുടിവെള്ളത്തിനും കാര്‍ഷിക ആവശ്യത്തിനും വേണ്ടി ആശ്രയിക്കുന്നതു ഭവാനിപുഴയെയാണ്. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ ഭാവാനി പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതുകൊണ്ടാണ് ചെക്ക് ഡാം നിര്‍മിക്കേണ്ട അവസ്ഥയില്‍ കേരളം നിര്‍ബന്ധിതമായതെന്നും അവര്‍ അറിയിച്ചു. ഭവാനി പുഴയിലെ ഇരു കരകളിലുമുള്ള കര്‍ഷകരുടെയും ഊരുകളിലേക്കു വെള്ളത്തിന്റെ ആവശ്യത്തിനായി നിര്‍മിക്കുന്ന മിനി ചെക്ക് ഡാം നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ് രാഷ്ട്രീയകക്ഷികള്‍ മാര്‍ച്ച് നടത്തിയത്. ദ്രാവിഡ മുന്നേറ്റ കഴകം, തന്തയ് പെരിയോര്‍ ദ്രാവിഡ കഴകം, മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, വിടുതലൈ ചിരുത്തൈ, തമിഴ് മാനില കോണ്‍ഗ്രസ് എന്നീ രാഷ്ട്രീയ കക്ഷികള്‍ ചേര്‍ന്നാണു സമരപരിപാടികള്‍ക്കു നേതൃത്വംനല്‍കിയത്. തമിഴ്‌നാട്ടില്‍ നിന്നു ലഭിക്കുന്ന ഭക്ഷ്യവസ്തുകള്‍ കേരളത്തിലേക്കു വിട്ടുനല്‍കില്ലെന്നും സമരം നടത്തിയവര്‍ പറഞ്ഞു. ഇതുസംബന്ധിച്ചു കേരള മുഖ്യമന്ത്രിയെ കാണാനും കാര്യങ്ങള്‍ അവതരിപ്പിക്കാനും അനുവാദം വാങ്ങിയതായും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടും വിവരം ധരിപ്പിക്കും. അട്ടപ്പാടിയില്‍ നിര്‍മിക്കുന്ന തടയണകള്‍ മുഴുവന്‍ നിര്‍ത്തിവയ്ക്കണമെന്നും സമരക്കാര്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡിഎംകെ നേതാവ് രാമകൃഷ്ണനാണു സമരങ്ങള്‍ക്കു നേതൃത്വംനല്‍കിയത്. തമിഴ്‌നാട് പോലിസ് കനത്ത കാവലാണ് ആനക്കട്ടിയില്‍ ഏര്‍പ്പെടുത്തിയത്. കോയമ്പത്തൂര്‍ എസ്പി ആര്‍ വി രമ്യ ഭാരതിയുടെ നേതൃത്വത്തിലാണ് പോലിസ് കാവല്‍ തീര്‍ത്തത്. സമരക്കാരെ പിന്നീടു തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്തു നീക്കി. അതിര്‍ത്തിയില്‍ അട്ടപ്പാടി ഡിവൈഎസ്പി സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ അഗളി സിഐ പി എം സിദ്ദീഖ്, അഗളി-ഷോളയൂര്‍ എസ്‌ഐമാര്‍ അടക്കം കനത്ത പോലിസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss